May 4, 2024

വയനാട് ഇനി നേത്ര രോഗ വിമുക്ത ജില്ല

0
 

വയനാട് ഇനി കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ നേത്രരോഗ വിമുക്ത ജില്ല. കല്‍പ്പറ്റ എസ്‌കെഎംജെ ഹൈസ്‌കൂള്‍ ജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാര്‍ പ്രഖ്യാപനം നടത്തി. പ്രളയത്തിന് ശേഷമുള്ള ആരോഗ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള നേത്രപരിശോധന ക്യാമ്പ് പൂര്‍ത്തിയാക്കിയാണ് ജില്ലയെ നേത്രരോഗ വിമുക്തമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആരംഭിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പാണ് ഞായറാഴ്ച കല്‍പ്പറ്റയില്‍ സമാപിച്ചത്. പ്രളയത്തെ തുടര്‍ന്നാണ് കോംട്രസ്റ്റ് ഐ കെയര്‍ സൊസൈറ്റിയുടേയും കോഴിക്കോട് കോംട്രസ്റ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കണ്ണാശുപത്രിയുടെയും സഹകരണത്തോടെ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ     ആഭിമുഖ്യത്തില്‍ നേത്രപരിശോധന ക്യാമ്പുകള്‍ ആരംഭിച്ചത്. 23 പഞ്ചായത്തുകളിലും, മൂന്ന് നഗരസഭകളിലും ഉളള നേത്രരോഗികളെ കണ്ടെത്തി അവര്‍ക്ക് സൗജന്യചികിത്സയാണ് പദ്ധതിയിലൂടെ പ്രാവര്‍ത്തികമായത്. സമാപനദിവസത്തെ കണക്ക് ഒഴിച്ചു നിര്‍ത്തിയാല്‍ ഇതുവരെ വിവിധ പഞ്ചായത്തുകളിലും നഗരസഭകളിലുമായി 8700 ലധികം ആളുകള്‍ക്ക് നേത്രചികിത്സ നല്‍കി. ഇതില്‍ 3911 പേര്‍ക്ക് സൗജന്യമായി കണ്ണടകളും വിതരണം ചെയ്തു. തെരഞ്ഞെടുത്ത 744 പേരില്‍ നിന്ന് 218 പേര്‍ക്ക് ഇതുവരെ സൗജന്യ ശസ്ത്രക്രിയ നടത്തി. സമാപനദിവസം മാത്രം ആയിരത്തിലധികം പേര്‍ പരിശോധനക്കായി രജിസ്റ്റര്‍ ചെയ്തു.ഒരു കോടി രൂപയാണ് കോംട്രസ്റ്റ് ഐ കെയര്‍ സൊസൈറ്റിയും, കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയും ചേര്‍ന്ന് പദ്ധതിക്ക് വകയിരുത്തിയത്. സി കെ ശശീന്ദ്രന്‍ എംഎല്‍എ സമാപന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോംട്രസ്റ്റ് സൊസൈറ്റി സെക്രട്ടറി ടി.ഒ രാമചന്ദ്രന്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ് എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *