April 28, 2024

താളും തകരയും : കൽപ്പറ്റയിൽ കുടുംബശ്രീ ഫെസ്റ്റ് ആരംഭിച്ചു.

0
Dsc0057.jpg
.
കല്‍പ്പറ്റ: കുടുംബശ്രീ വയനാട് ജില്ലാ മിഷനും നബാര്‍ഡും സംയുക്തമായി നടത്തുന്ന താളും തകരയും കുടുംബശ്രീ ഫെസ്റ്റ് കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് ആരംഭിച്ചു. വിപുല സമൃദ്ധമായ തനതു വിഭവങ്ങളുടെ മൂന്ന് ദിവസത്തെ കലവറയാണ് കല്‍പ്പറ്റ നഗരിയില്‍  ഒരുക്കിയിരിക്കുന്നത്.
  നാടന്‍ തനിമ നിലനിര്‍ത്തിക്കൊണ്ട് പുത്തന്‍ വിഭവങ്ങളുടെ രുചിക്കൂട്ട് ഒരുക്കുകയാണ് ഈ ഭക്ഷ്യമേള.  കേരളത്തിന്‍റെ തനത് സ്വാദിനോടൊപ്പം വയനാടന്‍ വിഭവങ്ങളും മേളയ്ക്ക് രുചിക്കുട്ടേകുന്നു.  മുപ്പതോളം വീട്ടമ്മമാരുടെ പാചക  വൈദഗ്ധ്യമാണ് മേളയുടെ ആകര്‍ഷണം.  ആദിവാസി മേഖലയിലെ തനതു വിഭവങ്ങളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. ചെണ്ടന്‍ കപ്പ, കാന്താരിച്ചമ്മന്തി, പുഴുങ്ങിയ ചേന, ചേമ്പ്, ഏത്തപ്പഴം,  കുമ്പിളപ്പം, പക്കവട, ഉപ്പിലിട്ട മാങ്ങാചമ്മന്തി, വഴച്ചുണ്ട് തോരന്‍, ഇടിച്ചക്ക ഉപ്പേരി തുടങ്ങി നാവില്‍ രൂചിയേറുന്ന നാടന്‍ വിഭവങ്ങല്‍ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍. കൂടാതെ കപ്പ ബിരിയാണി, ചിക്കന്‍ കായ, ബനാന ജര്‍മ്മന്‍ ബോള്‍, കപ്പ ബീഫ് കബാബ്, പിടിയും നാടന്‍ കോഴിക്കറിയും എന്നിവയും മേളയില്‍ ലഭ്യമാണ്. 
കുടുംബശ്രീ തനത് ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും മേളയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. കുടുംബശ്രീ സംരംഭകരുടെ 100% ഗുണമേന്മയും പരിശുദ്ധിയും ഉറപ്പുവരുത്തിയുള്ള ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ വിറ്റഴിക്കുന്നതിനും  കുടുംബശ്രീക്ക് കീഴില്‍ നടക്കുന്ന  വിവിധ ഉപജീവന പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തുന്നതിനും കുടുംബശ്രീ ഉല്‍പന്നങ്ങളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതിനും ഉദ്ദേശിച്ചാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. വിവിധ തരം കറി പൗഡറുകള്‍ ഭക്ഷ്യ വസ്തുക്കള്‍, പലഹാരങ്ങള്‍, പ്രകൃതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍, നഴ്സറി തൈകള്‍, അലങ്കാര മത്സ്യങ്ങള്‍, മ്യൂറല്‍ പെയിന്‍റിംഗ്സ്,  മുളയുല്‍പന്നങ്ങള്‍, പച്ചക്കറികള്‍, കുടുംബശ്രീ ഐസ്ക്രീം, കാര്‍ഷിക ഉല്‍പന്നങ്ങള്‍ എന്നിവ മേളയില്‍ ലഭ്യമാകും.
മേള നബാര്‍ഡ് ഏരിയ ജനറല്‍ മാനേജര്‍ ജിഷ വിവി ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി. സാജിത അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍മാരായ മുരളി കെ.ടി, വാസു പ്രദീപ് പി, മാര്‍ക്കെറ്റിംഗ് ജില്ലാ പ്രോഗ്രാം മാനേജര്‍ രമ്യ രാജപ്പന്‍, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരായ സിറാജ്, ടെനി, ഹുദൈഫ്, അനുമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *