ജില്ലയിൽ സ്പോർട്സ് അക്കാദമി യാഥാർഥ്യമാകും;എം വി ശ്രേയാംസ് കുമാർ


Ad

കൽപ്പറ്റ:വയനാട് ജില്ലയിൽ കൽപ്പറ്റ സ്റ്റേഡിയത്തോട് ചേർന്ന് സ്പോർട്സ് അക്കാദമി യാഥാർത്ഥ്യമാക്കാൻ പദ്ധതി തയ്യാറാക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി സ്ഥാനാർഥി എം വി ശ്രേയാംസ്കുമാർ. ജില്ലയിലെ കായികതാരങ്ങൾ, പരിശീലകർ,കായിക സംഘാടകർ തുടങ്ങിയവരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം ആവശ്യമായ സൗകര്യങ്ങളില്ലാതെ തന്നെ വയനാട്ടിലെ താരങ്ങള്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ഏറെ നേട്ടമുണ്ടാക്കുന്നുണ്ട്. കഴിവുള്ള അത്തരം താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ തയാറാക്കണം. വയനാട്ടില്‍ നിന്ന് ഒളിംപ്യന്‍മാരെയും ദേശീയ താരങ്ങളെയും സൃഷ്ടിക്കാനാവണം. അതിനായി വിവിധ കായികഇനങ്ങള്‍ക്കായി പദ്ധതി തയാറാക്കി മികച്ച പരിശീലനം നല്‍കാനാവണം. ഇതിന്റെ ഏകോപനത്തിന് സ്ഥിരം സംവിധാനം വേണമെന്നും അദ്ദേഹം പറഞ്ഞു.

വയനാടന്‍ കായികമേഖലയിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും പങ്കുവെച്ച സംവാദം ജില്ലയിലെ കായികമേഖലയുടെ കുതിച്ചുചാട്ടമെന്ന സ്വപ്‌നത്തിനാണ് അടിത്തറയിട്ടത്. ക്രിക്കറ്റ്, ഫുട്‌ബോള്‍, സോഫ്റ്റ്‌ബോള്‍, സെപക് താക്രോ, റോളര്‍ സ്‌കേറ്റിങ്ങ്, അത്‌ലറ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ നിന്നെല്ലാം താരങ്ങളും പരിശീലകരും സംഘാടകരും സംവാദത്തിനെത്തിയിരുന്നു. ക്രിക്കറ്റ് താരങ്ങളെ സര്‍ക്കാര്‍ ജോലിക്കായി പരിഗണിക്കുന്നില്ലെന്നതായിരുന്നു ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് എ ടീം താരമായ സജന സജീവന്റെ പരാതി. പരിശീലകരില്ലാത്തതിന്റെ പ്രശ്‌നമാണ് നെറ്റ് ബോള്‍ താരമായ നന്ദന സുരേന്ദ്രന് പങ്കുവെക്കാനുണ്ടായിരുന്നത്. ഇതു തന്നെയായിരുന്നു ഷൂട്ടിങ്ങ് താരം എലേന ദീപ്തി അനിലിന്റെയും പരാതി. സോഫ്റ്റ് ബോളില്‍ താരങ്ങളേറെയുണ്ടെങ്കിലും സൗകര്യങ്ങളും പിന്തുണയും കിട്ടാത്തത് തന്റെ അനുഭവത്തിലൂടെ അന്തര്‍ദേശീയ താരം ആര്‍. വിനീത് പങ്കുവെച്ചു. കാനഡയില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ പോകാന്‍ ബുദ്ധിമുട്ടിയതിന്റെ അനുഭവവും വിനീത് വിവരിച്ചു. പരിശീലീക്കാന്‍ സൗകര്യങ്ങളും പരിശീലകരുമില്ലാത്തതിനാല്‍ താരങ്ങള്‍ മറ്റുജില്ലകളിലേക്ക് ചേക്കേറുന്ന കാര്യമാണ് അത്‌ലറ്റ് ടി.എസ്. മനുവിന് പറയാനുണ്ടായിരുന്നത്. കല്‍പ്പറ്റ ബൈപ്പാസില്‍ ഒരു സൈക്ലിങ്ങ് ട്രാക്ക് വേണമെന്നായിരുന്നു അര്‍ജുന്‍ തോമസിന്റെ ആവശ്യം. വനിതാ താരങ്ങള്‍ക്ക് പരിശീലിക്കാന്‍ സൗകര്യമില്ലെന്നതായിരുന്നു വനിതാ ഫുട്‌ബോള്‍ കോച്ച് പി.ജി. ജീനയുടെ പരാതി.

ജില്ലയിലെ ഗോത്രമേഖലയിലെ വിദ്യാര്‍ഥികളുടെ കായികപരമായ കഴിവിനെ ഉപയോഗപ്പെടുത്തണമെന്ന് സംവാദം അഭിപ്രായപ്പെട്ടു. രാഷ്ട്രീയംനോക്കാതെ കായികമേഖലയില്‍ താത്പര്യമുള്ളവരെ ജനപ്രതിനിധികളായി കണ്ടെത്തണമെന്നായിരുന്നു ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ കോച്ച് എജ്യുക്കേറ്റര്‍ ഷഫീഖ് ഹസ്സന്റെ അഭിപ്രായം. സമാനമായ അഭിപ്രായം പങ്കുവെച്ച പരിശീലക കെ.പി. വിജയി അത്‌ലറ്റുകള്‍ക്കായി ഹൈ ആള്‍ട്ടിറ്റിയൂഡ് പരിശീലന കേന്ദ്രം വേണമെന്നും ആവശ്യപ്പെട്ടു. വയനാടിന്റെ കായിക സ്വപ്‌നങ്ങള്‍ക്ക് ചിറകേകാന്‍ കൂടെയുണ്ടാവുമെന്ന ശ്രേയാംസ് കുമാറിന്റെ ഉറപ്പില്‍ താരങ്ങളും പരിശീലകരും സംഘാടകരും ആവേശത്തോടെ പിന്തുണ പ്രഖ്യാപിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു മോഡറേറ്ററായിരുന്നു. കെ.സി.എ. സെക്രട്ടറി നാസര്‍ മച്ചാന്‍, ജാഫര്‍ സേഠ്, ലൂക്കാ ഫ്രാന്‍സിസ്, നന്ദന സുരേന്ദ്രന്‍, സലീം കടവന്‍, കെ. ശോഭ, കെ.വി. സജി, പ്രാര്‍ഥന ജിഷാന്ത്, കെ.സി. ജംഷാദ്, പി.കെ. അയൂബ്, എന്‍.സി. സാജിദ്, മിഥുന്‍ വര്‍ഗീസ്, രാജേഷ് കുമാര്‍, ജസ്റ്റിന്‍ ഫെര്‍ണാണ്ടസ്, തുടങ്ങിയവര്‍ സംസാരിച്ചു. സംവാദം മികച്ച അനുഭവമായിരുന്നുവെന്നും കായിക രംഗത്ത് ശ്രേയാംസ് കുമാറിന്റെ ഇടപെടല്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്നതാണെന്നും സംവാദശേഷം ഇന്ത്യന്‍ താരം സജന സജീവന്‍ പറഞ്ഞു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *