April 27, 2024

സിക വൈറസ്; ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം; പ്രതിരോധത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

0
N297551552f23aa8afa38360fe71c114e36ed9ef8e3e34692ed7e4d5a4230753d3c78255ac 2.jpg
കേരളത്തില്‍ ആദ്യമായി സിക വൈറസ് രോഗബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് പതിനാല് പേര്‍ക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് പതിനാല് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് പതിനാല് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.

കൊവിഡിനിടെ കേരളത്തില്‍ സിക വൈറസ് സാന്നിധ്യവും സ്ഥിരീകരിച്ചതോടെ ആശങ്ക വര്‍ധിക്കുകയാണ്. മരണ സാധ്യത വളരെ കുറവാണെങ്കിലും ഗര്‍ഭിണികള്‍ ആണ് സികയെ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. കൊവിഡ്‌ മഹാമാരി കൊണ്ട് വലഞ്ഞിരിക്കുന്ന ഈ വേളയില്‍ മറ്റൊരു വൈറസ് കൂടി വില്ലനായി വന്നോ എന്ന ആശങ്ക പലരിലും ഉണ്ടായേക്കാം.
എന്താണ് സിക വൈറസ്
ഫ്ളാവിവിറിഡേ എന്ന വൈറസ് കുടുംബത്തിലെ ഫ്ളാവിവൈറസ് ജനുസിലെ ഒരു അംഗമാണ് സിക വൈറസ്.
പകല്‍ പറക്കുന്ന ഈഡിസ് ഇനത്തില്‍പ്പെട്ട കൊതുകുകളാണ് ഈ വൈറസ് പകരാന്‍ ഇടയാക്കുന്നത്. സിക വൈറസിനെ കുറിച്ച്‌ അറിഞ്ഞിരിക്കേണ്ട പ്രസക്തമായ വസ്തുതകള്‍ ചുരുക്കത്തില്‍.
പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണിത്.
പൊതുവെ അതിരാവിലെയും വൈകുന്നേരവും കടിക്കുന്ന കൊതുകുകള്‍ ആണിവ.
രോഗബാധിതരായ ഗര്‍ഭിണിയില്‍ നിന്നും കുഞ്ഞിലേക്കും, രക്തദാനത്തിലൂടെയും ലൈംഗീക ബന്ധത്തിലൂടെയും അവയവ മാറ്റത്തിലൂടെയും ഈ അസുഖം പകരാവുന്നതാണ്.
രോഗാണുക്കള്‍ ശരീരത്തിലെത്തിയാല്‍ മൂന്ന് ദിവസം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം, അത് ഒരാഴ്ച വരെയോ ഏറിയാല്‍ 12 ദിവസം വരെയോ നീണ്ടു നില്‍ക്കാം.
പലരിലും ലക്ഷങ്ങള്‍ പോലും കാണിക്കാതെയും ഈ അസുഖം വരാവുന്നതാണ്.
ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സാ വേണ്ടി വരില്ല. കാരണം മരണ സാധ്യത തീരെയില്ല.
സികയെ പേടിക്കേണ്ടതുണ്ടോ?
സാധാരണ ഗതിയില്‍ വളരെ ലഘുവായ രീതിയില്‍ വന്നു പോന്ന ഒരു വൈറസ് രോഗബാധയാണിത്. ഗര്‍ഭിണിയായ സ്ത്രീയില്‍ ഈ രോഗബാധ ഉണ്ടായാല്‍ നവജാത ശിശുവിന് ജന്മനാലുള്ള തകരാറുകള്‍ ഉണ്ടാകുമെന്നതാണ് ഇതില്‍ പ്രധാനമായും കാണപ്പെടുന്ന ഒരു ആശങ്ക. അതില്‍ പ്രധാനമാണ് മൈക്രോസെഫാലി എന്ന രോഗാവസ്ഥ. തലയുടെ വലുപ്പം കുറയുകയും, തലച്ചോറിന്‍റെ വളര്‍ച്ച ശുഷ്‌കമാവുകയും ചെയ്യുന്ന അവസ്ഥയാണിത്. അതിനോടൊപ്പം തന്നെ കണ്‍ജനിറ്റല്‍ സിക സിന്‍ഡ്രോം എന്ന അവസ്ഥയിലേക്കും നവജാത ശിശുക്കളെ ഈ വൈറസ് എത്തിക്കാറുണ്ട്. കൂടാതെ വളര്‍ച്ച എത്താതെ പ്രസവിക്കാനും അബോര്‍ഷന്‍ ആയി പോകാനും സാധ്യതയുണ്ട്. അപൂര്‍വമായി മുതിര്‍ന്നവരില്‍ ജില്ലന്‍ ബാരി സിന്‍ഡ്രോം എന്ന നാഡീവ്യവസ്ഥയെ ബാധിക്കുന്ന തളര്‍ച്ചയും, ഈ രോഗബാധയുടെ പരിണതഫലമായി ഉണ്ടായേക്കാവുന്നതായി റിപോര്‍ട്ടുകള്‍ ഉണ്ട്.
രോഗബാധ എങ്ങനെ കണ്ടെത്താം?
രോഗബാധിതന്റെ കോശങ്ങള്‍, രക്തം, ശുക്ലം, മൂത്രം എന്നിവയില്‍ വൈറസ് ബാധയുടെ തെളിവു കണ്ടെത്താം. ഇന്ത്യയില്‍ നിലവില്‍ എന്‍.സി.ഡി.സി. ഡല്‍ഹി, എന്‍.ഐ.വി. പൂണെ എന്നിവിടങ്ങളിലാണ് സിക വൈറസ് സ്ഥിരീകരിക്കാനുള്ള സംവിധാനമുള്ളത്. ആര്‍ടിപിസിആര്‍ ടെസ്റ്റാണ് സാധാരണയായി നടത്തുന്നത്.
ചികിത്സ എങ്ങനെ?
മരണ സാധ്യത ഇല്ലാത്തതിനാല്‍, കിടത്തി ചികിത്സ കുറവാണ്. സിക വൈറസിനെ നശിപ്പിക്കുന്ന ഫലപ്രദമായ ആന്‍റിവൈറസ് മരുന്നുകളോ, ഇതിനെതിരെയുള്ള വാക്‌സിനുകളോ നിലവില്‍ വികസിപ്പിച്ചിട്ടില്ല. വിശ്രമവും ശരിയായ ഭക്ഷണവും പാനീയങ്ങളുമൊക്കെ മതിയാവും രോഗ ശമനത്തിന്. ആവശ്യമെങ്കില്‍ പനിക്കും വേദനയ്ക്കും പാരസെറ്റമോള്‍ പോലുള്ള മരുന്നുകളും കഴിക്കാവുന്നതാണ്. എന്നാല്‍ മറ്റു ചില വേദനസംഹാരികള്‍ ഒഴിവാക്കേണ്ടതാണ്.
പ്രതിരോധമാണ് ചികിത്സയെക്കാള്‍ ഉത്തമം
ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ തുടങ്ങിയ അസുഖങ്ങള്‍ പകരുന്ന അതേ രീതിയിലാണ് ഈ രോഗവും പകരുന്നത്. ആയതിനാല്‍ നിയന്ത്രണവും അതേ മാര്‍ഗേണതന്നെ. കൊതുകുകടി ഏല്‍ക്കാതെ സൂക്ഷിക്കുക, കൊതുകുനശീകരണം, കൊതുകിന്റെ പ്രജനനം നിയന്ത്രിക്കുക തുടങ്ങിയവ സാധ്യമാക്കാനുള്ള നടപടികളാണ് പരമപ്രധാനം.
വീടിന് ചുറ്റും കൊതുകുകള്‍ പെറ്റ് പെരുകുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കുക.
പ്രഭാതം മുതല്‍ പ്രദോഷം വരെയുളള സമയത്ത് കൊതുക് കടി കൊള്ളാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കൊതുകു കടിയില്‍ നിന്ന് രക്ഷ നേടാനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാം.
ഉറങ്ങുമ്ബോള്‍ കൊതുക് കടി തടയുന്ന രൂപത്തില്‍ മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കുകയോ കൊതുകുവല ഉപയോഗിക്കുന്നത് ശീലമാക്കുകയോ ചെയ്യുക. റെപെല്ലെന്റുകളും ഉപയോഗിക്കാവുന്നതാണ്.
ചുരുക്കി പറഞ്ഞാല്‍ അമിത ആശങ്കകള്‍ വേണ്ട. ഗര്‍ഭിണികളും ഗര്‍ഭവതികള്‍ ആവാനിടയുള്ളവരും കരുതലോടെയിരിക്കണം.
ഡയബറ്റിക്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ശ്വസന വൈകല്യം, പ്രതിരോധക്കുറവ് എന്നിവയുള്ളവര്‍ വൈറസ് ബാധിത പ്രദേശങ്ങളിലേക്ക് പോകുന്നുണ്ടെങ്കില്‍ അതിന് മുന്‍പ് ഒരു ആരോഗ്യ വിദഗ്ധനോട് ഉപദേശം തേടിയതിന് ശേഷം മാത്രം പോവുക.
വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്ന് തിരിച്ചു വന്നവര്‍ക്ക് രണ്ടാഴ്ചക്കുള്ളില്‍ പനി ഉണ്ടായാല്‍ ഉടനെ വൈദ്യസഹായം തേടണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *