April 26, 2024

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി; വയനാട്ടിൽ സി-വിജില്‍ പരാതികള്‍ 110 ആയി.

0
കൽപ്പറ്റ: 
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ പോളിങ് ബൂത്തുകളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നത് അന്തിമഘട്ടത്തില്‍. 90 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ അറിയിച്ചു. ജനറല്‍, പോലിസ്, എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാരുടെ സാന്നിധ്യത്തില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ സി-വിജില്‍ ആപ്ലിക്കേഷനിലൂടെ ലഭിച്ച 110 പരാതികള്‍ സമയബന്ധിതമായി പരിഹരിച്ചു. ഇ.വിഎം, വിവിപാറ്റ് എന്നിവയുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ ഏപ്രില്‍ 12നു നടക്കും. ബൂത്തുകളില്‍ ഭിന്നശേഷിക്കാര്‍ക്കായി റാമ്പ് സൗകര്യം ഒരുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്. വീഡിയോ സര്‍വൈലന്‍സ്, സ്റ്റാറ്റിക് സര്‍വൈലന്‍സ്, ഫ്‌ളയിങ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. 
ജില്ലയില്‍ 46 പ്രദേശങ്ങളിലായി 72 പോളിങ് ബൂത്തുകള്‍ പ്രശ്‌നബാധിതമാണെന്നു കണ്ടെത്തിയതായി ജില്ലാ പോലിസ് മേധാവി ആര്‍ കറുപ്പസാമി അറിയിച്ചു. ഇവിടങ്ങളില്‍ കേന്ദ്രസേനയുടെ സഹായത്തോടെ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും. ആവശ്യമായ സ്ഥലങ്ങളില്‍ വയര്‍ലെസ് സെറ്റുകള്‍ ഉറപ്പാക്കും. വിവര കൈമാറ്റം സുഗമമാക്കാന്‍ ഓരോ നിയോജക മണ്ഡലങ്ങളിലും നോഡല്‍ ഓഫിസര്‍മാരെ നിയോഗിക്കാന്‍ യോഗം തീരുമാനിച്ചു. നിശ്ചിത മാതൃകയിലുള്ള റിപോര്‍ട്ടുകള്‍ക്കു പുറമെ കൂടുതല്‍ വിവരങ്ങള്‍ യഥാസമയം നല്‍കാന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് ഒബ്‌സര്‍വര്‍മാര്‍ നിര്‍ദേശിച്ചു. പണം, മദ്യം തുടങ്ങിയവ പിടിച്ചെടുത്താല്‍ സ്ഥലവും സമയവും അടക്കമുള്ള വിവരങ്ങള്‍ നിര്‍ബന്ധമായി കൈമാറണം. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി മണ്ഡലാടിസ്ഥാനത്തില്‍ യോഗം വിളിച്ചുചേര്‍ക്കും. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിരു പങ്കിടുന്നതിനാല്‍ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നും ഒബ്‌സര്‍വര്‍മാര്‍ നിര്‍ദേശിച്ചു. 
ഓരോ നിയോജക മണ്ഡലങ്ങളിലും ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍ ഒബ്‌സര്‍വര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തി. ജനറല്‍ ഒബ്സര്‍വര്‍ ബോബി വൈക്കോം, ചെലവ് നിരീക്ഷകന്‍ ആനന്ദ്കുമാര്‍, പോലിസ് ഒബ്‌സര്‍വര്‍ നിതിന്‍ ദീപ് ബ്ലാഗന്‍, സബ് കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ്, എ.ഡി.എം  കെ. അജീഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി.റംല, പോലിസ്-എക്‌സൈസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *