May 17, 2024

സാമൂഹ്യബോധവും രാഷ്ട്രത്തിന്റെ വളര്‍ച്ചയും

0
Img 20220127 121408.jpg
ഫാദർ തോമാസ് കക്കുഴിയിൽ 
(കപ്പുച്ചിൻ)
ഒരു സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും കെട്ടുറപ്പിനും മറ്റെല്ലാ രീതിയിലുമുള്ള ഉന്നതിക്കും അനിവാര്യമാണ്  ധാര്‍മികബോധം. സമൂഹത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ ധാര്‍മികബോധത്തിന്റെ വെളിച്ചത്തില്‍ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന അവസ്ഥയാണ് 
സാമൂഹ്യബോധം. ഈ മനോഭാവം ഉള്ളവര്‍ക്കേ മറ്റുള്ളവരെ സഹോദരീ സഹോദരങ്ങളായി കാണാനും സമൂഹനന്‍മയ്ക്കായി പ്രവര്‍ത്തിക്കാനുമുള്ള പ്രേരണയും ത്യാഗമനോഭാവവും ഉണ്ടാകൂ.
 എല്ലാത്തരത്തിലുള്ള അഴിമതിയും മറ്റു സാമൂഹ്യ തിന്‍മകളും തുടച്ചുനീക്കണമെങ്കില്‍  സാമൂഹ്യബോധം ഉള്ളവരാകണം സമൂഹത്തിലെ ഒരോ അംഗവും. 
ഒരു വ്യക്തി, തന്റെ അസ്തിത്വത്തിനും വളര്‍ച്ചയ്ക്കും പ്രധാന കാരണമായി പ്രവര്‍ത്തിക്കുന്ന കുടുംബത്തോടും സമൂഹത്തോടുമുള്ള കടപ്പാട് തിരിച്ചറിയുന്ന അവസ്ഥയാണ് സാമൂഹ്യബോധത്തിന്റെ അടിസ്ഥാനം. തത്വചിന്തകനായ അരിസ്റ്റോട്ടിലിന്റെ കാലം(384 ബി.സി) മുതല്‍ക്കേ കേട്ടുവരുന്ന കാര്യമാണ്, മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ് എന്ന സത്യം. മനുഷ്യന്‍ മറ്റു ജീവികളെപോലെ വെറും ഭക്ഷണംകൊണ്ടോ മറ്റു അവശ്യവസ്തുക്കള്‍ കൊണ്ടോ മാത്രം സംതൃപ്തനാകുകയില്ല, മറിച്ച്, മറ്റുള്ളവരുടെ സ്‌നേഹവും സംരക്ഷണവു അംഗീകാരവും കൂടി ലഭിക്കുമ്പോഴാണ് മനുഷ്യര്‍ സംതൃപ്തരാകുന്നത്. 
സമൂഹത്തിന്റെ കടപ്പാടും സമൂഹത്തോടുള്ള കടപ്പാടും.
ഓരോ കുടുംബവും സമൂഹത്തിനു നല്‍കുന്ന അമൂല്യ നിധിയാണ് സാമൂഹ്യബോധമുള്ള  ഓരോ കുട്ടിയും. അതിനാല്‍ ഓരോ കുട്ടിയെയും  ശാരീരികവും മാനസികവും അടക്കം എല്ലാ തലങ്ങളിലുമുള്ള വളര്‍ച്ചയിലേക്ക് എത്തിക്കുക  മാതാപിതാക്കളുടെ മാത്രമല്ല, സമൂഹത്തിന്റെയും കടമയും ലക്ഷ്യവുമാകണം. ഒരു കുട്ടിയുടെ എല്ലാ തരത്തിലുമുള്ള വളര്‍ച്ചയ്ക്ക് ആവശ്യമായ മേഖലകള്‍ ഒരുക്കുക സമൂഹത്തിന്റെയും  ഭരണകര്‍ത്താക്കളുടെയും ഉത്തരവാദിത്തമാണ്.  
ഭരണകര്‍ത്താക്കളില്‍നിന്നും സമൂഹത്തിലെ അനേക വ്യക്തികളില്‍നിന്നും ലഭിച്ച നിരവധിയായ നന്‍മകള്‍, പ്രോത്സാഹനം, ത്യാഗം എന്നിവയിലൂടെ വളര്‍ന്നു വലുതാകുന്ന വ്യക്തിയും കുടുംബത്തോടും  സമൂഹത്തോടുമുള്ള കടപ്പാട് ഒരിക്കലും മറക്കരുത്. ഒരു കുട്ടിയെ വളര്‍ത്തുന്നതില്‍ സമൂഹവും  പങ്കുചേരുന്നുന്നുണ്ട്. അതിനാല്‍ സമൂഹത്തിനുംകൂടിയുള്ളതാണ് കുട്ടിയിലുള്ള അവകാശം. 
സാമൂഹ്യബോധത്തിന്റെ അനിവാര്യത.
എ).ഒരു രാഷ്ട്രത്തെ/സമൂഹത്തെ വളര്‍ച്ചയിലേക്കും കെട്ടുറപ്പിലേക്കും നയിക്കുന്ന മൂന്ന് പ്രധാന മേഖലകളാണ് നീതിന്യായ വ്യവസ്ഥ, മതനിരപേക്ഷത(മതങ്ങള്‍ തമ്മിലുള്ള ഐക്യം), രാഷ്ട്രീയ പാര്‍ട്ടികളുടെ സാമൂഹിക പ്രതിബദ്ധത എന്നിവ. ഈ മൂന്ന് മേഖലകളും എത്രത്തോളം സാമൂഹ്യബോധത്തോടും ധാര്‍മികമൂല്യത്തോടും പ്രവര്‍ത്തിക്കുന്നുവോ, അത്രത്തോളം സമാധാനവും ഐക്യവും എല്ലാത്തരത്തിലുള്ള വികാസങ്ങളും സമൂഹത്തില്‍ സംജാതമാകുന്നു. മറിച്ചായാല്‍, നാടിന്റെ അധഃപതനവും അരാജകത്വവുമാണ്  സംഭവിക്കുക. 
ബി). ഇന്നത്തെ തലമുറ വിദ്യാഭ്യാസപരവും മറ്റുമായ കഴിവുകളില്‍  വളരെ മുന്നിലാണെങ്കിലും സാമൂഹ്യബോധത്തിന്റെ കാര്യത്തില്‍ ഏറെ പിന്നിലാണ്. കാരണം, ഇന്നത്തെ തലമുറ വ്യക്തി കേന്ദ്രീകൃത സ്വഭാവത്തിലേക്കാണ് പോകുന്നത്. സമൂഹത്തോടുള്ള കടപ്പാട് തിരിച്ചറിയുകയും കഴിവുകള്‍ സമൂഹനന്‍മയ്ക്കായി ഉപയോഗിക്കുകയും ചെയ്യുന്നവര്‍ പുതിയ തലമുറയില്‍ വിരളമാണ്. 
സി).സമൂഹത്തില്‍ നടക്കുന്ന ചെറിയ തിന്‍മകളും  അതിക്രമങ്ങളും 
ഇക്കാലത്തു സാമൂഹമാധ്യമങ്ങളിലൂടെ വളരെയേറെ വിമര്‍ശിക്കപ്പെടുന്നുണ്ട്. എങ്കിലും ഇതിനെ സാമൂഹ്യബോധമായി കാണാന്‍ കഴിയില്ല.  വിമര്‍ശകരില്‍ നല്ലൊരു ശതമാനവും  സമൂഹത്തെ വെറുക്കുന്നവരാണ്, സ്‌നേഹത്തോടെയുള്ള ശകാരമല്ല നാം കാണുന്നത്. സമൂഹത്തിലെ തിന്‍മ കണ്ടതിനുശേഷം, അതില്‍നിന്നു മോചിപ്പിക്കുന്ന മാര്‍ഗം തേടുന്നവരാണ് യതാര്‍ത്ഥ സമൂഹസ്നേഹി.
സാമൂഹ്യബോധവും രക്തസാക്ഷിത്വവും.
രാഷ്ട്രത്തിന്റെയോ സമൂഹത്തിന്റെയോ വ്യക്തിയുടെയോ രക്ഷയ്ക്കും നന്മ്മയ്ക്കും വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്നതാണ് രക്തസാക്ഷിത്വം. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടേയോ, മതത്തിന്റെയോ പ്രേരണ അനുസരിച്ചു  തന്റെ സമൂഹത്തിലെ
രാഷ്ട്രത്തിലെ സഹോദരങ്ങള്‍ക്കിടയില്‍ വഴക്കുണ്ടാക്കുകയും അതിന്റെ പേരില്‍ വധിക്കപ്പെടുകയോ ചെയ്യുന്നിനെ രക്തസാക്ഷിത്വമായി കാണുന്നത് നല്ലതല്ല. ഇത്തരം മരണങ്ങള്‍ സാമൂഹ്യതിന്‍മ ആവര്‍ത്തിക്കാന്‍ കാരണമായിത്തീരുകയും ചെയ്യും. 
കടമകള്‍
സാമൂഹ്യബോധമുള്ള തലമുറയെ വാര്‍ത്തെടുക്കണമെങ്കില്‍ ആദ്യംതന്നെ മാതാ പിതാക്കള്‍ മക്കളെ ബോധവത്കരിക്കണം. ഈ കാലഘട്ടത്തില്‍ മാതാപിതാക്കള്‍  മക്കളെ പഠിപ്പില്‍ മാത്രം ശ്രദ്ധ കേന്ദ്രികരിക്കാണ്  പ്രേരിപ്പിക്കുന്നത്.  സാമൂഹിക കാര്യങ്ങളില്‍ ഇടപെടുന്നതില്‍നിന്നു മക്കളെ  പിന്തിരിപ്പിക്കുന്ന പ്രവണതയും രക്ഷിതാക്കളിലുണ്ട്. കുട്ടികളില്‍ സമൂഹത്തെ വെറുക്കുന്ന രീതിയിലുള്ള കാഴ്ച്ചപ്പാടുകള്‍ പകരുന്നതു  അവരില്‍ സാമൂഹിക പ്രതിബദ്ധത കുറയാന്‍ കാരണമാകുകയാണ്. 
സാമൂഹ്യബോധം നിശ്ചയമായും വളര്‍ത്തേണ്ടതാണ് വിദ്യാഭ്യാസമേഖല. ധാര്‍മിക ബോധവും സാമൂഹ്യബോധവും വളര്‍ത്തുന്ന പാഠ്യ പദ്ധതികളും സാമൂഹിക ഇടപെടലുകളും കുട്ടികളെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്. 
സാമൂഹ്യപ്രവര്‍ത്തനം നടത്തുന്ന അനേക സംഘടനകള്‍ ഉണ്ടെങ്കിലും അവ സമൂഹത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന് വിലയിരുത്തണം. വിവിധ മതങ്ങള്‍ക്കു സ്വാധീനമുള്ള  സമൂഹത്തില്‍ മതനേതാക്കളുടെ സന്ദേശങ്ങളും  പ്രവര്‍ത്തികളും വളര്‍ന്നുവരുന്ന 
തലമുറയെ ഏറെ സ്വാധീനിക്കുന്നതാണ്. 
സാമൂഹ്യബോധം ഇല്ലാത്ത ജനങ്ങളുടെ കൂട്ടായ്മ സ്വാര്‍ത്ഥത നിറഞ്ഞ, പരസ്പര ബന്ധം ഇല്ലാത്ത ആള്‍ക്കൂട്ടം മാത്രമായിരിക്കും. 
അതു ആത്മാര്‍ത്ഥതയിലും സ്‌നേഹത്തിലും  ബന്ധിതമായ സമൂഹം ആയിരിക്കുകയില്ല. ദുഷിച്ച സമൂഹത്തിലാണ്  അഴിമതിയിലൂടെ അധികാരം നേടുന്നതിനും അക്രമത്തിലൂടെ അരാജകത്വം സൃഷ്ടിക്കുന്നതിനും കളം ഒരുങ്ങുന്നത്. ഈ അവസരത്തില്‍ സ്വജനപക്ഷപാതം എന്ന മഹാ ശക്തി എല്ലാ തിന്‍മകള്‍ക്കും തങ്ങളുടെ അവകാശങ്ങള്‍ എന്ന പരിവേഷം നല്‍കി ദേശത്ത് നാശം വിതയ്ക്കുന്നു. ഈ അവസരത്തില്‍ ആത്മീയമൂല്യങ്ങളാല്‍ രൂപപ്പെട്ട  ധാര്‍മികത നിറഞ്ഞ സാമൂഹ്യബോധത്താല്‍ സാഹോദര്യത്തിന്റെ വിത്തുകള്‍ പാകി  ഐക്യത്തിന്റെയും സമാധാനത്തിന്റെയും ഫലം കൊയ്യാന്‍ നമ്മുടെ നല്ല ചിന്തകള്‍ക്കും  പ്രവര്‍ത്തികള്‍ക്കും കഴിയും.
9814906822
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *