May 8, 2024

ദുരന്ത നിവാരണ പദ്ധതി: മാര്‍ച്ച് 14 നകം അംഗീകാരം നേടണമെന്ന് വികസന സമിതി യോഗം.

0


     ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെ തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന ദുരന്ത നിവാരണ പദ്ധതികള്‍ക്ക് മാര്‍ച്ച് 14 നകം അംഗീകാരം നേടണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദ്ദേശിച്ചു. ജില്ലാ പഞ്ചായത്    പ്രസിഡണ്ട് കെ.ബി.നസീമയുടെ     അധ്യക്ഷതയില്‍ ജില്ലാ ആസൂത്രണ ഭവനില്‍ ചേര്‍ന്ന  യോഗത്തിലാണ് നിര്‍ദ്ദേശം. ജില്ലയുടെ ദുരന്ത നിവാരണ പദ്ധതി ഏറെ പ്രാധാന്യത്തോടെയാണ് സംസ്ഥാനതലത്തില്‍ കാണുന്നത്. ഇക്കാര്യം തിരിച്ചറിഞ്ഞ് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് തലത്തില്‍ കൂടിയാലോചന യോഗം നടത്തി പരിശീലനം ലഭിച്ച ദുരന്ത നിവാരണ ഫെസിലിറ്റേറ്റര്‍മാരുടെ സഹായത്തോടെ വിവര ശേഖരണം നടത്തണം. പ്രാദേശികമായ  പ്രതിരോധ നടപടികള്‍ മനസ്സിലാക്കി വേണം പദ്ധതി തയ്യാറാക്കേണ്ടെതെന്നും യോഗം നിര്‍ദ്ദേശിച്ചു.
വരള്‍ച്ച, കാട്ടുതീ എന്നിവ പ്രതിരോധിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാനും  യോഗം നിര്‍ദ്ദേശിച്ചു. വരള്‍ച്ചാ സാധ്യതയുളള പ്രദേശങ്ങളില്‍ കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുന്നതിനുളള നടപടകള്‍ സ്വീകരിക്കണം. പൊതു കിണറുകളും ടാപ്പുകളും കുടിവെളള വിതരണത്തിന് യോഗ്യമാണെന്ന് ഉറപ്പാക്കണം. പ്രളയത്തില്‍ തകര്‍ന്ന കുടിവെള്ള സ്രോതസ്സുകളുടെ നവീകരണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും ജില്ലാ ആസൂത്രണ സമിതി നിര്‍ദേശിച്ചു.കന്നുകാലികള്‍ക്കും വിളകള്‍ക്കും ലൈഫ് ഇന്‍ഷൂറന്‍സ് ലഭ്യമാക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കണം. ത്രതല പഞ്ചായത്തുകള്‍ ഇക്കാര്യത്തില്‍ മുന്‍കൈയ്യെടുക്കണം.     ജില്ലയിലെ വിദ്യാലയങ്ങളുടെ നവീകരണത്തിന് പഞ്ചായത്തുകള്‍ പ്രത്യേകം ഊന്നല്‍ നല്‍കണം. സ്‌കൂള്‍ പരിസരങ്ങളിലെ ഉപയോഗ ശൂന്യമായ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റാനും സ്‌കൂള്‍ പരിസരത്ത് കൂടിക്കിടക്കുന്ന മരത്തടികള്‍ നീക്കം ചെയ്യുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. 

ജില്ലയിലെ ചിലയിടങ്ങളില്‍  മാവോയിസ്റ്റ് ഇടപെടലുകള്‍  ശ്രദ്ധയില്‍പ്പെട്ട  സാഹചര്യത്തില്‍ കോളനികള്‍ കേന്ദ്രീകരിച്ച് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള പറഞ്ഞു. ആദിവാസി കോളനികളിലേയ്ക്കുള്ള റോഡ് സഞ്ചാര യോഗ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കിടയിലെ പോഷകാഹാരക്കുറവ് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ അംഗന്‍വാടികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും നിര്‍ദേശിച്ചു. സ്വന്തം കെട്ടിടത്തിലല്ലാതെ പ്രവര്‍ത്തനം നടത്തുന്ന അംഗന്‍വാടികള്‍ക്ക് സ്ഥലം കണ്ടെത്തി കെട്ടിട നിര്‍മ്മാണം നടത്തണമെന്നും യോഗം നിര്‍ദേശിച്ചു.
 
ആസൂത്രണ സമിതി യോഗത്തില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ അംഗീകരിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ച്ചാര്‍ജ് സുഭദ്രാ നായര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *