May 3, 2024

കാലവര്‍ഷത്തിനിടെ വയനാട്ടില്‍ 10 അപകട മരണങ്ങള്‍

0
കാലവര്‍ഷത്തിനിടെ വയനാട്ടില്‍ 10 അപകട മരണങ്ങള്‍
കല്‍പ്പറ്റ: കാലവര്‍ഷത്തിനിടെ വയനാട്ടില്‍ 10 അപകട മരണങ്ങള്‍. ഉരുള്‍പൊട്ടിയും മണ്ണും ചുമരും ഇടിഞ്ഞും ഒഴുക്കില്‍പ്പെട്ടും കിണറ്റില്‍ വീണുമാണ് ഇത്രയും പേരുടെ വിയോഗം. വെണ്ണിയോടു പുഴയില്‍ ജീവനൊടുക്കിയ നാലംഗ കുടുംബത്തെക്കൂടി ഉള്‍പ്പെടുത്തിയാല്‍ മരിച്ചവരുടെ എണ്ണം 14 ആകും.
ഓഗസ്റ്റ് നാലിനു രാത്രിയാണ് വെണ്ണിയോട് പുഴയില്‍ ചുണ്ടേല്‍ ആനപ്പാറ കല്ലുരുട്ടിപ്പറമ്പില്‍ നാരായണന്‍കുട്ടി(45), ഭാര്യ ശ്രീജ(40), മകള്‍ സൂര്യ(11), മകന്‍ സായൂജ്(9) എന്നിവര്‍ മരിച്ചത്. നാരായണന്‍കുട്ടിയും ഭാര്യയും കുട്ടികള്‍ക്കൊപ്പം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പുഴക്കരയിലുണ്ടായിരുന്നു വാനിറ്റി ബാഗില്‍നിന്നു  ലഭിച്ച കുറിപ്പ് വ്യക്തമാക്കുന്നത്. സായൂജിന്റെ മൃതദേഹം കുടുംബം പുഴയില്‍ ഇറങ്ങിയതെന്നു കരുതുന്ന വെണ്ണിയോട് പുഴക്കടവില്‍നിന്നു 13 കിലോമീറ്റര്‍ മാറി വിളമ്പുകണ്ടം കഴുക്കലോടി ബദിരൂര്‍ കയത്തില്‍ 23നു രാവിലെയാണ് കണ്ടെത്തിയത്. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ നേരത്തേ കണ്ടെടുത്തിരുന്നു. 
മണ്ണിടിഞ്ഞു രണ്ടു മരണങ്ങളാണ് ജില്ലയിലുണ്ടായത്. ഓഗസ്റ്റ് എട്ടിനു രാത്രി വൈത്തിരിയില്‍ മണ്ണിടിഞ്ഞു തൊളിയത്തറ ജോര്‍ജിന്റെ ഭാര്യ ലില്ലിയും(65), ഒമ്പതിനു ഉച്ചയോടെ കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ഇടിഞ്ഞ മണ്ണില്‍ പുതഞ്ഞ് മൂപ്പേനാട് വാറന്‍കോടന്‍ ഷൗക്കത്തലിയും(35)മരിച്ചു. ഉരുള്‍പൊട്ടലില്‍  രണ്ടു മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. ഒമ്പതിനു പുലര്‍ച്ചെ മാനന്തവാടി മക്കിമലയിലായിരുന്നവു  ഉരുള്‍പൊട്ടല്‍. മംഗലശേരി റസാഖ്(40), ഭാര്യ സീനത്ത്(37) എന്നിവരാണ് മരിച്ചത്.  
ചുമര്‍ ഇടിഞ്ഞു ബത്തേരി കുപ്പാടി മൂന്നാം മൈല്‍ ലക്ഷംവീട് കോളനിയിലെ  ജലജാമന്ദിരത്തില്‍ മോഹനന്‍ പിള്ളയുടെ ഭാര്യ രാജമ്മയാണ്(58)മരിച്ചത്. 12നു രാവിലെയായിരുന്നു ഈ സംഭവം. കെട്ടഴിഞ്ഞ പശുക്കിടാവിന്റെ പിന്നാലെ പോകുന്നതിനിടെയാണ് അയല്‍വാസിയുടെ വീടിന്റെ ചുമര്‍ ഇടിഞ്ഞ് രാജമ്മയുടെ ദേഹത്തുവീണത്. 
ഒഴുക്കില്‍പ്പെട്ടും കിണറില്‍ വീണുമാണ് മറ്റു മരണങ്ങള്‍. 14നു തലപ്പുഴ കമ്പിപ്പാലത്ത് പുഴയില്‍പ്പെട്ട്  ദ്വാരക പോളിടെക്‌നിക് കോളജ് വിദ്യാര്‍ഥി ലിജിന്‍ പോള്‍(22) മരിച്ചു. കമ്പിപ്പാലത്തിനു രണ്ടു കിലോമീറ്റര്‍ മാറി നാല്‍പ്പത്തിയാറാംമൈലില്‍ പുഴക്കരയില്‍ 18നു വൈകുന്നേരം അഞ്ചോടെയാണ് ലിജിന്റെ മൃതദേഹം കണ്ടെത്തിയത്. തലപ്പുഴ ഗവ.യുപി സ്‌കൂള്‍ അധ്യാപകന്‍ ജിജി എസ്. പോളിന്റെയും തലപ്പുഴ പാരിസണ്‍ തേയിലത്തോട്ടം ആശുപത്രി നഴ്‌സ് ലിസിയുടെയും മകനാണ് ലിജിന്‍. 
16നു ബത്തേരി പഴുപ്പത്തൂര്‍ കൈവെട്ടമൂല സിപിക്കുന്നു ആന്റിയാംപറമ്പില്‍ രാജന്‍(65)കിണറ്റില്‍ വീണുമരിച്ചു. രാത്രി വീടിനു സമീപം പൊതുകിണറിലാണ്  വീണത്. 24നു  നിരവില്‍പുഴയിലെ വ്യാപാരി  കണികുളത്ത് സ്റ്റീഫന്റെ ഭാര്യ സാലി(48) കിണറ്റില്‍ വീണു മരിച്ചു. അന്നുച്ചകഴിഞ്ഞു  മൂന്നോടെ കടയില്‍നിന്നു വീട്ടിലെത്തിയ സ്റ്റീഫന്‍ വിളിച്ചിട്ടും കാണാത്തതിനെത്തുടര്‍ന്നു അന്വേഷിച്ചപ്പോഴാണ് കിണറ്റില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ സാലിയെ കണ്ടത്. 
തിരുവോണദിവസം കോറോത്ത് ചക്കാലക്കൊല്ലി കോളനിയിലെ ശശിയും(32), തലപ്പുഴ യവനാര്‍കുളത്ത് കാവുങ്ങല്‍ പണിയ കോളനിയിലെ രാജനും മരിച്ചു. കോറോം മുടവന്‍കൊടി പുഴയില്‍ ഒഴുക്കില്‍പ്പെട്ടായിരുന്നു ശശിയുടെ മരണം. രാജനെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *