May 1, 2024

പരിസ്ഥിതി ആഘാത വിലയിരുത്തല്‍ കരടു വിജ്ഞാപനം: കേരളം നിലപാട് തിരുത്തണമെന്നു ആവശ്യപ്പെട്ടു നിവേദനം

0

കല്‍പറ്റ-പരിസ്ഥിതി ആഘാത വിലയിരുത്തല്‍ കരടു വിജ്ഞാപനവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നു ആവശ്യപ്പെട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ സംയുക്തമായി മുഖ്യമന്ത്രിക്കും പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാസാമാജികര്‍ എന്നിവര്‍ക്കും  നിവേദനം നല്‍കി. 
ബി.സുഗതകുമാരി,പ്രൊഫ.എം.കെ. പ്രസാദ്, ഡോ.വി.എസ്.വിജയന്‍, ടി.പി.പദ്മനാഭന്‍(സീക്ക്,പയ്യന്നൂര്‍), പ്രൊഫ.എ.ബിജുകുമാര്‍(കേരള യൂണിവേഴ്‌സിറ്റി),പ്രൊഫ.കസുമം ജോസഫ് (എന്‍.എ.പി.എം),ടോണി തോമസ്(വണ്‍ എര്‍ത്ത് വണ്‍ ലൈഫ്),എന്‍.ബാദുഷ(വയനാട് പ്രകൃതി സംരക്ഷണ സമിതി),എസ്.ഉഷ(തണല്‍),എസ്.അനിത(ട്രീ വാക്ക്,തിരുവനന്തപുരം),  എസ്.പി.രവി(ചാലക്കുടിപ്പുഴ സംരക്ഷണ സമിതി),ആര്‍.ശ്രീധര്‍(സേവ് ഔര്‍ റൈസ് കാമ്പയിന്‍),ഭാസ്‌കരന്‍ വെള്ളൂര്‍(പരിസ്ഥിതി ഏകോപന സമിതി,കണ്ണൂര്‍),കെ.രാജന്‍ (പരിസ്ഥിതി ഏകോപന സമിതി),അഡ്വ.എല്‍.നമശ്ശിവായന്‍(കെ.എന്‍.എച്ച്.എസ്),സത്യന്‍ മേപ്പയ്യൂര്‍(എം.എന്‍.എച്ച്.എസ്),ജോണ്‍ പെരുവന്താനം(പശ്ചിമഘട്ട ഏകോപന സമിതി), 
പുരുഷന്‍ ഏലൂര്‍(പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി),എം.എന്‍.ജയചന്ദ്രന്‍(പരിസ്ഥിതി സമിതി),എസ്.ഉണ്ണിക്കൃഷ്ണന്‍(റിവര്‍ റിസര്‍ച് സെന്റ,തൃശൂര്‍),കെ.സുലൈമാന്‍ഫ്രയര്‍ ഫ്രീ ഫോറസ്റ്റ്),ജയപ്രകാശ്(നിലമ്പൂര്‍ പ്രകൃതി പഠന കേന്ദ്രം), പി.സുന്ദരരാജ്(മലപ്പുറം),റഹീം തലനാട്(കോട്ടയം)എന്നിവര്‍ ഒപ്പിട്ടതാണ് നിവേദനം. 


നിവേദനത്തില്‍നിന്നു: കേന്ദ്ര സര്‍ക്കാരിന്റെ 2020ലെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ കരട് വിജ്ഞാപനത്തോടുള്ള സംസ്ഥാന സര്‍ക്കാറിന്റെ പ്രതികരണം വളരെ ദുര്‍ബലമാണ്. പരിസ്ഥിതി പ്രതിസന്ധികള്‍ മാനവരാശിയുടെ നിലനില്‍പ്പിനെ ചോദ്യംചെയ്യുന്ന കാലമാണിത്. അതിതീവ്ര മഴയും പശ്ചിമഘട്ട മലനിരകളിലെ തെറ്റായ ഭൂവിനിയോഗവും കേരളത്തിലും ഇന്ത്യയുടെ ഇതര പ്രദേശങ്ങളിലും  ദുരന്തങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും കാരണമാകുകയാണ്.പരിസ്ഥിതി സംരക്ഷണത്തിനും പുനഃസ്ഥാപനത്തിനും മുന്തിയ പ്രാധാന്യം ഇനിയെങ്കിലും നല്‍കുന്നില്ലെങ്കില്‍ അതു വരുംതലമുറയോടുള്ള അപരാധമാകും.
പരിസ്ഥിതി സംരക്ഷണം മെച്ചപ്പെടുത്തുന്നതിനു  നയങ്ങളും നിയമങ്ങളും നടപടികളും ശക്തിപ്പെടുത്തേണ്ടതുണ്ട്. ദൗര്‍ഭാഗ്യവശാല്‍ വിരുദ്ധ നിലപാടുകളാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കരടുവിജ്ഞാപനത്തില്‍ കാണുന്നത്. ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി നിയമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ലക്ഷ്യങ്ങളെയും അന്തസത്തയെയും ആകെത്തകര്‍ക്കുന്ന വ്യവസ്ഥകള്‍ കരടുവിജ്ഞാപനത്തിലുണ്ട്.പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍  വിജ്ഞാപനത്തില്‍ ഇല്ല. 
2020ലെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ കരടു വിജ്ഞാപനം പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന വകുപ്പിനു  കത്തയയ്ക്കണം.നിലവിലെ  പരിസ്ഥിതി സംരക്ഷണ നിയമം ശക്തിപ്പെടുത്തുന്നതിനു പുതിയ വിജ്ഞാപനമോ നിയമമോ കൊണ്ടുവരുന്നതിനു വിദഗ്ധ സമിതിയെ പ്രഖ്യാപിക്കണം.സമിതി റിപ്പോര്‍ട്ട് പാര്‍ലമെന്റും നിയമസഭകളും  പഞ്ചായത്തുകളും ഗ്രാമസഭകളും പരിസ്ഥിതി-സാമൂഹ്യ സംഘടനകളും പൊതുസമൂഹവും ചര്‍ച്ച ചെയ്യുമ്പോള്‍ ഉയരുന്ന നിര്‍ദേശങ്ങളും കണക്കിലെടുക്കണമെന്നു  സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോടു ആവശ്യപ്പെടണം. 
പരിസ്ഥിതി ആഘാത വിലയിരുത്തല്‍ കരടു വിജ്ഞാപനത്തെക്കുറിച്ചുള്ള സംസ്ഥാന നയം രൂപപ്പെടുത്തുന്നതിനും പരിസ്ഥിതി നിയമങ്ങള്‍ ശക്തിപ്പെടുത്താനും പരിസ്ഥിതി വിദഗ്ധരും ശാസ്ത്രജ്ഞരും അടങ്ങിയ  സമിതി അടിയന്തരമായി രൂപീകരിക്കണം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *