May 5, 2024

ആരോഗ്യകേന്ദ്രങ്ങളുടെ നിര്‍മ്മാണം ത്വരിതപ്പെടുത്തും പദ്ധതികള്‍ അവലോകനം ചെയ്തു

0
ജില്ലാ നിര്‍മ്മിതി കേന്ദ്ര നിര്‍വ്വഹണമേറ്റെടുത്ത ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍  നിര്‍ദ്ദേശം നല്‍കി. കളക്‌ട്രേറ്റില്‍ നടന്ന ആര്‍ദ്രം മിഷന്‍ അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിര്‍മ്മിതി കേന്ദ്ര  നിര്‍മാണം  ഏറ്റെടുത്ത പ്രവൃത്തികള്‍ അവലോകനം ചെയ്യാന്‍ പ്രത്യേകം യോഗം ചേരും. ഇതിനായി ഏറ്റെടുത്ത പ്രവര്‍ത്തികളുടെ ലിസ്റ്റ് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു. നിര്‍മ്മാണ പ്രവര്‍ത്തികളില്‍ കാലതാമസം വരുന്നതായി യോഗത്തില്‍ അഭിപ്രായമുയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ജില്ലയിലെ 15 പ്രാഥമിക ആരോഗ്യങ്ങളെ കൂടി  ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി  കുടുംബാരോഗ്യ കേന്ദ്രങ്ങളാവുകയാണ്. ഇതിനായി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. പൊഴുതന,മേപ്പാടി,അമ്പലവയല്‍, വെളളമുണ്ട, എടവക,ചീരാല്‍,തൊണ്ടര്‍നാട്,ചെതലയം,കോട്ടത്തറ, പടിഞ്ഞാത്തറ, പാക്കം,ബേഗൂര്‍,കുറുക്കന്‍മൂല,വാഴവറ്റ,സുഗന്ധഗിരി എന്നീ  ആരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. ഇതില്‍ പാക്കം,ബേഗൂര്‍,കുറുക്കന്‍മൂല,വാഴവറ്റ,സുഗന്ധഗിരി എന്നീ കേന്ദ്രങ്ങള്‍ക്ക് പുതിയ കെട്ടിടം പണിയേണ്ടതുണ്ടെന്ന്  ആരോഗ്യ വകുപ്പ് അധികൃതര്‍ യോഗത്തില്‍ വ്യക്തമാക്കി. മറ്റിടങ്ങളില്‍ നിലവില്‍ ആസ്പത്രികള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളില്‍ ആവശ്യമായ നവീകരണം നടത്തും. ഇതിനായി വിശദമായ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി നിര്‍മ്മിതി കേന്ദ്ര സമര്‍പ്പിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറക്ക് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഓരോ കേന്ദ്രങ്ങളിലും നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ മെഡിക്കല്‍ ഓഫീസര്‍മാരും ജനപ്രതിനിധികളും യോഗത്തില്‍ വ്യക്തമാക്കി. കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നതോടെ രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ ഒ.പി സൗകര്യം ലഭിക്കും.മൂന്ന് ഡോക്ടര്‍മാരും അനുബന്ധ ജീവനക്കാര്‍, ലാബ് സൗകര്യം എന്നിവയും ഉണ്ടാകും. നിലവില്‍ നൂല്‍പ്പുഴ,അപ്പപ്പാറ, പൂതാടി ,വെങ്ങപ്പള്ളി എന്നിവ കുടുംബാരോഗ്യ കേന്ദ്രങ്ങലായി പ്രവര്‍ത്തിച്ചു വരുന്നത്. യോഗത്തില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബി.അഭിലാഷ് പദ്ധതികള്‍ വിശദീകരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *