April 26, 2024

ഭാരതിയമ്മയുടെ ‘വേഷങ്ങൾ’ പ്രകാശനം ചെയ്തു.

0
Picsart 08 31 03.22.33.jpg
കൽപ്പറ്റ: കാലത്തിന്റെ ചുമരിൽ ജീവിതത്തെ അടയാളപ്പെടുത്താനുള്ള ആഗ്രഹങ്ങളും ശ്രമങ്ങളുമാണ് സാഹിത്യരചനകൾക്ക് ആധാരമായി വർത്തിക്കുന്നതെന്ന് പ്രമുഖ സാഹിത്യകാരൻ പി.സുരേന്ദ്രൻ പറഞ്ഞു. ഭാരതിയമ്മയുടെ 'വേഷങ്ങൾ; ജീവിതം. കവിത' എന്ന പുസ്തകത്തിന്റെ പ്രകാശം വയനാട് പീസ് വില്ലേജിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരൻ എന്ന നിലയിലുള്ള എന്റെ ജീവിതത്തിലെ  അസാധാരണമായ അനുഭവമാണ് ഈ പുസ്തകത്തിന്റെ  പ്രകാശനം. ജീവിതത്തിൽ ഒരു പാട് ദുരിതം പേറി, ഒറ്റപ്പെട്ട് അവസാനം പീസ് വില്ലേജ് എന്ന സ്നേഹവീട്ടിൽ കുടുംബാംഗമായി എത്തിയ ഭാരതിയമ്മയുടെ അനുഭവങ്ങളുടെയും കവിതകളുടെയും സമാഹാരമായ ഈ പുസ്തകം ഒരു ചരിത്ര നിയോഗമാണ്. ജീവിതത്തിൽ ഒരു പ്രകാശവും കാണാതെ ഇരുട്ടിലായിപ്പോയവർ കാലങ്ങൾക്ക് ശേഷം പെട്ടന്ന് വെളിച്ചത്തിലേക്ക് വരും. ഇങ്ങനെയൊരു ചരിത്രമുഹൂർത്തത്തിന് വേണ്ടിയാണ് ഭാരതിയമ്മയുടെ ജീവിതം കാത്തിരുന്നത്. ഭാരതിയമ്മയുടേതിന് സമാനമായ ജീവിതമായിരുന്നു എന്റെയും കുട്ടിക്കാലം. പതിനഞ്ചാം വയസ്സിൽ മൈസൂരിലെ  മദ്യഷാപ്പിൽ ഗ്ലാസ് കഴുകി ജീവിച്ച ഞാൻ ഈ പുസ്തകം പ്രകാശനം ചെയ്യാൻ പീസ് വില്ലേജിൽ എത്തിയത് മറ്റൊരു നിയോഗമാണ്. മരുമക്കത്തായത്തിൽ നിന്ന് മക്കത്തായത്തിലേക്കുള്ള പരിവർത്തന ദശയിൽ വലിയ ദുരിതങ്ങൾ പേറേണ്ടി വന്നവർ കേരളത്തിൽ ഏറെയുണ്ടായിട്ടുണ്ട്. എം. ടിയും സി.രാധാകൃഷണനും പി.എ മുഹമ്മദ് കോയയുമൊക്കെ തങ്ങളുടെ നോവലുകളിൽ അത് ആവിഷ്കരിച്ചതു കാണാം. ആ കാലഘട്ടത്തിന്റെ തീക്ഷ്ണമായ അനുഭവങ്ങൾ പേറിയിട്ടുള്ളവരാണ് ഭാരതിയമ്മയും ഞാനുമൊക്കെ. ഭാരതിയമ്മയുടെ എഴുത്തിൽ നിന്ന് നമുക്കത് വായിച്ചെടുക്കാനാകും. ഇതിലെ കവിതകൾ സാമൂഹിക പ്രസ്കതങ്ങളാണ്. ചാരം മൂടിക്കിടന്ന ഒരു പ്രകാശം പുറത്ത് കൊണ്ട് വരികയാണ് ഈ  പുസ്തകം പ്രസിദ്ധീകരിക്കുക വഴി പീസ് വില്ലേജ് ചെയ്തത്. 
സ്വദേശത്തും വിദേശത്തും ഇത്തരം അഭയ കേന്ദ്രങ്ങൾ ഞാൻ ധാരാളം സന്ദർശിച്ചിട്ടുണ്ട്. പക്ഷേ, വ്യത്യസ്തമായ അനുഭവമാണ് പീസ് വില്ലേജ്. നന്മകെട്ടു പോയിട്ടില്ല എന്നതിന്റെ അടയാളമാണ് ഈ സ്നേഹ വീടിന്റെ ചാലകശക്തിയായ ബാലിയിൽ മുഹമ്മദ്‌ ഹാജി. സമ്പൂർണമായ ഇരുട്ടിലേക്ക് ആരുടെയും ജീവിതം വീണുപോകില്ല, വെളിച്ചം കാണിക്കാൻ, കൈ പിടിക്കാൻ ആരെങ്കിലും എപ്പോഴെങ്കിലും കടന്നു വരും എന്നാണ് പീസ് വില്ലേജും ഇത്തരമൊരു പുസ്തകം പ്രസിദ്ധീകരിക്കാനുള്ള അവരുടെ ആവേശവും തെളിയിക്കുന്നത് – സുരേന്ദ്രൻ പറഞ്ഞു.  
പീസ് വില്ലേജിന്റെ ആഭിമുഖ്യത്തിലുള്ള യുവജനവേദിയായ പീസ് യൂത്തിന്റെ കോഡിനേറ്റർ ഡോ. മുനീർ മുഹമ്മദ് റഫീഖ് പുസ്തകം ഏറ്റുവാങ്ങി. യതീന്ദ്രൻ മാസ്റ്റർ, ചിത്രകാരി ഫാതിമ സഹ്റ ബത്തൂൽ, പീസ് വില്ലേജ് കമ്മിറ്റി അംഗം ഷമീം പാറക്കണ്ടി, ഗ്രന്ഥകാരി ഭാരതിയമ്മ തുടങ്ങിയവർ സംസാരിച്ചു. പീസ് വില്ലേജ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ബാലിയിൽ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. പുസ്തകം പരിചയപ്പെടുത്തിയ സെക്രട്ടറി സദ്റുദ്ദീൻ വാഴക്കാട്  സ്വാഗതം ആശംസിച്ചു. മാനേജർ അമീൻ നന്ദി പറഞ്ഞു.
വയനാട് മീനങ്ങാടി സ്വദേശിയായ ഭാരതിയമ്മയുടെ ആത്മകഥാപരമായ അനുഭവങ്ങളും സാമൂഹിക പ്രസക്തങ്ങളായ 21 കവിതകളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. രണ്ടര വർഷമായി പിണങ്ങോട് പീസ് വില്ലേജിന്റെ സംരക്ഷണയിലാണ് ഭാരതിയമ്മ ജീവിക്കുന്നത്. ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ എഴുപതോളം ആളുകൾ ഇപ്പോൾ പീസ് വില്ലേജ് കുടുംബത്തിലുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *