April 27, 2024

സമസ്ത ഭവനങ്ങളുടെ താക്കോല്‍ദാനം നടത്തി: ഇത് മനുഷ്യത്വത്തിന്റെ ഭാഗം: സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

0
Img 20190409 Wa0120
 
കല്‍പ്പറ്റ: സമസ്തയുടെ കീഴില്‍ രൂപീകരിച്ച ആശ്വാസ് ചാരിറ്റബിള്‍ ട്രസ്റ്റ് വയനാട്ടില്‍ പ്രളയം ദുരിതം വിതച്ചവര്‍ക്ക് ആശ്വാസമായി ഭവനങ്ങള്‍ നിര്‍മിച്ച് നല്‍കി. 100 വീടുകളാണ് പദ്ധതിയിലൂടെ നിര്‍മിച്ച് നല്‍കുന്നത്. ഇതില്‍ ആദ്യഘട്ടത്തിലെ 10 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി താക്കോലുകള്‍ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അതാത് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ക്ക് കൈമാറി. സമസ്ത ഏറ്റെടുത്ത ഈ പ്രവര്‍ത്തനം മനുഷ്യത്വത്തിന്റെ ഭാഗമായാണെന്ന് അദ്ധേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സഹോദരങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ അവര്‍ക്ക് കൈത്താങ്ങാവുകയെന്നത് പ്രകൃതിയില്‍ നിന്ന് മനുഷ്യന് ലഭിക്കുന്ന വാസനയാണ്. ഇതിന് മറ്റാരുടെയും ഉപദേശം ആവശ്യമായി വരാറില്ല. പുരാതന കാലംമുതലേ മനുഷ്യര്‍ ആര്‍ജിച്ച് വച്ചൊരു നന്മയാണിത്. എന്നാല്‍ ഇത് എല്ലാവര്‍ക്കും ചെയ്യാനും സാധിക്കില്ല. ഇത്തരത്തില്‍ സഹജീവികളുടെ വേദന കണ്ട് അവര്‍ക്കായി കൈത്താങ്ങാവാനാവുക മനസില്‍ നന്മ വറ്റാത്തവര്‍ക്ക് മാത്രമാണ്. ഇത്തരക്കാരെ സൃഷ്ടാവ് ഒരിക്കലും കൈവെടിയുകയില്ല. അവര്‍ക്ക് ജീവിതത്തില്‍ പ്രയാസങ്ങളുണ്ടാവില്ല. സൃഷ്ടാവിന്റെ കരുണയുടെ നോട്ടം എത്താനുള്ള പ്രവര്‍ത്തനങ്ങളാണ് ഇത്തരത്തില്‍ സഹജീവികളോട് കാണിക്കുന്ന കനിവെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത്രയധികം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സമസ്ത ജില്ലാ ഘടകവും ആശ്വാസ് ചാരിറ്റബിള്‍ ട്രസ്റ്റും എടുത്ത അധ്വാനം പ്രശംസിക്കപ്പെടേണ്ടതാണ്. അടുത്ത് ഘട്ടത്തിലെ 10 വീടുകളുടെ നിര്‍മാണം ഇതിലും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സംഘാടകര്‍ക്ക് സാധിക്കട്ടെയെന്നും അദ്ധേഹം ആശംസിച്ചു. എന്‍ജിനീയര്‍ അദ്ഹം, കോണ്‍ട്രാക്ടര്‍ മുസ്തഫ എന്നിവര്‍ക്കുള്ള ട്രസ്റ്റിന്റെ ഉപഹാരങ്ങളും തങ്ങള്‍ വിതരണം ചെയ്തു. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനായ ചടങ്ങില്‍ കേന്ദ്ര മുശാവറ അംഗം വി മൂസക്കോയ മുസ്‌ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍, സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ സജീവന്‍, ഡബ്ല്യു.എം.ഒ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി, ടി.വി ഹമീദ് ഖത്തര്‍ സംസാരിച്ചു. സമസ്ത ജില്ലാ നേതാക്കളായ എസ് മുഹമ്മദ് ദാരിമി, എം ഹസന്‍ മുസ്‌ലിയാര്‍, ഇബ്രാഹിം ഫൈസി വാളാട്, പി ഇബ്‌റാഹിം ദാരിമി, കാഞ്ഞായി മമ്മുട്ടി മുസ്‌ലിയാര്‍, അശ്‌റഫ് ഫൈസി പനമരം, ഇബ്രാഹിം ഫൈസി പേരാല്‍, എം മുഹമ്മദ് ബഷീര്‍, ഹംസക്കോയ ചേളാരി, എം മൊയ്തീന്‍കുട്ടി, പനന്തറ മുഹമ്മദ്, ഹാരിസ് ബാഖവി കമ്പളക്കാട്, ശൗഖത്തലി മൗലവി വെള്ളമുണ്ട, സൈനുല്‍ ആബിദ് ദാരിമി സംബന്ധിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ പിണങ്ങോട് അബൂബക്കര്‍ ഹാജി സ്വാഗതം പറഞ്ഞ ചടങ്ങില്‍ കണ്‍വീനര്‍ പി.സി ഇബ്രാഹിം ഹാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുഹിയുദ്ധീന്‍കുട്ടി യമാനി നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *