May 2, 2024

വയനാട്ടിൽ ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം.: വെള്ളിയാഴ്ച റെഡ് അലർട്ട്.

0
കാലവര്‍ഷക്കെടുതി;
ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.വയനാട് 

ജില്ലയില്‍ മഴയുടെ തീവ്രത കൂടിയതോടെ അപകട ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍നിന്നും ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ജീവന്‍ രക്ഷിക്കാന്‍ പ്രഥമ പരിഗണന നല്‍കാന്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ നിര്‍ദേശം നല്കി. കഴിഞ്ഞ വര്‍ഷത്തെ അനുഭവങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇതിനായി വിവിധ വകുപ്പുതല ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. മഴക്കെടുതി നേരിടാനുള്ള എല്ലാ മുന്‍കരുതല്‍ നിര്‍ദേശങ്ങളും പൊതുജനങ്ങളില്‍ എത്തിക്കാന്‍ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

കബനി നദിയുടെ തീരങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മണ്ണു സംരക്ഷണ വകുപ്പ് ഓഫീസര്‍ പി.യു ദാസ് അറിയിച്ചു. തുടര്‍ച്ചയായി പെയ്യുന്ന അതിതീവ്ര മഴ കബനിയില്‍ നീരൊഴുക്കു കൂടാന്‍ കാരണമായിട്ടുണ്ട്. രണ്ടു മണിക്കൂറിനുള്ളില്‍ നാലു സെന്റി മീറ്റര്‍ മഴ പൊഴുതനയില്‍ മാത്രം വ്യാഴാഴ്ച ലഭിച്ചു. തുടര്‍ച്ചയായ മഴയില്‍ മണ്ണു കുതിര്‍ന്നതിനാല്‍ മണ്ണ് ഇടിഞ്ഞു താഴ്ന്നതിനും സാധ്യത കൂടുതലാണെന്നും ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഇത്തരം പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി തുടങ്ങി. 

എല്ലാ അവശ്യവകുപ്പുകളും പരാതി പരിഹാരത്തിനായി പ്രത്യേകം സംവിധാനം ഒരുക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഇടപ്പെടുന്നവര്‍ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കണം. കണ്ണൂരില്‍ നിന്നും 60 പേരടങ്ങുന്ന ഡിഫന്‍സ് സെക്യൂരിട്ടി കോപ്‌സ് വ്യാഴാഴ്ച്ച വൈകിട്ടോടെ ജില്ലയിലെത്തി. രാത്രിയോടെ ഒരു കമ്പനി ദേശിയ ദുരന്ത നിവാരണ സേനയും ജില്ലയിലെത്തും. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം കെ. അജീഷ്, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.      

ഖനനവും മണ്ണെടുപ്പും നിരോധിച്ചു
ജില്ലയില്‍ മഴ ശക്തമായ പശ്ചാത്തലത്തില്‍ എല്ലാവിധ ഖനനവും മെഷീന്‍ ഉപയോഗിച്ചുള്ള മണ്ണെടുപ്പും കര്‍ശനമായി നിരോധിച്ചു കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. 
 
ജില്ലയില്‍ ഇന്ന് 'റെഡ്' അലേര്‍ട്ട്

കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ ഇന്ന് 'റെഡ്' അലേര്‍ട്ട് പ്രഖ്യാപിച്ചു. വയനാടിനെ കൂടാതെ ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും 'റെഡ്' അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ 24 മണിക്കൂറില്‍ 204 മില്ലിമീറ്ററില്‍ കൂടുതല്‍ മഴയ്ക്കുള്ള സാധ്യതയാണുള്ളത്.  ആഗസ്റ്റ് 10ന് വയനാട്, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്  ജില്ലകളില്‍ 'ഓറഞ്ച്' അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് 11,12 തീയതികളില്‍ വയനാട് ജില്ലയില്‍ മഞ്ഞ അലര്‍ട്ടാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവസ്ഥ പ്രവചനങ്ങള്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലെര്‍ട്ടുകളിലും മാറ്റം വരാന്‍ സാധ്യതയുണ്ട്.

പാലിക്കേണ്ട പൊതു നിര്‍ദേശങ്ങള്‍ 

– ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക
– മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാനന്‍ സാധ്യതയുണ്ട് എന്നതിനാലല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങളള്‍  നിര്‍ത്തരുത്.
– മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.
– സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ ഒരു കാരണവശാലും പ്രചരിപ്പിക്കരുത്
– ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്
– പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കല്‍ ഒഴിവാക്കുക.
– പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. പ്രത്യേകിച്ച് കുട്ടികള്‍ ഇറങ്ങുന്നില്ല എന്ന് മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണം. നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *