April 27, 2024

പി.എസ്.സി. നിയമന ചട്ടങ്ങൾ അട്ടിമറിച്ചു: ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് 21 വർഷമായി സ്ഥാനക്കയറ്റമില്ല

0
പി.എസ്.സി. നിയമന ചട്ടങ്ങൾ അട്ടിമറിച്ചു: 

ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് 21 വർഷമായി സ്ഥാനക്കയറ്റമില്ല; കെ.എസ്.എച്ച്.ഐ.എ.

                                                                        
പി.എസ്.സി. നിയമന ചട്ടങ്ങളും സീനിയോറിറ്റി ലിസ്റ്റും അട്ടിമറിച്ച് ആരോഗ്യ വകുപ്പിലെ ഒരു വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് സ്ഥാനക്കയറ്റം നൽകാത്ത നടപടി അടിയന്തിരമായി പുനഃപരിശോധിക്കണമെന്ന് കേരള സ്റ്റേറ്റ് ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി വാർഷിക യോഗം ആവശ്യപ്പെട്ടു. സർക്കാരും പി.എസ്.സി.യും അംഗീകരിച്ച് നിയമിച്ച സാനിട്ടറി ഇൻസ്‌പെക്ടർ ഡിപ്ലോമ യോഗ്യതയുള്ള എച്ച്.ഐ.മാരെയാണ് കഴിഞ്ഞ 21 വർഷമായി പ്രമോഷനിൽ അവഗണിക്കുന്നത്. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണലിന്റെ ഉത്തരവുണ്ടായിട്ടും തങ്ങളുമായി ബന്ധമില്ലാത്ത കേസും തെറ്റായ തടസ്സവാദങ്ങളും മറ്റും ഉന്നയിച്ച് സ്ഥാനക്കയറ്റം മനപ്പൂർവ്വം തടയുകയും മറ്റൊരു വിഭാഗത്തിന് സ്ഥാനക്കയറ്റം നൽകുന്നത് തുടരുകയുമാണ്. പ്രൊമോഷൻ കാത്തിരുന്ന സാനിട്ടറി ഇൻസ്‌പെക്ടർ ഡിപ്ലോമയുള്ള സ്ത്രീകളുൾപ്പെടെയുള്ള ആയിരക്കണക്കിന് ഉദ്യോഗസ്ഥർ ജോലിയിൽ കയറി രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും ജൂനിയർ എച്ച്.ഐ., ഹെൽത്ത് ഇൻസ്‌പെക്ടർ തസ്തികയിൽ വിരമിക്കേണ്ട ഗതികേടിലാണ്. അതേസമയം ആദ്യത്തെ സീനിയോറിറ്റി ലിസ്റ്റ് അട്ടിമറിച്ച് ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് ഹെൽത്ത് സൂപ്പർവൈസർ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ, മലേറിയ ഓഫീസർ ഉൾപ്പെടെയുള്ള ഉയർന്ന തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നൽകുന്നത് ഇപ്പോഴും തുടരുന്നുണ്ട്. പി.എസ്.സി. അപേക്ഷ ക്ഷണിച്ചപ്പോൾ ശരിയായ യോഗ്യതയിലെങ്കിൽ എന്തിനാണ് എഴുത്തു പരീക്ഷ നടത്തി അഡ്വൈസ് മെമ്മോ തീയതിയുടെ അടിസ്ഥാനത്തിൽ സാനിട്ടറി ഇൻസ്‌പെക്ടർ ഡിപ്ലോമയുള്ളവരെ ജില്ലാ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പിൽ നിയമിച്ചതെന്നു ജീവനക്കാർ ചോദിക്കുന്നു. സ്ഥാനക്കയറ്റം ഉൾപ്പെടയുള്ള ജീവനക്കാരുടെ സീനിയോറിറ്റി നിശ്ചയിക്കുന്നത് പി.എസ്.സി. അഡ്വൈസ് മെമ്മോ തീയതിയുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന ഹൈക്കോടതി വിധിയും ലംഘിക്കപെട്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. 
    14 ജില്ലകളിലായി പി.എസ്.സി. അഡ്വൈസ് മെമ്മോ തീയതിയിൽ
ആദ്യം തയ്യാറാക്കിയ സീനിയോറിറ്റി ലിസ്റ്റ് പുനഃസ്ഥാപിച്ച് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണലിന്റെ ഉത്തരവ് ഉടൻ നടപ്പാക്കണമെന്നും വിവേചനം അവസാനിപ്പിക്കാൻ പുതിയ സർക്കാരും വകുപ്പ് സെക്രട്ടറിയും അടിയന്തിരമായി ഇടപെടണമെന്നും അസോസിയേഷൻ വാർഷിക യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സർക്കാരിന് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. കെ.എസ്.എച്ച്.ഐ.എ. സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ. ബാലഗോപാൽ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് പി.എസ്. തൃദീപ് കുമാർ അധ്യക്ഷനായി. വൈസ് പ്രസിഡൻറ് പി. സുജലദേവി, ട്രഷറർ ജെറി ബെനഡിക്റ്റ്, കെ.എം. ജാസ്മിൻ, വി. ഷാജി, ജെ. ജോൺ, എ. രാജേഷ്, രാംദാസ് തുടങ്ങിയവർ സംസാരിച്ചു. കെ.എസ്.എച്ച്.ഐ.എ. സംസ്ഥാന ഭാരവാഹികളായി പി.എസ്. തൃദീപ് കുമാർ ( പ്രസിഡൻറ്), പി.ആർ. ബാലഗോപാൽ ( ജനറൽ സെക്രട്ടറി), പി. സുജലദേവി, വി. ഷാജി ( വൈസ് പ്രസിഡൻറ്മാർ ), ജെറി ബെനഡിക്റ്റ് (ട്രഷറർ), കെ.എം. ജാസ്മിൻ, എ. രാജേഷ്, ജെ. ജോൺ (ജോയിൻറ് സെക്രട്ടറിമാർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *