May 10, 2024

എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്യും പൗരത്വ നിയമ ഭേദഗതി: കോണ്‍ഗ്രസ് കലക്‌ട്രേറ്റ് മാര്‍ച്ച് 21ന്

0

കല്‍പ്പറ്റ: പൗരത്വനിയമഭേദഗതി അടക്കമുള്ള ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ നാളെ (ഡിസംബര്‍ 21) ശനിയാഴ്ച കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു. രാവിലെ 10 മണിക്ക് കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് നിന്നുമാണ് മാര്‍ച്ച് ആരംഭിക്കുക. കോഴിക്കോട് എം പി എം കെ രാഘവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിച്ച് ജനാധിപത്യവും, മതേതരത്വവും ഇല്ലായ്മ ചെയ്യാനാണ് പൗരത്വ നിയമഭേദഗതിയിലൂടെയും ദേശീയ പൗരത്വ രജിസ്റ്ററിലൂടെയും മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രസ്തുതവിഷയത്തില്‍ നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭം അധികനാള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കേന്ദ്രസര്‍ക്കാരിനാവില്ല. സ്വാതന്ത്ര ലബ്ദിക്ക് ശേഷം രാജ്യം ഏറ്റവും വലിയ സാമ്പത്തികമാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നത്. കോണ്‍ഗ്രസ് രാജ്യത്ത് ഉണ്ടാക്കിയ സാമ്പത്തിക ഭദ്രത തകര്‍ക്കുന്ന നിലപാടുകളാണ് ബി.ജെ.പി സര്‍ക്കാരില്‍ നിന്നുണ്ടാകുന്നത്. രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതുകയാണ്. ഏതെങ്കിലും ഒരു മതത്തില്‍ അംഗമായി എന്നത് കൊണ്ട് ഇന്ത്യയില്‍ നിന്ന് ആരെയെങ്കിലും പുറത്താക്കാന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസ് അതിനെ ശക്തിയുക്തം എതിര്‍ത്ത് തോല്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് ജില്ലയോട് സംസ്ഥാന സര്‍ക്കാര്‍ കടുത്ത അവഗണനയാണ് കാണിക്കുന്നത്. വയനാടിന് യു.ഡി.എഫ് അനുവദിച്ച ജിനചന്ദ്രന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ് വിവാദങ്ങളില്‍പ്പെടുത്തി ഇല്ലായ്മ ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാത്രിയാത്ര നിരോധനം, റെയില്‍വെ, ചുരം ബദല്‍ പാത തുടങ്ങിയ വിഷയങ്ങളിലും വയനാടന്‍ ജനതയുടെ ആവശ്യങ്ങളോട് സര്‍ക്കാര്‍ പുറം തിരിഞ്ഞ് നില്‍ക്കുകയാണ്. കാലാവസ്ഥയിലുണ്ടായ മാറ്റം മൂലം പ്രതിസന്ധിതിയിലായ കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയും, ക്രമസമാധാന നിലയും ഭീകരമായ നിലയില്‍ തകര്‍ന്നിരിക്കുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ വിശ്വസ്ഥതയും തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇതിനെല്ലാമെതിരെയുള്ള ശക്തമായ താക്കീതായിരിക്കും കോണ്‍ഗ്രസ് മാര്‍ച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *