April 26, 2024

ശബ്ദവും വെളിച്ചവും നിലച്ച് വാടക വിതരണ മേഖല; പ്രളയവും കോവിഡ് മഹാമാരിയും ഇരട്ട പ്രഹരമായി

0
Img 20210717 Wa0028.jpg
ശബ്ദവും വെളിച്ചവും നിലച്ച് വാടക വിതരണ മേഖല; പ്രളയവും കോവിഡ് മഹാമാരിയും ഇരട്ട പ്രഹരമായി
നിഷ മാത്യു തയ്യാറാക്കിയ റിപ്പാേർട്ട്
കൽപ്പറ്റ: ശബ്ദവും വെളിച്ചവും നിലച്ച് വാടക വിതരണ മേഖല. പ്രളയവും കോവിഡ് മഹാമാരിയും അതിജീവിക്കുന്നതിനിടയിൽ ലെെറ്റ് ആന്റ് സൗണ്ട് വിതരണ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് ജീവിതം പ്രതിസന്ധിയിൽ മുങ്ങിയിരിക്കുകയാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ വാടക സാധനങ്ങൾ വിൽക്കേണ്ട അവസ്ഥയിലാണ് സ്ഥാപന ഉടമകൾ. 300 ഓളം വാടക വിതരണ സ്ഥാപനങ്ങളിലായി ഉടമകളും തൊഴിലാളികളുമുൾപ്പെടെ 3000 ത്തോളം ആളുകളാണ് മേഖലയെ ആശ്രയിച്ച് കഴിയുന്നത്. അടിയന്തിര നടപടികളുണ്ടായില്ലെങ്കിൽ മറ്റ് ജില്ലകളിൽ കണ്ടത് പോലെ ഇവിടെയും ആളുകൾക്ക് ജീവിതം അവസാനിപ്പിക്കേണ്ട ഗതി ഉണ്ടായേക്കുമെന്ന് താെഴിലാളികൾ പറയുന്നു. 
കോവിഡ് പ്രതിസന്ധിയിൽ പാലക്കാട് വെണ്ണക്കരയില്‍ ലൈറ്റ്സ് ആന്‍ഡ് സൗണ്ട് സ്ഥാപന ഉടമ ജീവനൊടുക്കിയിരുന്നു. വെണ്ണക്കര പൊന്നുമണി ലൈറ്റ് ആന്‍ഡ് സൗണ്ട് കട ഉടമ പൊന്നുമണിയാണ് മരിച്ചത്. വീടിനുള്ളില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ പൊന്നുമണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. സ്വര്‍ണപ്പണയം, ചിട്ടി എന്നിവ ഉള്‍പ്പടെ പൊന്നുമണിക്ക് കടങ്ങള്‍ ഉണ്ടായിരുന്നു. കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് പിന്നിലെ കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. 
പ്രളയവും കാെവിഡും മേഖലയെ സാരമായി ബാധിച്ചു. ഓണം സീസണിൽ ഉണ്ടായ പ്രളയം രണ്ട് വർഷവും മേഖലയെ തകർത്തു. കാെവിഡിന്റെ വരവ് പൂർണമായും മേഖലയെ നിശ്ചലമാക്കി. കട ബാധ്യത വർധിച്ചു. ലാേക് ഡൗണിൽ കടകൾ തുറക്കാനാവാത്തതിനാൽ ലക്ഷങ്ങൾ വില വരുന്ന സാധനങ്ങൾ നശിച്ചു. പുതിയ സാധനങ്ങൾ ഇറക്കിയവ പലതും വെറുതെയായി. സീസണുകൾ പലതും നഷ്ടപ്പെട്ടു. ഓണം, പെരുന്നാൾ, ഉത്സവം, പള്ളി പെരുന്നാൾ, കല്യാണം, മറ്റ് ആഘോഷങ്ങൾ എന്നിവ നഷ്ടപ്പെട്ട വിതരണ ഉടമകളും തൊഴിലാളികളും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പെടാപാട് പെടുകയാണെന്ന് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ  പ്രസിഡന്റ് അരോമ യൂസഫ് പറഞ്ഞു. ബാങ്ക് ലാേൺ, വാടക, വായ്പ, വാഹന ഇൻഷുറൻസ്, ടാക്സ് തുടങ്ങിയവ  പൂർണമായും മുടങ്ങി. മറ്റെല്ലാ മേഖലയിലും ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ഈ മേഖലകളിൽ ഇളവുകൾ നൽകാത്തതാണ് ഉടമകളെ ദുരിതക്കയത്തിലേക്ക് തള്ളി വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *