April 28, 2024

ഭൂമിക്കുവേണ്ടിയുളള സമരം ഒത്തുതീര്‍പ്പാക്കണം:വയനാട് പ്രകൃതിസംരക്ഷണസമിതി

0
കല്‍പ്പറ്റ സിവില്‍ സ്റ്റേഷനു മുന്‍പില്‍ ആറുമാസക്കാലമായി നടന്നുവരുന്ന ഭൂമിക്കുവേണ്ടിയുളള ഭൂരഹിതരുടെയും, തോട്ടം തൊഴിലാളികളുടെയും സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന അമാന്തത്തില്‍ വയനാട് പ്രകൃതിസംരക്ഷണ സമിതി പ്രതിഷേധിച്ചു. സമരക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് ഉടനടി ഒത്തു തീര്‍പ്പക്കണമെന്ന് സമിതി ആവശ്യപ്പെടുന്നു. അക്രമാസക്തവും ജാതിമതസംഘടനകളുടെ പിന്‍തുണയുളളതുമായ സമരങ്ങളെ മാത്രമേ ഗൗനിക്കുകയുളളൂ എന്ന സര്‍ക്കാര്‍ നിലപാട് ജനാധിപത്യ വിരുദ്ധവും അപരിഷ്കൃതവുമാണ്.
റവന്യൂ സെക്രട്ടറിയായിരുന്ന നിവേതിത.പി.ഹരനും സ്പെഷ്യല്‍ ഓഫീസറായിരുന്ന രാജമാണിക്യവും സംസ്ഥാന സര്‍ക്കാറിനു നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് വയനാട്ടില്‍ മാത്രം 25000 ഏക്കര്‍ ഭൂമി സ്വകാര്യ തോട്ടങ്ങളും വ്യക്തികളും യാതൊരു രേഖയുമില്ലാതെ നിയമ വിരുദ്ധമായി കൈവശം വച്ചു വരുന്നുണ്ട്. നികുതിയടക്കാതെയും പ്ലാന്‍റേഷന്‍ ടാക്സ് തുടങ്ങിയവ നല്‍കാതെയും നൂറ്റാണ്ടുകള്‍ ആയി കൈയ്യടക്കി വച്ചിരിക്കുന്ന ഈ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഇവര്‍ സര്‍ക്കാറിന് ഉപദേശം നല്‍കിയിരുന്നു. ചെറുകിട ഭൂ ഉടമകള്‍ മുതല്‍ മലയാളം പ്ലാന്‍റേഷന്‍, പോഡാര്‍ പ്ലാന്‍റേഷന്‍ എന്നീ വന്‍ കമ്പനികള്‍ വരെ അടക്കിവച്ചിരിക്കുന്ന ഈ ഭൂമി പിടിച്ചെടുത്താല്‍ വയനാട്ടിലെ ആദിവാസികള്‍, തോട്ടം തൊഴിലാളികള്‍, മറ്റു ഭൂരഹിതര്‍ എന്നിവര്‍ക്കുമാത്രമല്ല പ്രകൃതിദുരന്തം മൂലം മാറ്റിപ്പാര്‍പ്പിക്കേണ്ട കുടുംബങ്ങള്‍ക്കും മെഡിക്കല്‍ കോളേജ് തുടങ്ങിയ പൊതു ആവശ്യത്തിനും ഉളളതില്‍ ഏറെ ഭൂമിയുണ്ടാകും.
അടിമപ്പണിയില്‍ നിന്നും മോചിപ്പിക്കപ്പെട്ട ആദിവാസികള്‍ക്കു പതിച്ചുകൊടുക്കാന്‍ വേണ്ടി മാത്രമായി കേന്ദ്രസര്‍ക്കാറും നെറ്റ് പ്രസന്‍റ് വാല്യൂ(എന്‍.പി.വി)ഒഴിവാക്കി സുപ്രീം കോടതിയും വിട്ടു നല്‍കിയ വനഭൂമിയിലാണ് കേരളവെറ്റിനറി ആന്‍റ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി        സ്ഥാപിച്ചത്. പാമ്പ്രയിലെ ആദിവാസികള്‍ക്കു പതിച്ചു കൊടുക്കാന്‍ വനം വകുപ്പ് വിട്ടുനല്‍കിയ 500 ഏക്കര്‍ ഭൂമി സംഘടിതരാഷ്ട്രിയക്കാര്‍ കൈവശപ്പെടുത്തി വച്ചിരിക്കയാണ്. ഇത്തരം ഭൂമികള്‍     ഭൂരഹിതര്‍ക്കു പതിച്ചു നല്‍കാന്‍ റവന്യൂ വകുപ്പ് തയ്യാറാകുന്നില്ല. 
സമീപകാലത്ത് വയനാട്ടില്‍ എ.കെ.എസ്സ് മുതല്‍ മുത്തങ്ങ വരെയുളള സകല              സമരങ്ങളുടെയും പേരില്‍ നഗ്നമായ വനം കൈയ്യേറ്റമാണ് നടന്നത്. നിയമവിരുദ്ധമായ വന്‍തോട്ടമുടമകള്‍ കൈയ്യടക്കി വച്ചിരിക്കുന്ന അധികഭൂമിയിലേക്ക് ആരും സമരം നടത്താത്തത് സംശയാസ്പതമാണ്. വയനാട്ടിലെ സ്ഫോടകാത്മായ ഭൂ പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് പ്രകൃതി സംരക്ഷണ    സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വനഭൂമികൈയ്യേറാത്ത എല്ലാ ഭൂ സമരങ്ങള്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ പിന്തുണ നല്‍കും. 
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *