May 18, 2024

ഹരിത ക്യാമ്പസ് പദ്ധതി : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാതൃകയാക്കണം: – മന്ത്രി ടി.പി. രാമകൃഷ്ണന്‍

0
Img 20201030 Wa0169.jpg
ഹരിതകേരള മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഹരിത ക്യാമ്പസ് പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പിലാക്കാവുന്ന മാതൃക പദ്ധതിയാണെന്ന് എക്സൈസ് – തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ഹരിത ക്യാമ്പസ് പദ്ധതിയുടെ ആദ്യഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ ഉല്‍പാദന രംഗത്ത് സ്വയംപര്യാപ്ത ലക്ഷ്യമിടുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ വിജയത്തിന് വലിയ പിന്തുണ നല്‍കാന്‍ ഹരിത ക്യാമ്പസ് പദ്ധതിയ്ക്ക് കഴിയും. ഹരിത ക്യാമ്പസ് പദ്ധതി സംസ്ഥാനത്തെ മുഴുന്‍ ഗവണ്‍മെന്റ് ഐ.ടി.ഐയിലും നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. 
കോവിഡ് പ്രതിസന്ധിയില്‍ തടസ്സമില്ലാതെ ഹരിത ക്യാമ്പസ് പ്രവര്‍ത്തനം മുന്നോട്ട് പോയത് ബന്ധപ്പെട്ട വകുപ്പുകളുടെയും ഐ.ടി.ഐയിലെ പരിശീലകരുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ്. അതിനാല്‍ തന്നെ ഹരിത ക്യാമ്പസ് പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഐ.ടി.ഐ ക്യാമ്പസുകളില്‍ പിഴവുകളില്ലാതെ നടപ്പിലാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രളയകാലത്ത് ഐ.ടി.ഐ ക്യാമ്പസുകളില്‍ രൂപീകരിച്ച നൈപുണ്യ കര്‍മ്മസേന സ്ഥിരപ്പെടുത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും യാഥാര്‍ത്ഥ്യമായിട്ടുണ്ട്. പതിനായിരത്തോളം പേരുടെ സേവനമാണ് ഇതിലൂടെ നാടിന് ലഭിക്കുക. ഹരിതകേരള മിഷന്റെയും മറ്റ് വകുപ്പുകളുടെയും സഹകരണത്തോടെ നടപ്പിലാവുന്ന പദ്ധതിയ്ക്ക് ആവശ്യമായ സഹകരണം തുടര്‍ന്നും ലഭ്യമാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്ത് 11 ഐ.ടി.ഐ ക്യാമ്പസുകളാണ് ഹരിത ക്യാമ്പസ് പദവി നേടിയത്. പദ്ധതിയുടെ ഭാഗമായി ഐ.ടി.ഐ ക്യാമ്പസുകളില്‍ ഉറവിട മാലിന്യ സംസ്‌കരണത്തിനും അജൈവ മാലിന്യ ശേഖരണത്തിനുമായി തുമ്പൂര്‍ മുഴി എയ്റോബിക് ബിന്‍ കമ്പോസ്റ്റ്, മിനി എം.സി.എഫ് സ്ഥാപിക്കല്‍ നാപ്കിന്‍ വെന്‍ഡിംഗ് ആന്റ് ഇന്‍സിനറേറ്റര്‍ സ്ഥാപിക്കല്‍, ഉദ്യാന നവീകരണം, കിണര്‍ റീച്ചാര്‍ജിംഗ്, സോളാര്‍ പാനല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഓരോ പദ്ധതിയും സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളുടെ മേല്‍നോട്ടത്തിലാണ് ബന്ധപ്പെട്ട ക്യാമ്പസുകളില്‍ നടപ്പിലാക്കിയത്. മുന്‍വര്‍ഷങ്ങളിലെ പ്രളയകാലത്ത് രൂപീകരിച്ച നൈപുണ്യ കര്‍മ്മസേനയുടെ തുടര്‍ച്ചയായാണ് ഐ.ടി.ഐ ഹരിത ക്യാമ്പസ് പ്രവര്‍ത്തനം നടപ്പിലാക്കുന്നത്.
ജില്ലയില്‍ കല്‍പ്പറ്റ ഐ.ടി.ഐയില്‍ നടന്ന ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ എ.എസ്. സെയ്തലവി കോയ തങ്ങള്‍ക്ക് അനുമോദന പത്രം കൈമാറി. ഹരിതകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു, അനര്‍ട്ട് ജില്ലാ പ്രൊജക്ട് എഞ്ചിനീയര്‍ ഡി.ഐശ്വര്യ, ഗ്രീന്‍ ക്യാമ്പസ് കോര്‍ഡിനേറ്റര്‍ പി.ബിനീഷ്, ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ പി.പ്രമോദ് കുമാര്‍, ഐ.ടി.ഐ യൂണിയന്‍ ചെയര്‍മാന്‍ കെ.ബി. സ്റ്റെഫിന്‍, ജോയിന്റ് സെക്രട്ടറി അശ്വിന്‍ സതീഷ് കുമാര്‍, ജോയിന്റ് സ്റ്റാഫ് സെക്രട്ടറി ടി.ടി. ഷീജ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *