ജില്ലയിലെങ്ങും വന്യമൃഗ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് പ്രത്യക്ഷ സമരത്തിനൊരുങ്ങി വയനാട് കര്‍ഷക കൂട്ടായ്മ

കല്‍പ്പറ്റ: ജില്ലയിലെങ്ങും വന്യമൃഗ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് പ്രത്യക്ഷ സമരത്തിനൊരുങ്ങി വയനാട് കര്‍ഷക കൂട്ടായ്മ. കാടും നാടും വേര്‍തിരിക്കുക, അധ്വാനിച്ചു ജീവിക്കാന്‍ കര്‍ഷകരെ അനുവദിക്കുക, കൃഷിയിടത്തിലിറങ്ങുന്ന പന്നിയെ വെടിവെച്ച് കൊല്ലാനുള്ള നടപടി വനംവകുപ്പ് പ്രാവര്‍ത്തികമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രാദേശിക ഗ്രൂപ്പ് ലീഡര്‍മാര്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് കലക്ടറേറ്റിന് മുന്നില്‍ ഏകദിന സത്യഗ്രഹ സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സത്യഗ്രഹ സമരം, 2017ല്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ഇടത് കാല്‍ നഷ്ടപ്പെട്ട അമ്മാനി തമ്പി ഉദ്ഘാടനം ചെയ്യും. വനംവകുപ്പില്‍ വിവിധ പരിശീലനം നേടിയ സ്ഥിര-താല്ക്കാലിക ജീവനക്കാരുള്ളപ്പോള്‍ പകലന്തിയോളം പണിയെടുത്ത കര്‍ഷകര്‍ രാത്രിയില്‍ ഉറക്കമില്ലാതെ പന്നിയെ വെടിവെച്ച് കൊന്ന് കൃഷിയെ സംരക്ഷിക്കുക എന്നത് അശാസ്ത്രീയമാണെന്നും തോക്ക് ലൈസന്‍സ് എടുക്കുക, ഉപയോഗിക്കാന്‍ പരിശീലനം നേടുക എന്നതും കര്‍ഷകരെ സംബന്ധിച്ച് ബുദ്ധിമുട്ടാണെന്നും അവര്‍ പറഞ്ഞു. കാര്‍ഷിക പ്രശ്‌നങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന സമരം തികച്ചും പ്രഹസനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മാസങ്ങളോളം നീണ്ട കര്‍ഷകരുടെ അധ്വാനത്തിന്റെ ഫലമാണ് ഒരു നിമിഷ നേരം കൊണ്ട് പന്നിയും കുരങ്ങും മാനും ആനയും മയിലും കാട്ടാടും നശിപ്പിക്കുന്നത്. നിരവധി മനുഷ്യജീവന്‍ വന്യമൃഗങ്ങള്‍ അപഹരിച്ചു. നൂറുകണക്കിന് വളര്‍ത്തു മൃഗങ്ങളുടെയും ജീവനെടുത്തു. ഈ പ്രതിസന്ധി തുടരുന്നതില്‍ പ്രതിഷേധിച്ചാണ് കര്‍ഷക കൂട്ടായ്മയുടെ പ്രാദേശിക ഗ്രൂപ്പ് ലീഡര്‍മാരും കര്‍ഷകരും സമരം നടത്താന്‍ തീരുമാനിച്ചതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത പ്രസിഡന്റ് ഇ പി ഫിലിപ്പ് കുട്ടി, ജനറല്‍ സെക്രട്ടറി ടി യു ബാബു, പ്രദേശിക ഗ്രൂപ്പ് ലീഡര്‍മാരായ ഷിജു സെബാസ്റ്റ്യന്‍, സുലേഖ രാജന്‍, വിപിന്‍ ചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ അറിയിച്ചു.



Leave a Reply