April 26, 2024

ന്യൂനമർദ്ദം ശക്തിയാകും:ജില്ലാ കളക്ടർമാർക്കും ഫിഷറീസ് വകുപ്പിനും കോസ്റ്റൽ പോലീസിനും പ്രത്യേക നിർദേശം

0
അറബിക്കടലിൽ ലക്ഷദ്വീപിനടുത്തായി ഒരു ന്യൂനമർദ പ്രദേശം രൂപപ്പെട്ടു വരുന്നുണ്ട്. അടുത്ത 48 മണിക്കൂറിൽ അത് കൂടുതൽ ശക്തിപ്പെടാനും തീവ്രന്യൂനമർദവും വീണ്ടും ശക്തിപ്പെടുകയാണെങ്കിൽ പിന്നീട് ചുഴലിക്കാറ്റുമാകാൻ സാധ്യതയുണ്ട്. 
തെക്ക് പടിഞ്ഞാറൻ അറബിക്കടലിനോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് മറ്റൊരു ന്യൂനമർദം രൂപപ്പെടുകയും അത് കൂടുതൽ ശക്തിപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നു.
ന്യൂനമർദങ്ങളുടെ പ്രഭാവം മൂലം അറബിക്കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും കടലിൽ മോശം കാലാവസ്ഥ രൂപപ്പെടാനിടയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. 2019 ഡിസംബർ 1, 2 എന്നീ തീയതികളിൽ കേരള തീരത്ത് മത്സ്യ ബന്ധനത്തിന് പോകാൻ പാടില്ലെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിക്കുന്നു.
കടലിൽ പോകരുതെന്നുള്ള മുന്നറിയിപ്പ് മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിൽ വിളിച്ചു പറയുകയും മത്സ്യ തൊഴിലാളികൾ കടലിൽ പോകുന്നില്ല എന്നുറപ്പ് വരുത്തുകയും ചെയ്യേണ്ടതാണ്. 
മുൻകരുതലിന്റെ ഭാഗമായി കടലിൽ പോയിട്ടുള്ള മത്സ്യതൊഴിലാളികളെ തിരിച്ചു വിളിക്കുകയും അടുത്തുള്ള തീരത്ത് എത്താനുള്ള അറിയിപ്പ് കൊടുക്കുകയും ചെയ്യേണ്ടതാണ്. 
വള്ളങ്ങൾ കടലിൽ പോകുന്നില്ലെന്ന് പ്രത്യേകം ഉറപ്പ് വരുത്തേണ്ടതാണ്.
ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്തിലൂടെ തീവ്രന്യൂനമർദം കടന്നു പോകുന്നതിനാൽ കേരള തീരത്ത് മൽസ്യബന്ധനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തുകയും മത്സ്യത്തൊഴിലാളികളെ പൂർണ്ണമായും തിരിച്ചു വിളിക്കുകയും ചെയ്യണം. ന്യൂനമർദത്തിന്റെ പ്രഭാവത്താൽ കേരളത്തിൽ വിവിധയിടങ്ങളിൽ വിശേഷിച്ച് തീരമേഖലയിലും മലയോര മേഖലയിലും ചില നേരങ്ങളിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. 
ഒറ്റപ്പെട്ട ശക്തമായ മഴയും കേരളത്തിൽ വിവിധയിടങ്ങളിൽ പ്രതീക്ഷിക്കാവുന്നതാണ്. 
ന്യൂനമർദം ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലാക്രമണം രൂക്ഷമാകാനുള്ള സാധ്യതയുണ്ട്. പൊതുവിൽ കടലാക്രമണം ശക്തമായ തീരങ്ങളിൽ മുന്നേ തന്നെ ക്യാമ്പുകൾ സജ്ജമാക്കി നിർത്തേണ്ടതാണ്.
ശക്തമായ  കാറ്റിനുള്ള സാധ്യതയുള്ളതിനാൽ അടച്ചുറപ്പുള്ള മേൽക്കൂരയില്ലാത്ത വീടുകളിൽ താമസിക്കുന്നവർക്ക് വേണ്ടി സുരക്ഷിതമായ ക്യാമ്പുകൾ തയ്യാറാക്കി നിർത്തേണ്ടതാണ്. 
ന്യൂനമർദത്തിന്റെ പ്രഭാവം രാത്രിയിലും തുടരാനുള്ള സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.
അപകടാവസ്ഥയിലുള്ള പോസ്റ്റുകളെയും മരങ്ങളെയും പ്രത്യേകം ശ്രദ്ധിക്കുകയും അപകടമുണ്ടാക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും വേണം. അത്തരം സാഹചര്യങ്ങളിലുള്ള വീടുകളിൽ താമസിക്കുന്നവരെയും ആവശ്യമായ ഘട്ടത്തിൽ സുരക്ഷയുടെ ഭാഗമായി മാറ്റിത്താമസിപ്പിക്കുക.
ഫിഷറീസ്, കോസ്റ്റൽ പോലീസ്, DEOC, താലൂക്ക്, KSEB കോൺട്രോൾറൂമുകൾ 24*7 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
ആവശ്യമായ നടപടികൾക്ക് വേണ്ട നിർദേശം പോലീസിനു നൽകേണ്ടതാണ്. 
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിച്ച കൈപുസ്തകത്തിൽ അലെർട്ടുകളുടെ സ്വഭാവമനുസരിച്ച് ഓരോ വകുപ്പും സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ വിശദീകരിച്ചിട്ടുണ്ട്. അവ ജില്ലകളിൽ നടപ്പിലാക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
ഈ മുന്നറിയിപ്പ് ഗൗരവത്തോടെ കാണുകയും പൊതുജനങ്ങളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും അറിയിക്കുകയും ചെയ്യേണ്ടതാണ്. ജില്ലാ ഭരണകൂടത്തിൻറെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ദുരന്ത നിവാരണ അതോറിറ്റി പുറപ്പടുവിച്ച മുൻകരുതൽ നിർദേശങ്ങൾ പ്രസിദ്ധീകരിക്കേണ്ടതാണ്. 
പുറപ്പെടുവിച്ച സമയം- 1  pm, 01/12/2019 
*കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി*
 അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടുന്ന സാഹചര്യത്തിൽ ബീച്ചുകളിലേക്കുള്ള വിനോദ സഞ്ചാരങ്ങൾ പരമാവധി ഒഴിവാക്കണമെന്നും ഒരു കാരണവശാലും കടലിൽ ഇറങ്ങാൻ പാടില്ലെന്നും പൊതുജനങ്ങളോട് നിർദേശിക്കുന്നു. ബന്ധപ്പെട്ട അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കുക.
*സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി*
പുറപ്പെടുവിച്ച സമയം : 01/12/2019,  3 pm
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *