തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് :സ്ഥാനാര്‍ത്ഥികള്‍ക്കായി ചുമരുകളൊരുങ്ങുന്നു

മാനന്തവാടി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ത്ഥികള്‍ക്കായി ചുമരുകള്‍ ഒരുങ്ങുന്നു. ഇലക്ഷന്‍ കമ്മീഷന്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിലെങ്കിലും അടുത്ത മാസത്തോടു കൂടി തെരഞ്ഞെടുപ്പ് നടക്കുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.അതിനാല്‍ തന്നെ പ്രചരണത്തിനായി ചുമരുകള്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനവും തുടങ്ങി.ആദ്യഘട്ടത്തില്‍ മാനന്തവാടി നഗരസഭാ പരിധിയിലെ കണിയാരമുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ആദ്യം ചുമരുകളൊരുക്കിയത് സിപിഐ(എം) പ്രവര്‍ത്തകരാണ്. ഇടക്കിടെ പെയ്യുന്ന മഴ ഇത്തരം പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങ് തടിയാവുന്നുണ്ടെങ്കിലും പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് കഴിഞ്ഞമാസം അവസാനത്തോടെ പൂര്‍ത്തിയായിരുന്നു. ഇനി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടു കൂടി പ്രചരണ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമാക്കും. തെരഞ്ഞെടുപ്പ് അടുത്തതോടെ ചുമരെഴുത്ത് കലാകാരന്‍മാരും വലിയ പ്രതീക്ഷയിലാണ്. കോവിഡിന്റെ പ്രതിസന്ധി ഘട്ടമായതിനാല്‍ തന്നെ ബാനര്‍, ചുമരെഴുത്ത് കലാകാന്‍മാര്‍ വലിയ പ്രതിസന്ധിയിലായിരുന്നു.നിത്യവൃത്തിക്ക് കൂലിപണിയുള്‍പ്പെടെയുള്ളവക്ക് പോകുകയായിരുന്നു പലരും. ഫ്‌ളക്‌സ് നിരോധനവും, തെരഞ്ഞെടുപ്പ് അടുത്തതും ഇത്തരം കലാകാരന്‍മാര്‍ക്ക് പ്രതീക്ഷ നല്‍കിയിട്ടുണ്ട്. സാധാരണ ഗതിയില്‍ സെപ്തംബര്‍-ഒക്ടോബര്‍ മാസം നടക്കേണ്ട തെരഞ്ഞെടുപ്പ് കോവിഡിന്റെ പശ്ചാത്തലത്തില്‍ നീളുകയായിരുന്നു.



Leave a Reply