May 7, 2024

നാളെ കര്‍ഷക ദിനം: ദിനാചരണം ലളിതം.

0
മന്ത്രി വി.എസ്.. സുനിൽകുമാർ നടത്തിയ വാർത്താ സമ്മേളനം.
ചിങ്ങം ഒന്ന് (17.08.20) സംസ്ഥാന കര്‍ഷകദിനമായി  എല്ലായിടത്തും ആചരിക്കുകയാണ്. ഈ വര്‍ഷം കര്‍ഷക ദിനവും ഓണവും മറ്റ് ആഘോഷങ്ങള്‍ എല്ലാം തന്നെ അസാധാരണമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് നമുക്കറിയാം. കോവിഡ് മഹാമാരി ലോകത്തെ ആകമാനം മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് ആകട്ടെ പ്രകൃതിക്ഷോഭവും മറ്റു ദുരന്തങ്ങളും മറ്റൊരു വശത്ത്. കാലവര്‍ഷക്കെടുതികളില്‍  ജീവനോപാധികളും മറ്റും നഷ്ടപ്പെട്ട നിരവധി കര്‍ഷകരുണ്ട്. പ്രകൃതിദുരന്തങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതു നമ്മുടെ കര്‍ഷകരെയാണ്. മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കേരളത്തിലെ കാര്‍ഷിക സമ്പദ് വ്യവസ്ഥയെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഈ ദുരിതങ്ങള്‍ക്കെല്ലാം നടുവില്‍നിന്നു കൊണ്ടാണ് നാം ഇക്കുറി കര്‍ഷക ദിനം ആഘോഷിക്കുന്നത്. സാമൂഹിക സാമ്പത്തിക പശ്ചാത്തലങ്ങള്‍ കണക്കിലെടുത്ത് ഇത്തവണ വലിയ ആഘോഷങ്ങളില്ലാതെ പരിമിതമായ ചടങ്ങുകളോടെയാണ് നാം ഈ സുദിനം ആഘോഷിക്കുന്നത്.
 
എല്ലാ വര്‍ഷത്തെയും പോലെ സംസ്ഥാന കര്‍ഷക അവാര്‍ഡ് ദാനം ഇക്കൊല്ലം  ചിങ്ങം 1 നു  നടത്താമെന്നു വിചാരിച്ചെങ്കിലും മറ്റൊരു അവസരത്തിലേക്കു മാറ്റിയിരിക്കുകയാണ്. എല്ലാ കര്‍ഷകര്‍ക്കും അപേക്ഷിക്കുവാന്‍ അവസരമുണ്ടായിട്ടുണ്ട്. എന്നാല്‍ പ്രസ്തുത സാഹചര്യത്തില്‍ ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തുവാന്‍ കഴിഞ്ഞിട്ടില്ല . അതിനാല്‍ സംസ്ഥാന കര്‍ഷക അവാര്‍ഡ് മറ്റൊരു അവസരത്തില്‍ നടത്തുന്നതായിരിക്കും.
ബ്ലോക്ക്തല കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍ ആരംഭിക്കും
മലയാളികളുടെ പുതുവര്‍ഷമായ ചിങ്ങം 1 മുതല്‍ സുഭിഷകേരളം പദ്ധതിയുടെ ഭാഗമായി കാര്‍ഷിക വിജ്ഞാന വ്യാപനത്തിനായി ബ്ലോക്ക് തലത്തില്‍ കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍ രൂപീകൃതമാവുകയാണ്.               ചിങ്ങം 1 ന് കര്‍ഷക ദിനത്തിന്‍റെയും ബ്ലോക്ക് തല കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. കാര്‍ഷകര്‍ക്കായുള്ള മൊബൈല്‍ ആപ്പിന്‍റെയും വെബ് പോര്‍ട്ടലിന്‍റേയും ലോഞ്ചിംഗും തദവസരത്തില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കുന്നതാണ്. ഇന്ത്യയില്‍ ആദ്യമായാണ് സംസ്ഥാന കൃഷി വകുപ്പും കാര്‍ഷിക സര്‍വ്വകലാശാലയും ചേര്‍ന്ന് കാര്‍ഷിക വിജ്ഞാന വ്യാപനത്തിനായി ബ്ലോക്ക്തലത്തില്‍ ഒരു സ്ഥിരം സംവിധാനം ആരംഭിക്കുന്നത്. ബ്ലോക്ക്തലത്തിനുപുറമേ, കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, എന്നിവിടങ്ങളിലും കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. 
ബ്ലോക്ക് തല കാര്‍ഷിക വിജ്ജാന കേന്ദ്രത്തിന്‍റെയും കര്‍ഷകദിനത്തിന്‍റേയും ഉല്‍ഘാടന ചടങ്ങുകള്‍ തൃശൂര്‍ ഒല്ലൂക്കര ബ്ലോക്കിലാണ് സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. പ്രസ്തുത ചടങ്ങില്‍ ബഹു തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ.എ സി  മൊയ്തീന്‍, ബഹു. പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ബഹു.ഗവ: ചീഫ് വിപ് ശ്രീ.കെ  രാജന്‍, ബഹു  എം പി ശ്രീ.ടി എന്‍ പ്രതാപന്‍, തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ ശ്രീമതി. അജിത ജയരാജന്‍, തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി മേരി തോമസ്, കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ: ആര്‍. ചന്ദ്രബാബു, കാര്ഷികോത്പാദന കമ്മീഷണര്‍ ശ്രീമതി  ഇഷിതാ റോയ്  ഐ  എ  എസ് , കൃഷി ഡയറക്ടര്‍  ഡോ: കെ  വാസുകി  ഐ എ  എസ്    എന്നിവര്‍ നേരിട്ടും/ഓണ്‍ലൈന്‍ വഴിയും പങ്കെടുക്കും.
കാര്‍ഷിക വിജ്ഞാന വ്യാപന രംഗത്ത് ഒരു സുപ്രധാന കണ്ണിയായിരിക്കും ബ്ലോക്ക് തല കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍.  കാര്‍ഷിക വിജ്ഞാന വ്യാപനത്തിനായി നിലവില്‍ കാര്‍ഷിക സര്‍വ്വകലാശാല, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവ സംസ്ഥാനത്ത് നിലവിലുണ്ട്.  ജില്ലാതലത്തില്‍ കൃഷി വിജ്ഞാന കേന്ദ്രങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ കൃഷി ഭവനുകളുമാണ് നിലവിലുള്ളത്.  ഇത് കൂടുതല്‍ ശക്തിപ്പെടുത്തുവാനാണ് ബ്ലോക്ക് തല കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍ എന്ന ആശയം കൃഷി വകുപ്പ് കൊണ്ടുവന്നിട്ടുള്ളതെന്ന്.  കാര്‍ഷിക വിജ്ഞാന വ്യാപന കേന്ദ്രങ്ങളുടെ ലക്ഷ്യങ്ങള്‍ ചുവടെ പറയും പ്രകാരമാണ്.
1. വിവിധ കാര്‍ഷികോല്‍പാദനത്തിനുള്ള പദ്ധതികള്‍/വിളകളുടെ ഉല്‍പാദനത്തിനുള്ള ശാസ്ത്രീയ മുറകള്‍ എന്നിവ കാര്‍ഷിക കാലാവസ്ഥ മേഖലകളുടെ പ്രത്യേകതകള്‍ അനുസരിച്ച് തയ്യാറാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കുക.
2. ഭക്ഷ്യ ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ വിത്തുകള്‍, നടീല്‍ വസ്ത്തുക്കള്‍, ജൈവ ഉത്പാദന ഉപാധികള്‍ എന്നിവ ഉല്‍പാദിപ്പിക്കുന്നതിനായി വിത്ത് ഗ്രാമങ്ങളും വിത്ത് ഉല്‍പാദന ക്ലസ്റ്ററുകളും സ്ഥാപിക്കുന്നതിനു സഹായിക്കുക.
3. ബ്ലോക്ക് തലത്തില്‍ കാര്‍ഷിക സാങ്കേതിക ഉപദേശങ്ങളും, കാര്‍ഷിക ഉല്‍പാദനം, വിളവെടുപ്പിനു ശേഷമുള്ള സംസ്കരണം, മൂല്യവര്‍ദ്ധനവ്, വിപണനം, എന്നീ വിഷയങ്ങളില്‍ പരിശീലനവും നല്‍കുക.
4. സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൃഷി വകുപ്പും നടപ്പാക്കുന്ന വിവിധ സ്കീമുകള്‍, പ്രോജക്ടുകള്‍ എന്നിവയ്ക്ക് സാങ്കേതിക സഹായം നല്‍കുക.
കാര്‍ഷിക സര്‍വ്വകലാശാലയിലെ ഒരു ശാസ്ത്രജ്ഞനായിരിക്കും ബ്ലോക്ക് തല കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങളുടെ നോഡല്‍ ഓഫീസര്‍.  ബ്ലോക്ക് പഞ്ചായത്തിലെ കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ കണ്‍വീനറായിരിക്കും.  ബ്ലോക്കിനു കീഴിലുള്ള കൃഷി അനുബന്ധ മേഖലകളിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥരും കമ്മിറ്റിയിലെ അംഗങ്ങളായിരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *