May 7, 2024

വികസന ക്യാമ്പയിനുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്

0
സുസ്ഥിര വികസന മാതൃക രൂപപ്പെടുത്തുന്നതിന് പൊഴുതന ഗ്രാമ പഞ്ചായത്തിൽ നടപടികൾ ആരംഭിച്ചു. ജനങ്ങൾ വിദഗ്ധരുമായി കൂടിയാലോചിച്ച് വിഭവ ലഭ്യതാ പഠനം നടത്തിയാണ് വികസന രൂപരേഖ തയ്യാറാക്കുന്നത്. ഇതിനായി ഗ്രാമപഞ്ചായത്തിലെ താൽപര്യമുള്ള മുഴുവൻ ജനങ്ങളെയും ഉൾപ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കും. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ വയനാട്ടിൽ സംഭവിച്ച ഉരുൾപൊട്ടൽ, പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രതിഭാസങ്ങളെ സംബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ഹ്യൂം സെന്റർ ഫോർ ഇക്കോളജിയും ചേർന്ന് നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് പ്രകൃതി ദുരന്തങ്ങൾക്ക് ഏറ്റവും കൂടുതൽ വിധേയമാകുന്ന പൊഴുതന പഞ്ചായത്തിൽ ഇവയെ പ്രതിരോധിക്കാൻ ശേഷിയുള്ള സാമ്പത്തിക-സാമൂഹ്യ- സുസ്ഥിര വികസന രൂപരേഖ തയ്യാറാക്കപ്പെടുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻസി പ്രസാദ് ചെയർമാനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ സെക്രട്ടറി എം കെ ദേവസ്യ ജനറൽ കൺവീനറുമായ സമിതിയാണ് ഒരു മാസം നീണ്ടു നിൽക്കുന്ന പഠനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ജീവനോപാധികൾ എങ്ങനെ വികസിപ്പിക്കാം , ആരോഗ്യ വിദ്യാഭ്യാസ മേഖലകളുടെ ഗുണനിലവാരം പ്രാദേശിക സാഹചര്യങ്ങൾക്ക് അനുഗുണമാകുന്ന വിധത്തിൽ നിലവാരം ഉയർത്തുന്നതെങ്ങിനെ, പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള അടിയന്തിര പരിപാടികൾ ആവിഷ്ക്കരിക്കുന്നതെങ്ങിനെ തുടങ്ങിയ പ്രശ്നങ്ങളാവും പഠനത്തിന്റെ മുഖ്യപരിഗണനയിൽ ഉണ്ടാവുക. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് ആസന്നമായ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നടത്തേണ്ടതായ വികസന ചർച്ചകൾക്ക് ദിശാബോധം നൽകുന്നതായിരിക്കും പൊഴുതന പഞ്ചായത്തിൽ തയ്യാറാവുന്ന വികസന മാതൃക. സെപ്തംബർ 26 ന് നടക്കുന്ന ദേശീയ വെബിനാറിൽ വികസന രൂപരേഖ അവതരിപ്പിക്കും.
സംഘാടക സമിതി രൂപീകരണത്തിന് ഓൺ ലൈനിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത്
പ്രസിഡണ്ട് എൻ.സി.പ്രസാദ് അധ്യക്ഷത വഹിച്ചു.
പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം പ്രൊഫ: കെ.ബാലഗോപാലൻ മോഡറേറ്ററായ
യോഗത്തിൽ ശ്രീമതി സുമ വിഷ്ണുദാസ് പ്രവർത്തനരേഖ അവതരിപ്പിച്ചു.
തുടർന്നു
നടന്ന ചർച്ചയിൽ പൊഴുതനയിലെ പൊതു പ്രവർത്തകരായ  കെ.വി.ദിവാകരൻ, സി.എം.ശിവരാമൻ,  സി.മമ്മി, കെ.വി.യൂസഫ് , സി.എച്ച്.ആഷിക്, കെ.റഫീഖ്, കെ.വി.ഉസ്മാൻ, കിഷോർ ഐ.പി പരിഷത്ത് ജില്ലാ ഭാരവാഹികളായ എം.എം.ടോമി, പി.അനിൽ കുമാർ എന്നിവർ പങ്കെടുത്തു. എം.കെ. ദേവസ്യ സ്വാഗതവും, സി.ഷംസുദ്ദീൻ നന്ദിയും പറഞ്ഞു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *