May 2, 2024

സമഗ്ര പ്രളയ പുനരധിവാസ പദ്ധതിയുമായി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി

0
25.01

പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി സമഗ്ര പദ്ധതിയുമായി മാനന്തവാടി രൂപതയുടെ സാമൂഹ്യ വികസന പ്രസ്ഥാനമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി. കാരിത്താസ് ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ ഭവന റിപ്പയറിഗ്, ശൗചാലയ നിർമാണം, കിണർ നവീകരണം, നീരുറവകളുടെ സംരക്ഷണം, കോഴി വളർത്തൽ, ആട് വളർത്തൽ, ടൈലറിംഗ്, പച്ചക്കറി കൃഷി, കുരുമുളക് കൃഷി, കാപ്പി കൃഷി, തെങ്ങ് കൃഷി തുടങ്ങിയ പദ്ധതികൾ ആണ് അടുത്ത 6 മാസം കൊണ്ട് നടപ്പിലാക്കുക. കൂടാതെ കൃഷി- മൃഗ സംരക്ഷണ മേഖലകളിൽ വിദഗ്ദ്ധ പരിശീലനങ്ങളും നൽകും. 
വെള്ളപൊക്കം  ഉണ്ടായ പ്രദേശങ്ങളിൽ ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് അർഹരായ ഗുണഭോഗ്താക്കളെ കണ്ടെത്തുന്നത്. ഇതിന്റെ ഭാഗമായി പ്രാദേശിക തലങ്ങളിൽ ഗുണഭോഗ്താക്കളുടെ യോഗങ്ങൾ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത് പദ്ധതിയെ സംബന്ധിച്ചു വിശദീകരണം നൽകുന്നു. കൂടാതെ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ഗുണഭോക്‌തൃ  കമ്മറ്റികൾക്ക്‌  രൂപം നൽകും. തുടർന്ന് മുഴുവൻ കുടുംബങ്ങളിലും സന്ദർശനം നടത്തി പദ്ധതിക്ക് അർഹരാണോ എന്ന് പരിശോധിച്ച് ഗുണഭോഗ്താവിന്റെ താൽപര്യം കൂടി പരിഗണിച്ച് അനുയോജ്യമായ പദ്ധതി തെരഞ്ഞെടുക്കുന്നു. തിരുവനന്തപുരം നാഷണൽ കോളേജ്, അമ്പലത്തറയിലേ  ബി എസ്‌ ഡബ്ലിയൂ വിദ്യാർത്ഥികളാണ് സന്ദർശനത്തിനും നടത്തിപ്പിനും സഹായിക്കുന്നത്. പൂർണ്ണമായും   സുതാര്യമായ രീതിയിൽ അർഹരായ എല്ലാവരെയും പരിഗണിച്ചുകൊണ്ടുള്ള പദ്ധതി നിർവഹണമാണ് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നടപ്പിലാക്കുന്നത്. കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് 610 കുടുംബങ്ങൾക്കാണ് പ്രളയ പുനരധിവാസ പദ്ധതികൾ നൽകുന്നത്. ഇതിനു പുറമെ കാത്തോലിക് റിലീഫ് സർവീസ്, ഗുന്ഞ്ച് ഇന്ത്യ, യൂണിസെഫ് തുടങ്ങിയ ഏജൻസികളുമായി സഹകരിച്ച് വിവിധ പുനരധിവാസ പദ്ധതികൾ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നടപ്പിലാക്കിവരുന്നുണ്ട്. എടവക ഗ്രാമ പഞ്ചായത്തിലെ അഗ്രഹാരം -ചാമടി പൊയിൽ പ്രദേശത്തെ ഗുണഭോഗ്താക്കളുടെ യോഗം വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ.പോൾ കൂട്ടാലയുടെ അധ്യക്ഷതയിൽ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ ഉൽഘാടനം ചെയ്തു.  വാർഡ് മെമ്പർമാരായ കെ.ആർ. ജയ പ്രകാശ്, ഷൈനി ജോർജ്, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി അസ്സോസിയേറ്റ് ഡയറക്ടർ  ഫാ. ജിനോജ്‌ പാലത്തടത്തിൽ,പ്രോഗ്രാം ഓഫീസർ ജോസ്.പി.എ.എന്നിവർ സംസാരിച്ചു.   
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *