May 5, 2024

കല്‍പ്പറ്റ- വാരാമ്പറ്റ റോഡ് നിര്‍മ്മാണം വേഗത്തിലാക്കണം : ജില്ലാ വികസന സമിതി

0

   ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ കല്‍പ്പറ്റ-þവാരാമ്പറ്റ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു. കളക്‌ടേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദേശം. റോഡിന്റെ നവീകരണ പ്രവൃത്തികള്‍ മെയ് 31 നകം പൂര്‍ത്തിയാക്കന്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറോട് ആവശ്യപ്പെട്ടു. സമയബന്ധിതമായ പൂര്‍ത്തീകരണത്തിന് ഓരോ ഘട്ടത്തിലും നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളുടെ ഷെഡ്യൂള്‍ തയ്യാറാക്കാനും നിര്‍ദേശിച്ചു. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ബാണാസുര സാഗര്‍ ഡാമിലേക്ക് ഒട്ടേറെ സഞ്ചാരികളെത്തുന്ന റോഡിന്റെ നവീകരണ പ്രവൃത്തിക്ക് ഫണ്ടിംഗ് ഏജന്‍സിയായ കിഫ്ബി സ്റ്റോപ്പ് മെമ്മോ നല്‍കിയതിനെ തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ നിര്‍മ്മാണം നിലച്ചിരുന്നു. സ്റ്റോപ് മെമ്മോ നീക്കിയതിനെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുനരാരംഭിച്ചിട്ടുണ്ട്. ദേശീയപാതയില്‍ കൈനാട്ടി ജംഗ്ഷനില്‍  തകര്‍ന്നു കിടക്കുന്ന റോഡ് രണ്ടാഴ്ചയ്ക്കകം നവീകരിക്കുന്നതിനുളള നടപടി സ്വീകരിക്കാന്‍ കേരള വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയറോടും നാഷണല്‍ ഹൈവേ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറോടും യോഗം നിര്‍ദേശിച്ചു.

       ജില്ലയിലെ സ്‌കൂളുകളുടെ അറ്റകുറ്റപ്പണിയ്ക്കായി അനുവദിച്ച 20 കോടി രൂപ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ശീര്‍ഷകത്തിലാണെന്ന് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അറിയിച്ച സാഹചര്യത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുളള പ്രാരംഭ നടപടിക്രമങ്ങള്‍ തുടങ്ങാന്‍ എല്‍.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്ക് ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശം നല്‍കി.  പൂക്കോട് എം.ആര്‍.എസ് സ്‌കൂളില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ച് 20 ദിവസത്തിനകം വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കാന്‍ കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറോട് യോഗം നിര്‍ദേശിച്ചു.ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാന്‍ ആവശ്യമായ 6.75 ലക്ഷം രൂപ കോര്‍പ്പസ് ഫണ്ടില്‍ നിന്നും അനുവദിക്കാമെന്ന് ഐ.ടി.ഡി.പി അധികൃതര്‍ യോഗത്തെ അറിയിച്ചു. കടമാന്‍തോട് വിഷയത്തില്‍ പഞ്ചായത്തുതല സര്‍വ്വകക്ഷി യോഗങ്ങള്‍ വിളിച്ച് കൂട്ടിയതിന് ശേഷം പ്രാഥമിക സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കാവേരി ഡിവിഷന്‍ അറിയിച്ചു. 
      ജില്ലയിലെ വനാതിര്‍ത്തിയിലൂടെ കടന്ന് പോകുന്ന റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി സംയുക്ത സര്‍വ്വേ നടത്താനും ജില്ലാ വികസന സമിതി യോഗത്തില്‍ ധാരണയായി.  ജനുവരി 30 ന് സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരുടെ നേതൃത്വത്തില്‍  സംയുക്ത സര്‍വ്വേ നടത്തും. യോഗത്തില്‍ ജില്ലയിലെ വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതിയും അവലോകനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, എ.ഡി.എം തങ്കച്ചന്‍ ആന്റണി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍ മാസ്റ്റര്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍, എം.പി പ്രതിനിധി കെ.എല്‍ പൗലോസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ച്ചാര്‍ജ് സുഭദ്രാ നായര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *