April 26, 2024

കോട്ടത്തറ വൈശ്യന്‍, കൊളവയല്‍ കോളനിയിലെ കുടുംബങ്ങളുടെ പുനരധിവാസം വൈകുന്നു

0
Img 20210518 Wa0030.jpg
കോട്ടത്തറ വൈശ്യന്‍, കൊളവയല്‍ കോളനിയിലെ കുടുംബങ്ങളുടെ പുനരധിവാസം വൈകുന്നു

കല്‍പറ്റ : കോട്ടത്തറ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍പ്പെട്ട വൈശ്യന്‍, കൊളവയല്‍ പണിയ കോളനികളിലെ കുടുംബങ്ങളുടെ പുനരധിവാസം വൈകുന്നു. രണ്ടു കോളനികളിലെയും കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനു വെങ്ങപ്പള്ളി പഞ്ചായത്തിലെ മൂരിക്കാപ്പില്‍ ഭൂമി കണ്ടെത്തിയെങ്കിലും വീടുകളുടെ നിര്‍മാണം അനിശ്ചിതമായി മാറുകയാണ്. വരുന്ന കാലവര്‍ഷത്തിനു മുമ്പു പുനരധിവാസം നടക്കില്ലെന്ന യാഥാര്‍ഥ്യം രണ്ടു കോളനികളിലെയും കുടുംബങ്ങളെ അലട്ടുകയാണ്. ഇത്തവണയും മഴക്കാലം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിച്ചുകൂട്ടേണ്ട ഗതികേടിയാണ് കുടുംബങ്ങള്‍. 
വെണ്ണിയോടു ചെറുപുഴയ്ക്കു സമീപമാണ് വൈശ്യന്‍ കോളനി. വലിയപുഴയോടു ചേര്‍ന്നാണ് കൊളവയല്‍ കോളനി. രണ്ടു കോളനികളിലുമായി 35ല്‍പരം കുടുംബങ്ങളാണുള്ളത്. മഴക്കാലങ്ങളില്‍ വെണ്ണിയോടു ചെറിയപുഴയും വലിയപുഴയും കരകവിയുന്നതോടെ രണ്ടു കോളനികളും ഒറ്റപ്പെടും. പതിറ്റാണ്ടുകളായി ഇതാണ് സ്ഥിതി. മഴവെള്ളം ഒഴുകിയെത്തി പുഴകള്‍ നിറയാന്‍ തുടങ്ങുന്ന ഘട്ടത്തില്‍ കോളനിവാസികളെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റുകയാണ് അധികൃതര്‍ ചെയ്യുന്നത്. മഴയുടെ ശക്തി കുറഞ്ഞു പുഴകളില്‍ വെള്ളം ഇറങ്ങുന്ന മുറയ്ക്കാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്നും കോളനികളിലേക്കു കുടുംബങ്ങളുടെ മടക്കം. പായകളും പാത്രങ്ങളും പക്ഷി-മൃഗാദികളുമടക്കം വീട്ടിലുള്ളതെല്ലാം കെട്ടിപ്പെറുക്കിയാണ് കോളനികളില്‍നിന്നു ദുരിത്വാസ ക്യാമ്പുകളിലേക്കു തിരിച്ചും കുടുംബങ്ങളുടെ യാത്ര. 
രണ്ടു വര്‍ഷം മുമ്പു പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതു രണ്ടു കോളനികളിലെയും കുടുംബങ്ങളെ ആഹ്ലാദത്തിലാക്കിയിരുന്നു. മഴക്കാലങ്ങളിലെ ദുരിതജീവിതത്തിനു വൈകാതെ അറുതിയാകുമെന്നു അവര്‍ കരുതി. എന്നാല്‍ അന്തമില്ലാതെ നീളുന്ന ഭവന നിര്‍മാണം കുടുംബങ്ങളുടെ പ്രതീക്ഷകള്‍ കെടുത്തുകയാണ്. ഉദ്യോഗസ്ഥതലത്തിലെ വീഴ്ചകളാണ് പുനരധിവാസം വൈകുന്നതിനു കാരണമെന്നു അവര്‍ കരുതുന്നു. 
കഷ്ടതകള്‍ സഹിച്ചാണ് കോളനികളിലെ കുടുംബങ്ങളുടെ ജീവിതമെന്നു വാര്‍ഡ് മെംബര്‍ ബിന്ദു മാധവന്‍, പൊതുപ്രവര്‍ത്തകന്‍ ഗഫൂര്‍ വെണ്ണിയോട് എന്നിവര്‍ പറഞ്ഞു. വാസയോഗ്യമല്ലാതായ വീടുകളിലും കൂരകളിലുമാണ് വൈശ്യന്‍ കോളനിയിലെ കുടുംബങ്ങളുടെ താമസം. കോവിഡ് കാലത്തു വീടുകളില്‍ സാമൂഹിക അകലം പാലിക്കാന്‍ കുടുംബാംഗങ്ങള്‍ക്കു കഴിയുന്നില്ല. പദ്ധതിയുടെ അഭാവത്തില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള ശുദ്ധജലത്തിനും ആദിവാസികള്‍ പ്രയാസപ്പെടുകയാണ്. 
കുടുംബങ്ങള്‍ ഒഴിഞ്ഞുപോകേണ്ട സ്ഥലങ്ങളായതിനാല്‍ കോളനികളില്‍ വികസന പരിപാടികള്‍ നടക്കുന്നില്ല. കോളനികളിലേക്കു വഴികളും സഞ്ചാരയോഗ്യമല്ലാതായിരിക്കയാണ്. കോളനിവാസികളുടെ ദുരവസ്ഥ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി പുനരധിവാസം വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് വാര്‍ഡ് മെംബറും പൊതുപ്രവര്‍ത്തകരും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *