May 8, 2024

191 പേര്‍ കൂടി നിരീക്ഷണത്തില്‍ : വയനാട്ടിൽ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 752 ആയി

0
കൊറോണ വൈറസ്   പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 191 പേര്‍ കൂടി നിരീക്ഷണത്തിലായി.  ഇതോടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 752 ആയി ഉയര്‍ന്നു.  നിലവില്‍ 71 വിദേശികള്‍ ജില്ലയിലുണ്ട്. പാടികളില്‍ നിരീക്ഷണത്തിലുള്ളവരെ ദിവസേന വീടുകളിലെത്തി നിരീക്ഷിക്കുന്നതിനായി പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍മാരെ സജ്ജീകരിച്ചിട്ടുണ്ട്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് 60 രൂപയുടെയും പ്രായം കുറഞ്ഞവര്‍ക്ക് 40 രൂപയുടെയും ഭക്ഷണ കിറ്റ് നല്‍കും. ആരോഗ്യ വകുപ്പ് നല്‍കുന്ന ലിസ്റ്റ് പ്രകാരമായിരിക്കും വിതരണം. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം ലംഘിച്ച് പൊതു ഇടങ്ങളില്‍ സഞ്ചരിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള പറഞ്ഞു. വിദേശത്ത് നിന്നെത്തിയവരാണെങ്കില്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള നിയമ നടപടി സ്വീകരിക്കും. 

നീലഗിരിയിലേക്കുളള യാത്ര മാര്‍ച്ച് 22 മുതല്‍ നിര്‍ത്തലാക്കുമെന്ന് നീലഗിരി കളക്ടര്‍ അറിയിച്ചു. നീലഗിരിയിലേക്ക് പോകുന്നവരും തിരികെ വരുന്നവരും ഇതിനകമുള്ള ദിവസങ്ങളില്‍ പ്രയോജനപ്പെടുത്തണം.  ചാമരാജ് നഗറിലേക്കുള്ള പൊതുഗതാഗത നിരോധനത്തില്‍    മാര്‍ച്ച്  22 വരെ ഇളവ് ചെയ്യണമെന്ന്  വയനാട് ജില്ലാ കളക്ടര്‍  അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കുടകിലേക്കുള്ള യാത്ര പരിപൂര്‍ണ്ണമായി ഒഴിവാക്കണം. കൃഷി ആവശ്യത്തിനും മറ്റുമായി പോകുന്നവരെ തടയുന്നതിന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോളനികളില്‍ ഭക്ഷ്യ സാധനങ്ങളുടെ വിതരണം നടത്തുന്നതിന് ട്രൈബല്‍ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
 
അന്യ ജില്ലകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ വയനാട്ടിലേക്ക് എത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇത് തടയുന്നതിനായി ചുരങ്ങളില്‍ പോലീസ് സ്‌ക്വാഡുകളെ നിയോഗിക്കും. സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ സ്‌ക്വാഡുകള്‍ രംഗത്തുണ്ട്. കടകളില്‍ നിരന്തര പരിശോധന നടത്താന്‍ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ പൂട്ടിക്കുന്നതിന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 1000 ഭക്ഷണ കിറ്റുകള്‍ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമായിട്ടുണ്ട്. ഇത് അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യും. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ മത സംഘടനകളും മാതൃകാപരമായ സമീപനമാണ് സ്വീകരിച്ച് വരുന്നതെന്നും കളക്ടര്‍ പറഞ്ഞു. 

ക്വാറന്റൈന്‍ ലംഘിച്ച നാല് പേര്‍ അറസ്റ്റില്‍
   കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ  ക്വാറന്റൈന്‍ നിര്‍ദ്ദേശം ലംഘിച്ച നാല് പേരെ ബുധനാഴ്ച്ച അറസ്റ്റ് ചെയ്തു. വിദേശത്തുനിന്നെത്തിയ മുട്ടില്‍ സ്വദേശികളായ രണ്ട് പേരെയും അമ്പലവയല്‍,പുല്‍പ്പള്ളി സ്വദേശികളായ ഒരോരുത്തരെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്വന്തം ജാമ്യത്തില്‍ വിട്ടു. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ  കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *