April 26, 2024

ജനഹൃദയങ്ങളിൽ രാഹുൽ ഗാന്ധിക്കുള്ള സ്വീകാര്യത സി.പി.എം ഭയക്കുന്നു: യു.ഡി.എഫ്.

0
കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എം പിക്ക് വയനാട്ടിലെ ജനങ്ങളില്‍ നിന്നും ലഭിക്കുന്ന സ്വീകാര്യതയും പിന്തുണയും ഭയക്കുന്നത് കൊണ്ടാണ് അദ്ദേഹത്തിനെതിരെ സി പി എം വ്യാജപ്രചരണങ്ങള്‍ അഴിച്ചുവിടുന്നതെന്ന് യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ കുറ്റപ്പെടുത്തി. സി പി എം മുന്നോട്ടുവെക്കുന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമാണ്. രണ്ട് തവണ ജില്ലയിലെത്തിയപ്പോഴും പാര്‍ട്ടി പരിപാടികളില്‍ മാത്രമാണ് പങ്കെടുത്തതെന്നാണ് സി പി എം പറയുന്നത്. എന്നാല്‍ രണ്ട് തവണയും രാഹുല്‍ഗാന്ധി ജില്ലയിലെത്തിയത് ദുരിതബാധിതമേഖലകളില്‍ സന്ദര്‍ശനം നടത്തി ജനങ്ങളെ ആശ്വസിപ്പിക്കാനും അവരെ സമാശ്വസിപ്പിക്കാനുമാണ്. പാര്‍ട്ടി അനുഭാവികള്‍ക്ക് മാത്രമാണ് കിറ്റ് നല്‍കിയതെന്നാണ് മറ്റൊരു ആരോപണം. എന്നാല്‍ ജില്ലാഭരണകൂടം നല്‍കിയ ലിസ്റ്റ് പ്രകാരമാണ് രാഹുല്‍ഗാന്ധി മുന്‍കൈയ്യെടുത്ത് ജില്ലയിലെത്തിച്ച കിറ്റുകള്‍ വിതരണം ചെയ്തത്. ദുരിതാശ്വാസക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് നേരിട്ടും, വീടുകളിലേക്ക് മടങ്ങിയവര്‍ക്ക് അവിടെയെത്തിച്ചുമാണ് കിറ്റുകള്‍ നല്‍കിയത്. കിറ്റ് വിതരണത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്തി ആരോപണം ഉന്നയിക്കുന്നത് സി പി എമ്മിന്റെ അപചയത്തിന് ഉദ്ദാഹരണമാണ്. മുഖ്യമന്ത്രിയടക്കമുള്ളവര്‍ കലക്‌ട്രേറ്റില്‍ യോഗം ചേരുമ്പോള്‍ രാഹുല്‍ഗാന്ധി വയനാട്ടിലുണ്ടായിരുന്നുവെന്നാണ് സി പി എം പറയുന്നത്. ഇതും പച്ചക്കള്ളമാണ്. മുഖ്യമന്ത്രി വയനാട്ടിലെത്തിയപ്പോള്‍ രാഹുല്‍ഗാന്ധി ജില്ലയിലുണ്ടായിരുന്നില്ല. വയനാട്ടില്‍ ദുരന്തമുണ്ടായതിന് പിന്നാലെ പ്രധാനമന്ത്രിയുമായും, മുഖ്യമന്ത്രിയുമായും ജില്ലാകലക്ടറുമായും നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടാണ് രാഹുല്‍ഗാന്ധി വയനാടിന്റെ വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ടിരുന്നത്. ദുരന്തമുണ്ടായതിന് തൊട്ടുപിന്നാലെ ജില്ലയിലും മണ്ഡലത്തിലെ മറ്റ് ദുരിതബാധിതമേഖലകളിലുമെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ച രാഹുല്‍ഗാന്ധിയെ സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് വിലക്കുകയാണുണ്ടായത്. പുത്തുമല ദുരന്തത്തിന് ശേഷം ജില്ലയിലെത്തിയ രാഹുല്‍ഗാന്ധി സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് കലക്‌ട്രേറ്റിലെത്തി ജില്ലാകലക്ടറെ കണ്ട് ചര്‍ച്ച നടത്തിയത്. വസ്തുതകള്‍ ഇതായിരിക്കെ രാഹുല്‍ഗാന്ധിക്കെതിരെ ഇല്ലാത്ത പ്രചരണങ്ങള്‍ നടത്തുന്നത് ജനങ്ങള്‍ തിരിച്ചറിയും. എം പി ഓഫീസ് ഉദ്ഘാടനത്തിന് സി പി എം അടക്കമുള്ള എല്‍ ഡി എഫ് ജനപ്രതിനിധികളെ ക്ഷണിച്ചിട്ടും അവര്‍ യോഗം ബഹിഷ്‌ക്കരിക്കുകയാണ് ചെയ്തത്. പൊഴുതന ആറാംമൈലില്‍ രാഹുല്‍ഗാന്ധിയെത്തിയപ്പോള്‍ ക്ഷണമുണ്ടായിരുന്ന ഇടതുജനപ്രതിനിധികള്‍ പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം യോഗത്തില്‍ പങ്കെടുക്കാതിരിക്കുകയാണ് ചെയ്തത്. ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലെയും ദുരിതബാധിതമേഖലകളില്‍ രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചപ്പോള്‍ ഓരോ സ്ഥലത്തും ആയിരക്കണക്കിന് പേരാണ് അദ്ദേഹത്തെ കാണാനായി കാത്തുനിന്നത്. ഓരോ സ്ഥലത്തും രാഷ്ട്രീയത്തിനധീതമായി പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും, എന്റെ ഓഫീസിന്റെ വാതിലുകള്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുകയാണെന്നുമാണ് രാഹുല്‍ഗാന്ധി പറഞ്ഞത്. ഇത്തരത്തില്‍ ജനകീയപ്രശ്‌നങ്ങള്‍ രാഷ്ട്രീയം നോക്കാതെ പ്രവര്‍ത്തിക്കുന്ന രാഹുല്‍ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയവത്ക്കരിക്കാനുള്ള നീക്കം സി പി എം സ്വന്തം ശവക്കുഴി തോണ്ടുന്നതിന് തുല്യമാണ്. രാജ്യത്തെ നിരവധി സ്ഥലത്ത് ദുരന്തബാധിതമേഖലകളില്‍ സന്ദര്‍ശിച്ചപ്പോള്‍ ഒരിടത്തും കാണാന്‍ സാധിക്കാത്ത വിധത്തിലുള്ള ഒരുമയാണ് കാണാന്‍ സാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇടക്കിടെ ജില്ലയിലെത്തുന്ന രാഹുല്‍ഗാന്ധിക്ക് ലഭിക്കുന്ന സ്വീകാര്യത സ്വന്തം പാര്‍ട്ടിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന ഭയമാണ് ഇത്തരത്തില്‍ വില കുറഞ്ഞ ആരോപണങ്ങളുന്നയിക്കുന്നതെന്നും ഇരുവരും പറഞ്ഞു. വയനാടിന്റെ പൊതുവികസനമാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്നും, എന്തെല്ലാം ആരോപണങ്ങളുണ്ടായാലും തന്റെ പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം മുന്നോട്ടുപോകുമെന്നും അതിന് വയനാട്ടിലെ ജനങ്ങളുടെ പിന്തുണയുണ്ടെന്നും നേതാക്കള്‍ പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *