April 26, 2024

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് കായകല്‍പ് പുരസ്‌കാരം

0

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ കായകല്‍പ് അവാര്‍ഡ്. ജില്ലയിലെ മികച്ച ആരോഗ്യ കേന്ദ്രമായാണ് നൂല്‍പ്പുഴയെ തിരഞ്ഞെടുത്തത്. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലെ ശുചിത്വം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോല്‍സാഹിപ്പിക്കുന്നതിനു വേണ്ടി ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്. അവാര്‍ഡ് തുകയായ രണ്ടുലക്ഷം രൂപ ഉപയോഗിച്ച് ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ അശുപത്രികള്‍ എന്നിവയില്‍ നിന്നു തിരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിയന്ത്രണ കമ്മിറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തിരഞ്ഞെടുത്തിരിക്കുന്നത്.
 
സര്‍ക്കാര്‍ ആശുപത്രികളുടെ ഗുണനിലവാരത്തിന് ദേശീയതലത്തില്‍ നല്‍കുന്ന ഏറ്റവും വലിയ അംഗീകാരം നേടിയിട്ടുള്ള നൂല്‍പ്പുഴ ആശുപത്രിക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടിയാണ് കായകല്‍പ് പുരസ്‌കാരം. നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) സര്‍ട്ടിഫിക്കറ്റ് 98 ശതമാനം മാര്‍ക്കോടെയാണ് നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രം നേടിയത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പരിശോധനാ മുറി, ലബോറട്ടറി, ശീതീകരിച്ച ഫാര്‍മസി, പ്രൈമറി-സെക്കന്‍ഡറി വെയ്റ്റിങ് ഏരിയ, നവീകരിച്ച വാര്‍ഡ്, സ്ത്രീകള്‍ക്കായി നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍, ഷീ-ടോയ്ലറ്റ് തുടങ്ങിയവയെല്ലാം ആശുപത്രിയിലുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ വൈദ്യസഹായം ലഭ്യമാക്കുന്നതിനായി ഡെഫിബ്രിലേറ്റര്‍ സംവിധാനവും ഒരുക്കിയിരിക്കുന്നു. വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും സഹായമായി ഇലക്ട്രിക് ഓട്ടോറിക്ഷയും ആശുപത്രിയിലുണ്ട്. ആദിവാസി കുട്ടികള്‍ക്കായി ആശുപത്രി വളപ്പില്‍ തന്നെ ഒരുക്കിയ ഹൈടെക് പാര്‍ക്കും മികച്ച ആശയമായി. ഔഷധ സസ്യോദ്യാനവും പൂന്തോട്ടവും ആശുപത്രിയുടെ മാറ്റുകൂട്ടുന്ന ഘടകങ്ങളാണ്. ഇക്കാര്യങ്ങളൊക്കെ അവാര്‍ഡ് നിര്‍ണയ ഘട്ടങ്ങളില്‍ പരിഗണിക്കപ്പെട്ടു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *