April 27, 2024

സര്‍വ്വ സജ്ജമായി കലക്ടറേറ്റിലെ ഓക്‌സിജന്‍ വാര്‍ റൂം

0
*സര്‍വ്വ സജ്ജമായി കലക്ടറേറ്റിലെ ഓക്‌സിജന്‍ വാര്‍ റൂം;*

*24 മണിക്കൂറും നിരീക്ഷണ സംവിധാനം*
കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് ഉറപ്പു വരുത്തുന്നതിനും ഓക്‌സിജന്‍ വിതരണം ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി മുഴുസമയ സജ്ജമായി കലക്ടറേറ്റില്‍ ഓക്‌സിജന്‍ വാര്‍ റൂം. ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കലക്ടറുടെ ചേംബറിനോടു ചേര്‍ന്നുള്ള മിനി കോണ്‍ഫ്രന്‍സ് ഹാളിലാണ് 24 മണിക്കൂറും വാര്‍ റൂം പ്രവര്‍ത്തിച്ചു വരുന്നത്. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി. ജനില്‍ കുമാറിനാണ് ഏകോപന ചുമതല.
ജില്ലയിലെ കിടത്തി ചികിത്സാ സൗകര്യമുള്ള സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളിലെ ഓക്സിജന്‍ മാനേജ്മെന്റാണ് വാര്‍ റൂം വഴി നിയന്ത്രിക്കുന്നത്. ആശുപത്രികളില്‍ ഓരോ ദിവസവും വേണ്ടി വരുന്ന ഓക്സിജന്റെ അളവ് വാര്‍ റൂം വഴി ശേഖരിക്കും. കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ അഞ്ച് ഏജന്‍സികളില്‍ നിന്നായി ആവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാര്‍ റൂം മുഖേന എത്തിക്കും. ആശുപത്രികളില്‍ അമിതമായി ഓക്സിജന്‍ സ്റ്റോക് ചെയ്യുന്നുണ്ടോ എന്നും വാര്‍ റൂം പരിശോധിക്കുന്നുണ്ട്. ഏത് അടിയന്തിര സാഹചര്യത്തിലും ഓക്സിജന്‍ ലഭ്യമാകുന്നതിനായി ആശുപത്രികള്‍ക്ക് 'ക്രിറ്റിക്കല്‍ ഡിമാന്‍ഡ്' അടിയന്തിര സഹായ സംവിധാനത്തിലൂടെ ഓക്സിജന്‍ ലഭ്യമാക്കാനും വാര്‍ റൂം വഴി സാധിക്കും. ഇതിനായി അടിയന്തര ഘട്ടങ്ങളില്‍ സംസ്ഥാനതല വാര്‍ റൂമില്‍ ബന്ധപ്പെട്ട് ജില്ലാതല വാര്‍ റൂം ഏകോപനം നിര്‍വഹിക്കും. ഓക്‌സിജന്‍ ഉപയോഗത്തിന്റെ സ്ഥിതി വിവരം തത്സമയം നിരീക്ഷിക്കുന്നതിന് സ്‌ക്രീന്‍ ഉള്‍പ്പെടെ വാര്‍ റൂമില്‍ സജ്ജീകരിച്ചിട്ടുണ്ട്. 
നിലവില്‍ മാനന്താവാടി ജില്ലാ ആശുപത്രി, മേപ്പാടി ഡി.എം. വിംസ്, ബത്തേരി താലൂക്ക് ആശുപത്രി, ഇഖ്‌റാ, വിനായക, കല്‍പ്പറ്റ ഫാത്തിമ, ലിയോ, അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍സ് എന്നീ ആശുപത്രികള്‍ക്കാണ് ഓക്‌സിജന്‍ വിതരണം ചെയ്യുന്നത്. ഡി.എം. വിംസിലേക്ക് ദ്രവ ഓക്‌സിജനും മറ്റ് ആശുപത്രികളിലേക്ക് സിലിണ്ടറുകളുമാണ് എത്തിക്കുന്നത്.
നിലവില്‍ ദിനേന 260 ഓളം ബള്‍ക്ക് സിലിണ്ടറുകളും 220 ഓളം ചെറിയ സിലിണ്ടറുകളുമാണ് ആവശ്യം വരുന്നത്. ജില്ലയില്‍ 648 ബള്‍ക്ക് സിലിണ്ടറുകള്‍ ഇപ്പോള്‍ ലഭ്യമാണ്. കെ.എം.എസ്.എലില്‍ നിന്ന് 50 സിലിണ്ടര്‍ കൂടി ഉടനെ എത്തും. ജില്ലയിലെ മൂന്ന് സ്ഥാപനങ്ങളില്‍ നിന്ന് വ്യാവസായിക ആവശ്യത്തിനുള്ള സിലിണ്ടറുകള്‍ ശേഖരിച്ച് മെഡിക്കല്‍ ഓക്‌സിജന്‍ സിലിണ്ടറുകളായി മാറ്റംവരുത്തി
ഉപയോഗിക്കുന്നുണ്ട്. 119 സിലണ്ടറുകളാണ് ഇതുവരെ മെഡിക്കല്‍ ഓക്‌സിജന്‍ സിലിണ്ടറുകളാക്ക്ി മാറ്റിയത്. 29 എണ്ണം കൂടി ഉടന്‍ മാറ്റാന്‍ നടപടിയായിട്ടുണ്ട്. 200 ലധികം ബള്‍ക്ക് സിലിണ്ടറുകളില്‍ ഇപ്പോള്‍ ജില്ലയില്‍ ഓക്‌സിജന്‍ സ്‌റ്റോക്കുണ്ട്. ഓരോ ദിവസവും ആവശ്യമായ ലോഡ് എത്തിക്കൊണ്ടിരിക്കുന്നു. ഡി.എം. വിംസില്‍ 5.97 മെട്രിക് ടണ്‍ ദ്രവ ഓക്‌സിജനും സ്‌റ്റോക്കുണ്ട്.
റവന്യൂ, ആരോഗ്യം, വ്യവസായം, മോട്ടോര്‍ വാഹനം എന്നീ വകുപ്പുകളാണ് വാര്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ബന്ധപ്പെടാവുന്ന നമ്പറുകള്‍: 04936 204544, 9526831678, 9778081053.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *