17 പേരുടെ ജീവനെടുത്ത പുത്തുമല ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്


Ad
17 പേരുടെ ജീവനെടുത്ത പുത്തുമല ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്

കാണാമറയത്ത് അഞ്ച് പേർ……!
കല്‍പ്പറ്റ: പ്രിയപ്പെട്ടവരുടെ ഓർമകളും സ്വപ്നങ്ങളും അടക്കം ചെയ്ത നാടിന്റെ ഹൃദയം തകർത്ത പുത്തുമല ദുരന്തത്തിന് ഇന്ന് രണ്ട് വയസ്. വന്‍മരങ്ങളെയും പാറക്കൂട്ടങ്ങളെയും വഹിച്ച് മലയൊഴുകിവന്ന് കവര്‍ന്നെടുത്ത് പോയത് 17 ജീവനുകളെയാണ്. വന്‍മരങ്ങള്‍ക്കും പാറക്കൂട്ടങ്ങള്‍ക്കുമൊപ്പം കുതിച്ചെത്തിയ ചെളിമണ്ണ് പലയിടങ്ങളില്‍ നിന്നായി കവര്‍ന്ന 17 മനുഷ്യജീവനുകളിലെ അഞ്ചുപേര്‍ ഇന്നും കാണാമറയത്താണ്. പുത്തുമല മുതിരതൊടി ഹംസ (58), പച്ചക്കാട് നാച്ചി വീട്ടില്‍ അവറാന്‍ (62), പച്ചക്കാട് കണ്ണന്‍കാടന്‍ അബൂബക്കര്‍ (62), പുത്തുമല എസ്റ്റേറ്റില്‍ അണ്ണയ്യ (54), പച്ചക്കാട് എക്കണ്ടത്തില്‍ നബീസ (74) എന്നിവരെയാണ് കാണാതായത്. പുത്തുമലയുടെ മാറ് തുളച്ച് ഒഴുകുന്ന തോടും ഉരുള്‍പൊട്ടലില്‍ അടിഞ്ഞ കൂറ്റന്‍ പാറക്കൂട്ടങ്ങളും മരാവിശിഷ്ടങ്ങളും ബാക്കിപത്രമായി അവശേഷിക്കുന്ന പുത്തുമലയിലെ നിലവളികളുടെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. 2019 ആഗസ്റ്റ് എട്ട് വൈകുന്നേരമാണ് പച്ചക്കാട് മലയൊന്നാകെ കുത്തിയൊലിച്ച് പുത്തുമലയിലേക്ക് പതിച്ചത്. ഉരുള്‍പൊട്ടലില്‍ 17 പേര്‍ മരണപ്പെട്ടു. 58 വീടുകള്‍ പൂര്‍ണമായും 22 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ആര്‍ത്തലച്ചെത്തിയ മലവെള്ളത്തിനൊപ്പം പ്രദേശത്തെ ജനങ്ങള്‍, വീടുകള്‍, ആരാധനാലയങ്ങള്‍, ക്വാട്ടേഴ്സുകള്‍, വാഹനങ്ങള്‍, എസ്റ്റേറ്റ് പാടി, കാന്റീന്‍, പോസ്റ്റോഫീസ് തുടങ്ങിയവയെല്ലാം തുടച്ച് നീക്കപ്പെട്ടു. ശബ്ദം കേട്ട് ചിതറിയോടിയവരില്‍ ചിലര്‍ രക്ഷപ്പെട്ടു. ഇവിടേക്കുള്ള പാതയില്‍ പാറക്കൂട്ടങ്ങളും മണ്ണും ചെളിയും അടിഞ്ഞതോടെ രക്ഷാപ്രവര്‍ത്തനം വൈകി. പിറ്റേ ദിവസം രാവിലെ നടത്തിയ തിരച്ചിലില്‍ ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെത്തി. പിന്നീട് പല ദിവസങ്ങളിലായി മൂന്ന് മൃതദേഹങ്ങള്‍ കൂടി ലഭിച്ചു. മണ്ണിനടയില്‍ പുതഞ്ഞ അഞ്ച് പേരുടെ മൃതദേഹം ഇനിയും കണ്ടെത്താനായിട്ടില്ല. കേരളം കണ്ട ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമായിരുന്നു പുത്തുമലയില്‍ കണ്ടത്.
പ്രിയപ്പെട്ടവരുടെ ഓര്‍മകള്‍ ഉറങ്ങുന്ന പുത്തുമലയെ മറക്കാന്‍ കഴിയില്ലെങ്കിലും ഭയപ്പാടോടെയാണ് ദുരന്തബാധിതര്‍ ഓര്‍ക്കുന്നത്. തേയിലത്തോട്ടങ്ങളാല്‍ പച്ച പുതച്ച നാടായിരുന്നു പുത്തുമല. ഇന്നും ദുന്തത്തിന്റെ ഭീകരത പുത്തുമലയില്‍ പ്രകടമാണ്. സ്വന്തമെന്ന് കരുതിയിരുന്നതത്രയും നഷ്ടപ്പെട്ടതിന്റെ ദുരന്ത സ്മരണകളുമായി വാടകമുറികളിലും ബന്ധുവീടുകളിലും കഴിയുന്ന പുത്തുമലക്കാരുടെ പുനരധിവാസം ഇനിയും പൂര്‍ത്തിയാവാനുണ്ട്. മേപ്പാടി പൂത്തക്കൊല്ലിയില്‍ ഇവര്‍ക്കായി ഒരുക്കുന്ന വീടുകളുടെ നിര്‍മാണം പാതി വഴിയിലാണ്. ഹര്‍ഷം പദ്ധതിയിലൂടെ 58 വീടുകളാണ് പൂത്തക്കൊല്ലിയില്‍ നിര്‍മിച്ച് നല്‍കുന്നത്. ഇതില്‍ 16 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ളവ നിര്‍മാണ പാതയിലാണ്. ദുരന്തം ഓര്‍മപ്പെടുത്തി ഓരോ വര്‍ഷവും കടന്ന് പോകുമ്പോള്‍ മുറിവേറ്റവരുടെ വേദനകള്‍ ഉണങ്ങുന്നില്ല. മണ്ണില്‍ അടക്കം ചെയ്യപ്പെട്ടവരുടെ ഓര്‍മകളില്‍ പുത്തുമല ഇന്നും ജീവിക്കുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *