April 26, 2024

വനത്തിലെ തേക്കുമരങ്ങള്‍ മുറിച്ചുമാറ്റല്‍: റിപ്പോര്‍ട്ട് സമര്‍പ്പണത്തിന് കാലാവധി നീട്ടി

0

കല്‍പ്പറ്റ: ഏകവിളത്തോട്ടങ്ങളാക്കിയ കാട് നൈസര്‍ഗിക വനമാക്കുന്നതു സംബന്ധിച്ചു  പഠിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിനു, ഇതിനായി രൂപീകരിച്ച കമ്മിറ്റിക്കു അനുവദിച്ച സമയപരിധി ഡിസംബര്‍ 15 വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവായി. 
സംസ്ഥാനത്തിനു തടി ഇറക്കുമതിയിലുടെ ഉണ്ടാകുന്ന ചെലവ്, മുറിച്ചുവില്‍ക്കാന്‍ കഴിയാത്ത വിധത്തില്‍ വന്യജീവി സങ്കേതങ്ങളിലും മറ്റുമുള്ള തേക്ക് പ്ലാന്റേഷനുകളുടെ വിസ്തീര്‍ണം, പ്ലാന്‍േഷനുകള്‍ സ്വാഭാവിക വനമാക്കിയാലുണ്ടാകുന്ന ഗുണം എന്നിവ പഠിച്ചു റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് വിദഗ്ധരും  ഉദ്യോഗസ്ഥരും അടങ്ങുന്ന കമ്മിറ്റി കഴിഞ്ഞ മെയില്‍ രൂപീകരിച്ചത്. 
വയനാട്, പറമ്പിക്കുളം, അഗസ്ത്യവനം, പെരിയാര്‍, തട്ടേക്കാട്, ആനമുടി, പാമ്പാടുംചോല എന്നിവിടങ്ങളില്‍ സമിതി ഇതിനകം പഠനം നടത്തി. പ്രതികൂല സാഹചര്യങ്ങള്‍ മൂലം മറ്റിടങ്ങളില്‍ പഠനം  നടത്താനായില്ല. ഈ സാഹചര്യത്തില്‍  ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അഭ്യര്‍ഥിച്ചതനുസരിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പണത്തിനു കാലാവധി ദീര്‍ഘിപ്പിച്ചത്. 
സാമ്പത്തിക താത്പര്യം മുന്‍നിര്‍ത്തി വനത്തില്‍  നട്ടുവളര്‍ത്തിയ തേക്ക്, യൂക്കാലിപ്റ്റ്‌സ്, കാറ്റാടി മരങ്ങള്‍  മുറിച്ചുമാറ്റി സ്വാഭാവിക വനവത്കരണം നടത്തണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വന്‍തോതില്‍ ജലം ഊറ്റുന്ന ഇനം  വൃക്ഷങ്ങള്‍ വനത്തില്‍ നട്ടുപരിപാലിക്കുന്നതിനെതിരെ ജനീകീയ കൂട്ടായ്മകളും രംഗത്തുവന്നിരുന്നു. വരള്‍ച്ചയുടെ രൂക്ഷതയും  മനുഷ്യ-മൃഗ സംഘര്‍ഷവും വര്‍ധിച്ചതിനു പ്രധാന കാരണം വനത്തിലെ ഏകവിളത്തോട്ടങ്ങളാണെന്നു പരിസ്ഥിതി സംഘടനകളും ചൂണ്ടിക്കാട്ടുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ സമിതിക്കു രൂപം നല്‍കിയത്. 
നൈസര്‍ഗികവനം നശിപ്പിച്ച് വിളത്തോട്ടങ്ങളാക്കിയതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണ് വയനാട്. ജില്ലയില്‍ സൗത്ത് വയനാട്, നോര്‍ത്ത് വയനാട്, വൈല്‍ഡ് ലൈഫ് വനം  ഡിവിഷനുകളിലായി 200 ചതുരശ്ര കിലോമീറ്ററോളം തേക്ക്, യൂക്കാലിപ്റ്റ്‌സ്, കാറ്റാടി തോട്ടങ്ങളുണ്ട്. 344.4  ചതുരശ്ര കിലോമീറ്റര്‍ വരുന്ന വന്യജീവി സങ്കേതത്തില്‍ മാത്രം 101.48 ചതുരശ്ര കിലോമീറ്റര്‍ ഏകവിളത്തോട്ടങ്ങളാണ്.  പരിസ്ഥിതിക്ക് കനത്ത ആഘാതമേല്‍പിക്കുന്ന ഏകവിളത്തോട്ടങ്ങള്‍ കാലാവസ്ഥാവ്യതിയാനത്തിനു ആക്കംകൂട്ടുന്ന ഘടകങ്ങളില്‍ മുഖ്യമാണെന്നു പരിസ്ഥി പ്രവര്‍ത്തകര്‍ പറയുന്നു. തേക്ക് ഏകവിളയായി കൃഷിചെയ്യുന്ന പ്രദേശത്ത്  മറ്റിനം മരങ്ങളും അടിക്കാടും വളരില്ല. വന്‍തോതില്‍ ജലം വലിക്കുന്ന തേക്കുകള്‍ വനത്തില്‍ അരുവികള്‍ വറ്റുന്നതിനും ഭൂഗര്‍ഭ ജലനിരപ്പ് താഴുന്നതിനും ഇടയാക്കുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. വനത്തിലെ ഏകവിളത്തോട്ടങ്ങളോടു ചേര്‍ന്നുള്ള കൃഷിയിടങ്ങളിലാണ്  വന്യജീവി ശല്യം ഏറ്റവും രൂക്ഷം.  തേക്കും യൂക്കാലിയും കാറ്റാടിയും നട്ടുവളര്‍ത്തുന്ന വനപ്രദേശങ്ങളില്‍ അടിക്കാട് വളരാത്തതും ജലസ്രോതസുകള്‍ വറ്റുന്നതുമാണ് കാടിനോടു ചേര്‍ന്നുള്ള കൃഷിയിടങ്ങളിലെ വര്‍ധിച്ച  വന്യജീവിശല്യത്തിനു മുഖ്യകാരണം. 
ബ്രിട്ടീഷ് സര്‍ക്കാരാണ് കേരളത്തില്‍ ചെറിയ തോതിലുള്ള തേക്കുതോട്ടങ്ങള്‍ ആരംഭിച്ചത്. കപ്പല്‍, റെയില്‍വേ ആവശ്യങ്ങള്‍ക്ക് വേണ്ടത്ര തേക്കു  വനത്തില്‍നിന്നു ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു ഇത്. ബ്രീട്ടീഷ്‌വാഴ്ച അവസാനിച്ചതിനുശേഷം അധികാരത്തില്‍ വന്ന ജനകീയ സര്‍ക്കാരുകള്‍ ആയിരക്കണക്കിനു ഏക്കര്‍ സ്വാഭാവികവനം തേക്ക്, യൂക്കാലിപ്റ്റ്‌സ് തോട്ടങ്ങളാക്കി. ഇപ്പോള്‍ ഏകദേശം അര ലക്ഷം ഏക്കര്‍ തേക്കുതോട്ടമാണ് കേരളത്തിലാകെ. ഇതില്‍ 30,000 ഏക്കറും വയനാട്ടിലാണ്. ജില്ലയിലെ വനവിസ്തൃതിയുടെ മൂന്നിലൊന്നാളം വരുമിത്. നൈസര്‍ഗിക വനം നശിപ്പിച്ച് തേക്കുതോട്ടങ്ങളാക്കിയതിന്റെ സമൂഹിക പ്രത്യാഘാതവും സാമ്പത്തിക നഷ്ടവും കണക്കാക്കാന്‍ കഴിയാത്തത്ര ഭീമമാണെന്നു വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍.ബാദുഷ പറഞ്ഞു. വന്യജീവി സങ്കേതങ്ങളിലെ ഏകവിളത്തോട്ടങ്ങള്‍ വെട്ടിമാറ്റുന്നതിനു കേന്ദ്ര വന നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തേണ്ടതുണ്ട്. സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വന നിയമത്തില്‍ ഭേദഗതി ശിപാര്‍ശ ചെയ്യാനാണ് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *