April 26, 2024

ജനവിധി തത്സമയ വിവരങ്ങള്‍ക്ക് ട്രെന്‍ഡ് ആപ്പുകള്‍

0


      ഒരു മാസത്തെ കാത്തിരിപ്പിനു വിരാമം. ജനവിധി ഇന്നറിയാം. രാവിലെ എട്ടിനു തുടങ്ങുന്ന വോട്ടെണ്ണല്‍ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ  ട്രെന്‍ഡ് ഓണ്‍ മെബൈല്‍ ആപ്ലിക്കേഷനില്‍ തത്സമയം ലഭ്യമാവും. ഇത് ആന്‍ഡ്രോയ്ഡ് ആപ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. https://keralapolls.nic.in/trend എന്ന വെബ്‌സൈറ്റിലും തല്‍സമയം ഫലങ്ങള്‍ ലഭിക്കും.വോട്ടെണ്ണല്‍ നടപടികളില്‍ സുതാര്യതയും സുരക്ഷയും  ഉറപ്പ് വരുത്തുന്നതിനുളള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ അറിയിച്ചു. വോട്ടെണ്ണലിന്റെ ഒരോ ഘട്ടത്തിലും ഫലം ജനങ്ങളിലേക്ക് തത്സമയം ലഭ്യമാകുന്നതിനുള്ള സാങ്കേതിക ഒരുക്കങ്ങളെല്ലാം പൂര്‍ണ്ണതോതില്‍ സജ്ജമാണ്. കൗണ്ടിങ് ഉദ്യോഗസ്ഥര്‍ക്കും അസിസ്റ്റന്റ് റിട്ടേണിങ് ഉദ്യോഗസ്ഥര്‍ക്കുമായി ഇതില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. രാവിലെ ഏഴരയ്ക്ക് സ്‌ട്രോങ് റൂമില്‍നിന്ന് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, തെരഞ്ഞെടുപ്പ് നിരീക്ഷകന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വോട്ടിങ് യന്ത്രങ്ങള്‍ അതത് വോട്ടെണ്ണല്‍ ഹാളിലേക്കു മാറ്റും. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ ചുമതലയുള്ള എ.ആര്‍.ഒമാരും ഉദ്യോഗസ്ഥരും രാവിലെ 6.30ന് തന്നെ കേന്ദ്രത്തില്‍ ഹാജരാകണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഓരോ മണ്ഡലത്തിലും രണ്ട് ടെക്‌നിക്കല്‍ സ്റ്റാഫിന് മാത്രമേ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. ഇവര്‍ക്ക് പ്രത്യേകം ഐഡി കാര്‍ഡുകള്‍ നല്‍കും. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമില്ല. ഇവര്‍ക്കായി പ്രത്യേകമായി ലാന്‍ഡ് ഫോണ്‍ സൗകര്യം ഒരുക്കും.വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ യാതൊരു ഇലക്ട്രോണിക് ഉപകരണങ്ങളും അനുവദിക്കില്ല.
     വോട്ടെണ്ണലിന് പ്രത്യേകമായി നല്‍കിയിട്ടുള്ള ഐ.ഡി കാര്‍ഡുള്ളവരെ മാത്രമേ അകത്തേക്ക് കടത്തിവിടുകയുള്ളൂ. കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍മാര്‍, ഇലക്ഷന്‍ കമ്മീഷന്‍ അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍, ഒബ്സര്‍വര്‍മാര്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥി/ഇലക്ഷന്‍ ഏജന്റ്/ കൗണ്ടിംഗ് ഏജന്റ് എന്നിവര്‍ക്ക് മാത്രമായിരിക്കും വോട്ടെണ്ണല്‍ ഹാളുകളില്‍ പ്രവേശനമുള്ളത്. ആഹ്ലാദ പ്രകടനങ്ങളും ആളുകള്‍ കൂട്ടം കൂടിനില്‍ക്കുന്നതും  കൗണ്ടിങ് കേന്ദ്രത്തിന്റെ ഗെയ്റ്റിന് പുറത്തു നിശ്ചിത അകലത്തില്‍ മാത്രമേ പാടുള്ളൂവെന്നും കളക്ടര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *