May 5, 2024

ജീവിതം ലഹരിയാക്കാൻ ജനമൈത്രി എക്സൈസ്

0
Img 20190623 Wa0337.jpg
മാനന്തവാടി:
ലഹരിമുക്തകേരളം എന്ന ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി രൂപീകരിക്കപ്പെട്ട വിമുക്തിമിഷൻ മാനന്തവാടിയിൽ സജീവമാകുകയാണ്
കഴിഞ്ഞ മൂന്ന് വർഷത്തിനിയിടയിൽ മാനന്തവാടി മണ്ഡലത്തിലെ മുക്കിലും മൂലയിലും വരെ ജനമൈത്രി എക്സൈസ് എത്തി, മദ്യത്തിനും മയക്ക് മരുന്നിനും അടിമപ്പെട്ടവർക്കിടയിലേക്ക്, ആ ലഹരി തകർത്ത കുടുംബങ്ങളിലേക്ക്.  വഴികാട്ടിയായി  അവരുടെയൊപ്പം എത്തിയത് ജനമൈത്രി എക്സൈസിലെ 2 വനിത ജീവനക്കാരടക്കം 13 ഓളം ഉദ്യോഗസ്ഥരായിരുന്നു.
            മദ്യത്തിന്റെയും മയക്ക് മരുന്നിന്റെയും അതിപ്രസരമുള്ള സ്ഥലങ്ങൾ കണ്ടെത്തുകയായിരുന്നു ആദ്യപടി, പൊതു വിഭാഗങ്ങൾക്കിടയിലും പ്രവർത്തനങ്ങൾ ഉണ്ടെങ്കിലും പ്രധാനമായും വിമുക്തി മിഷന്റെ പ്രവർത്തനം മാനന്തവാടി താലൂക്കിലെ ആദിവാസി മേഖലകളിൽ ആയിരുന്നു.
കോളനി സന്ദർശനങ്ങൾ
 മദ്യത്തിന്റെയും മയക്ക് മരുന്നിന്റെയും, പുകയില ഉൽപ്പന്നങ്ങളുടെയും ഉപയോഗത്തിനെതിരേ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിലും പ്രത്യേകിച്ച് ആദിവാസി വിഭാഗങ്ങളുടെ സാമൂഹ്യ മായ ഉന്നമനവുമാണ് ഇവർ ലക്ഷ്യം വച്ചത്.ഈ കാലയളവിനുള്ളിൽ തിരഞ്ഞെടുക്കപ്പെട്ട കോളനികളിൽ 1729 തവണകൾ ഇവർ സന്ദർശനം നടത്തി.
മാനന്തവാടി, തിരുനെല്ലി, എടവക എന്നിവിടങ്ങളിലെ ഓരോ കോളനികൾ പൂർണ്ണമായും ജനമൈത്രി എക്സൈസ് ഏറ്റെടുക്കുന്ന സാഹചര്യവുമുണ്ടായി. ഏറ്റെടുക്കുന്ന കോളനികളുടെ ജീവിത നിലവാരമുയർത്തുവാൻ വേണ്ട പ്രവർത്തനങ്ങളാണ് മുഖ്യമായും നടത്തിയത്.
കോളനികളിലെ യുവാക്കളെയും വിദ്യാർത്ഥികളെയും സംഘടിപ്പിച്ച് കൊണ്ട് രണ്ട് കോളനികളിൽ ക്ലബ്ബുകൾ രൂപീകരിച്ചു. ഇവിടെയുള്ള ആളുകളുടെ സർഗാത്മകത ഉണർത്തുവാനുതകുന്ന ക്ലാസുകൾ സംഘടിപ്പിച്ചു.തിരുനെല്ലി പഞ്ചായത്തിലെ ഇരുമ്പുപാലം ബേഗൂർ കോളനികളിൽ ലൈബ്രറി സ്ഥാപിക്കുവാൻ ലൈബ്രറി കൗൺസിലും കൈകോർത്തു.
ലഹരി വിരുദ്ധ ക്ലബ്ബുകൾ
ലഹരിക്കടിമപ്പെടുന്നത് പ്രധാനമായും വിദ്യാർത്ഥികളും യുവാക്കളുമാണെന്ന കണക്കുകളാണ്
വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവത്കരണപ്രവര്‍ത്തനങ്ങള്‍  ശക്തിപ്പെടുത്താൻ തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി സ്കൂളുകളിലും കോളേജുകളിലും  പ്രവര്‍ത്തിച്ചുവരുന്ന ലഹരി വിരുദ്ധക്ലബ്ബുകള്‍ കൂടുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിച്ചു.. നിലവില്‍ സ്കൂള്‍ തലത്തില്‍ 118 ക്ലാസുകളും കോളേജ് തലത്തില്‍ 22 ക്ലാസ്സുകളും സംഘടിപ്പിച്ചു.  
വിദ്യാര്‍ഥികളെ ലഹരിവസ്തുക്കളുടെ പിടിയില്‍പെടാതെ സംരക്ഷിക്കുകയാണ് ലഹരിവിരുദ്ധക്ലബ്ബുകളുടെ ലക്ഷ്യം. എക്സൈസ് കമ്മീഷണര്‍ മുതല്‍ സിവില്‍ എക്സൈസ്  ഓഫീസര്‍ വരെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഒന്നോ അതിലധികമോ വിദ്യാലയങ്ങളുടെ ചുമതല നല്‍കിയിട്ടുണ്ട്. 
ലഹരിവിരുദ്ധക്ലബ്ബുകളുടെ കണ്‍വീനര്‍മാരും സ്കൂള്‍ അധികൃതരുമായും നിരന്തര ബന്ധം പുലര്‍ത്തിയും വിദ്യാലയ പരിസരങ്ങളില്‍  നിരീക്ഷണം ഏര്‍പ്പെടുത്തിയും ലഹരിവസ്തുക്കളുടെ ഉപയോഗവും വിതരണവും തടയാന്‍ എക്സൈസ് വകുപ്പ് നടപടി സ്വീകരിക്കുന്നുണ്ട്.
 ഏതെങ്കിലും വിദ്യാര്‍ഥിയില്‍ ലഹരിവസ്തുക്കളുടെ ഉപയോഗമോ താല്‍പര്യമോ ഉള്ളതായി ശ്രദ്ധയില്‍പെട്ടാലുടന്‍ തുടര്‍നടപടിയെടുക്കാന്‍ ലഹരിവിരുദ്ധക്ലബ്ബുകള്‍ സഹായിക്കുന്നു.
 
 ബോധവത്കരണപ്രവര്‍ത്തനം ശക്തിപ്പെടുത്തുവാൻ കോളനികൾ കേന്ദ്രീകരിച്ച് 129 ക്ലാസുകസെടുത്തു. കുടുംബശ്രീ അയൽ ക്കൂട്ടങ്ങളിലും ക്ലബ്ബുകളിലുമായി നിരവധി ക്ലാസുകൾ വേറെയും സംഘടിപ്പിച്ചു.. പുതുതലമുറയെ ലഹരിവലയില്‍പ്പെടാതെ സംരക്ഷിക്കാന്‍ സാമൂഹികമായ ഇടപെടലുകളാണ് കൂടുതലായും മാനന്തവാടിയിലെ വിമുക്തിമിഷൻ ഇടപെട്ടത്.   രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക  പ്രവര്‍ത്തകര്‍ക്കും യുവജന-വിദ്യാര്‍ഥി  സംഘടനകള്‍ക്കും തൊഴിലാളികള്‍ക്കും റസിഡന്‍റ്സ് അസോസിയേഷനുകള്‍ക്കുമൊക്കെ ഇതില്‍ നല്ല ഇടപെടല്‍ നടത്തി ഇവരോടൊപ്പമുണ്ട്.
ഡ്രോപ്പ് ഔട്ട് ഫ്രീ വയനാട്
മാനന്തവാടിയിലെ വിവിധ ആദിവാസി കോളനികളിൽ നിന്ന് തുടർച്ചയായി സ്കൂളിൽ പോകാതിരിക്കുന്ന 89 കുട്ടികളെ കഴിഞ്ഞ അധ്യയന വർഷത്തിൽ സ്കൂളിലെത്തിക്കുവാൻ ഇവർക്കായി, നിരന്തരമായി കോളനികളിൽ ഇടപെടലുകൾ നടത്തിയാണ് കുട്ടികളെ സ്കൂളിലെത്തിച്ചത്. സ്കൂളുകളിൽ പോകാത്ത വിദ്യാർത്ഥികളെ കോളനികളിൽ പോയി കണ്ട് ചങ്ങാത്തത്തിലായി, അവരുടെ വൈഷമ്യങ്ങൾ മനസിലാക്കി പരിഹരിച്ച് എസ് എസ് എ പ്രതിനിധികളുടെയും ട്രൈബൽ പ്രമോർട്ടർമാരുടെയും സഹകരണത്തോടെ വിദ്യാലയങ്ങളിലെത്തിക്കുകയും അവരുടെ പഠന രീതികൾ നിരീക്ഷിക്കുകയും കൃത്യമായ അവലോകനങ്ങൾ നടത്തുകയും ചെയ്യുന്നു.
പത്താം ക്ലാസിനു ശേഷം പഠനം നിർത്തിയവരും തുടർവിദ്യാഭ്യാസം ലഭിക്കാത്തവരുമായ നിരവധി ആളു
കളുടെ തുടർവിദ്യാഭ്യാസം നൽകുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുവാനായി.
ഗോത്രകിരണം
അഭ്യസ്ഥവിദ്യരായ യുവതീയുവാക്കളെ കണ്ടെത്തി അവർക്ക്
പി എസ് സി ഓൺലൈൻ രജിസ്ട്രേഷൻ നടത്തുകയും പി എസ് സി ക്ലാസ്സുകളെടുത്ത്  പരീക്ഷകൾക്ക് സജ്ജരാക്കുകയും ചെയ്യുന്നു. പി എസ് സി ക്ലാസ്സുകൾ നൽകുന്നത് സ്ക്വാഡംഗങ്ങൾ തന്നെയാണ് .ഇവരുടെ മാർഗ നിർദ്ദേശങ്ങളനുസരിച്ച് ബേഗൂർ കോളനിയിലേയും ബാവലി മീൻകൊല്ലി കോളനിയിലെയും 4 പേർക്ക് പി എസ് സി സ്പെഷൽ റിക്രൂട്ട്മെന്റ് വഴി പോലീസിൽ നിയമനം ലഭിച്ചതും ചരിത്രമായി.
എല്ലാ ഞായറാഴ്ചകളിലും ഉദ്യോഗാർത്ഥികൾക്കായി  പി എസ് സി പരിശീലന ക്ലാസുകൾ കൃത്യമായി നടത്തുന്നു.
ഗോത്രകിരണത്തിലുടെ ആദിവാസി ഊരുകളിൽ പൊൻ വെളിച്ചം വിതറുകയാണ് ജനമൈത്രി എക്സൈസ്
ജനമൈത്രി എക്സൈസ് പ്രവർത്തനങ്ങൾ സർവ്വ മേഖലകളിലും വ്യാപിപ്പിച്ചത് 2018-19 കാലയളവിലാണ് .വിമുക്തി മിഷന്റെ പ്രവർത്തന മേഖലകളായി തിരഞ്ഞെടുത്ത കോളനികളിലെ അവശ്യ വിഷയങ്ങളിലെല്ലാം ഇവരുടെ സഹായമെത്തി, വൃദ്ധരും വികലാംഗരും വിധവകളുമായ മുഴുവൻ ആളുകൾക്കും പെൻഷൻ ലഭിക്കുന്നതിനായി പഞ്ചായത്തുകളെ സമീപിച്ചതും ഇവർ തന്നെ
പഞ്ചായത്തുകളിൽ നിന്നുൾപ്പെടെയുള്ള സർക്കാർ ആനുകൂല്യങ്ങൾ കൃത്യമായി അർഹിക്കുന്ന കരങ്ങളിൽ എത്തിക്കുവാൻ വിമുക്തി അംഗങ്ങൾ പ്രയത്നിക്കുന്നു.
അത്യാവശ്യമായി വന്ന അവസരങ്ങളിൽ ജനമൈത്രി സ്ക്വാഡ് നേരിട്ട് വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തിക്കൊടുത്തതും, പ്രളയ സമയത്ത് തകർന്ന വീടുകൾക്ക് പകരം താൽക്കാലിക ഷെഡുകൾ നിർമ്മിച്ചു നൽകിയതും  ഇവർക്ക് കോളനികളിലെ സ്വാധീനം വർദ്ധിപ്പിച്ചു.
മാനന്തവാടി നഗരസഭയിലെ ഇലത്തുവയൽ കോളനിയിൽ നിർമ്മിച്ച ടോയ് ലറ്റ് ബ്ലോക്കടക്കം  താലൂക്കിലെ നിരവധി കോളനികളിൽ ശൗചാലയങ്ങൾ പണിതും ഇവർ സാമൂഹിക പ്രതിബദ്ധത തെളിയിച്ചു.
പ്രളയകാലത്ത് മറ്റേത് സന്നദ്ധ സംഘടനകളേക്കാളും കർമ്മനിരതരായി കണ്ടത്  വിമുക്തി മിഷൻ അംഗങ്ങളായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവും വസ്ത്രവുമെത്തിച്ചുo ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകിയ ഇവർ പ്രളയ ശേഷം മിഷൻ ക്ലീൻ വയനാട് പരിപാടിയുടെ ഭാഗമായി കോളനികളിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തി.
പ്രധാനമായും ബോധവൽക്കരണ പരിപാടികൾ നടത്തുന്ന വിമുക്തിമിഷൻ വിവിധ റാലികളും ഫ്ലാഷ് മൊബുo, സ്കിറ്റുകളുമൊക്കെയായി താലൂക്കിൽ സദാകർമ്മനിരതരാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *