May 9, 2024

നീലഗിരി ജൈവ മണ്ഡലത്തെ അധിനിവേശസസ്യമുക്തമാക്കും..

0
കൽപ്പറ്റ:-നീലഗിരി ജൈവമണ്ഡലത്തിലെ കാടുകളില്‍   വന്യജീവികള്‍ക്കും നൈസര്‍ഗിക സസ്യസമ്പത്തിനും കടുത്ത ഭീഷണിയായ അധിനിവേശസസ്യങ്ങളെ ഉ•ൂലനം ചെയ്യുന്നതില്‍  കേരള, കര്‍ണാടക, തമിഴ്‌നാട് വനസേന യോജിച്ചു പ്രവര്‍ത്തിക്കും.  നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി  കര്‍ണാടകയിലെ ബന്ദിപ്പുര കടുവാസങ്കേതം ആസ്ഥാനത്തു ഈയിടെ വിളിച്ചുചേര്‍ത്ത കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വനത്തെ അധിനിവേശസസ്യമുക്തമാക്കുന്നതിനു യോജിച്ചുനീങ്ങാനുള്ള തീരുമാനം. 
വയനാട്, കര്‍ണാടകയിലെ ബന്ദിപ്പുര, നാഗര്‍ഹോള, കാവേരി, ബി.ആര്‍.ടി, നൂഗു,  തമിഴ്‌നാട്ടിലെ മുതുമല പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് നീലഗിരി ജൈവമണ്ഡലം. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ ഭൂപ്രദേശത്തെ വനങ്ങളെ മഞ്ഞക്കൊന്ന, അരിപ്പൂ(കൊങ്ങിണി), കമ്മ്യൂണിറ്റ് പച്ച, ആനത്തൊട്ടാവാടി, ധൃതരാഷ്ട്രപ്പച്ച, പാര്‍ത്തീനിയം, കമ്മല്‍പ്പൂ തുടങ്ങിയ ഇനം അധിനിവേശ സസ്യങ്ങളാണ് കീഴടക്കുന്നത്. സ്വാഭാവിക സസ്യലതാദികളെ നശിപ്പിച്ചു തഴച്ചുവളരുന്ന ഇവ കാടിന്റെ സന്തുലനത്തെ തകര്‍ക്കുന്നതായി ഉദ്യോഗസ്ഥയോഗം വിലയിരുത്തി. 
ദക്ഷിണേന്ത്യയിലെ പ്രമുഖ കടുവാസങ്കേതങ്ങളാണ് മുതുമലയും ബന്ദിപ്പുരയും നാഗര്‍ഹോളയും. ഇവയുമായി അതിരിടുന്ന വയനാടന്‍ വനഭാഗത്തെ കടുവാസങ്കേതമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും കേരളത്തില്‍ എറ്റവും കൂടുതല്‍ കടുവകളുള്ളത് വയനാട് വന്യജീവി സങ്കേതത്തിലാണെന്നു സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ കാമറ നിരീക്ഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അധിനിവേശ സസ്യങ്ങളുടെ വ്യാപനം കടുവകളുടെ ആവാസവ്യവസ്ഥയെ തകര്‍ക്കുകയാണ്. 
നീലഗിരി ജൈവ മണ്ഡലത്തില്‍ അധിനിവേശസസ്യങ്ങള്‍ കൂടുതലുള്ളത് വയനാട് വന്യജീവി സങ്കേതത്തിലാണ്. മുത്തങ്ങ, ബത്തേരി, തോല്‍പ്പെട്ടി, കുറിച്യാട് എന്നീ നാല് റേഞ്ചുകള്‍ ഉള്‍പ്പെടുന്നതാണ്  344.4 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വയനാട് വന്യജീവി സങ്കേതം. ഇതില്‍ കുറിച്യാട് ഒഴികെ റേഞ്ചുകളില്‍   മഞ്ഞക്കൊന്ന വ്യാപകമായി വളരുന്നുണ്ട്. മുത്തങ്ങ റേഞ്ചിലെ കാക്കപ്പാടം, തകരപ്പാടി പ്രദേശങ്ങളിലായി നൂറുകണക്കിനു എക്കര്‍ നൈസര്‍ഗിക അടിക്കാടാണ് മഞ്ഞക്കൊന്നയുടെ  വ്യാപനം മൂലം നശിച്ചത്. ഒരു ദശാബ്ദം മുമ്പ് സമൂഹിക വനവത്കരണ വിഭാഗം നട്ടുവളര്‍ത്തിയ തൈകളാണ് വലിയ വിപത്തായി മാറിയത്. വന്യജീവി സങ്കേതത്തിന്റെ ആകെ വിസ്തൃതിയില്‍  ഏകദേശം അഞ്ച് ശതമാനത്തെയും  അതിര്‍ത്തി പ്രദേശങ്ങളില്‍ 20 ശതമാനത്തെയും മഞ്ഞക്കൊന്നകള്‍ കീഴ്‌പ്പെടുത്തിയതായാണ് വനം-വന്യജീവി വകുപ്പിന്റെ കണക്ക്. 23 ഇനം അധിനിവേശ സസ്യങ്ങളുടെ സാന്നിധ്യം വയനാട് വന്യജീവി സങ്കതത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നു വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍ എന്നിവര്‍ പറഞ്ഞു. 
അധിനിവേശ സസ്യങ്ങളെ വയനാടന്‍ വനത്തില്‍നിന്നു പൂര്‍ണമായും ഒഴിവാക്കുന്നതിനു വനം-വന്യജീവി വകുപ്പ് കൊണ്ടുപിടിച്ച ശ്രമം നടത്തുന്നതിനിടെയാണ് നീലഗിരി ജൈവമണ്ഡലത്തിന്റെ മറ്റുഭാഗങ്ങളിലും അവ ഭീഷണിയായത്. തൈകള്‍ വേരോടെ പിഴുതുമാറ്റിയും (അപ്‌റൂട്ടിംഗ്)  വളര്‍ച്ചെയത്തിയവയുടെ   തോല്‍ ഒരു മീറ്റര്‍ ഉയരത്തില്‍ ചെത്തിനീക്കി ഉണക്കിയും (ബാര്‍ക്കിംഗ്)മഞ്ഞക്കൊന്നകളെ നശിപ്പിക്കാന്‍ വനസേന നടത്തിയ ശ്രമം വിജയിച്ചിരുന്നില്ല. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്(കെ.എഫ്.ആര്‍.ഐ) വികസിപ്പിച്ച, രാസവസ്തു ഉപയോഗിച്ചു മഞ്ഞക്കൊന്നയെ നശിപ്പിക്കുന്ന വിദ്യയാണ്  നിലവില്‍ വയനാടന്‍ വനത്തില്‍ പ്രയോഗത്തിലുള്ളത്. ഇതേരീതി കര്‍ണാടക, തമിഴ്‌നാട് വനങ്ങളിലും  തത്കാലം അവലംബിക്കാനാണ് ബന്ദിപ്പുരയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ബന്ദിപ്പുര, മുതുമല, നാഗര്‍ഹോള  വനങ്ങളുടെ ചില ഭാഗങ്ങളില്‍ മഞ്ഞക്കൊന്നയ്ക്കു പുറമേ കൊങ്ങിണിച്ചെടികളും വന്‍തോതില്‍ വളരുന്നുണ്ട്. 
സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലങ്ങളില്‍ 28 മീറ്റര്‍ വരെ  ഉയരത്തില്‍ കുടയുടെ ആകൃതിയില്‍ വളരുന്നതാണ് മഞ്ഞക്കൊന്ന. മണ്ണിന്റെ നൈസര്‍ഗിക ഗുണങ്ങള്‍ നഷ്ടമാക്കുന്ന മഞ്ഞക്കൊന്ന വലിയതോതിലുള്ള നിര്‍ജലീകരണത്തിനും ഇടയാക്കും. 
കഴുക•ാരുടെ സംരക്ഷണത്തിനു അന്തര്‍സംസ്ഥാന സഹകരണം ഉറപ്പുവരുത്താനും ബന്ദിപ്പുരയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *