കൽപ്പറ്റ നഗരസഭാ ടൗണ്‍ഹാള്‍ നവീകരണ പ്രവൃത്തികള്‍ ഉടന്‍ ഉണ്ടാകുമെന്ന് അധികൃതർ


Ad
കൽപ്പറ്റ നഗരസഭാ ടൗണ്‍ഹാള്‍ നവീകരണ പ്രവൃത്തികള്‍ ഉടന്‍ ഉണ്ടാകുമെന്ന് അധികൃതർ

കല്‍പ്പറ്റ: നഗരസഭക്ക് ആധുനിക സൗകര്യങ്ങളോടു കൂടിയ ടൗണ്‍ഹാള്‍ വേണമെന്ന ആവശ്യത്തിന് പരിഹാരമാവാന്‍ ഇനി കാലതാമസമില്ല. നഗരസഭാ കൗണ്‍സില്‍ തീരുമാനത്തില്‍ സ്ഥലം പരിശോധനയടക്കമുള്ളവ നടത്തി പുതിയ ടൗണ്‍ഹാള്‍ പ്ലാന്‍ തയ്യാറാക്കി ഏജന്‍സിയെ ഏല്‍പ്പിക്കാനൊരുങ്ങുകയാണ് നഗരസഭ. നിലവില്‍ ടൗണ്‍ ഹാളിന്റെ അവസ്ഥ പരിതാപകരമാണ്. മഴവെള്ളം കയറി അകത്തേക്ക് പ്രവേശിക്കാനാവാത്ത സ്ഥിതിയാണ്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മികച്ച ടൗണ്‍ഹാളാണ് നഗരത്തിനാവശ്യമെന്നാണ് ജനങ്ങളുടെ അഭിപ്രായം. നിലവിലുള്ള ടൗണ്‍ഹാളില്‍ പരിമിതമായ സൗകര്യങ്ങളേ ഉള്ളൂ. കാലപ്പഴക്കത്താല്‍ കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. മേല്‍ക്കൂര പൊട്ടിയതിനാല്‍ ചോര്‍ന്നൊലിക്കുന്നുമുണ്ട്. 25 വര്‍ഷത്തിലധികം പഴക്കമുള്ള ടൗണ്‍ഹാള്‍ കഴിഞ്ഞ ഒരു വര്‍ഷമായി അടഞ്ഞു കിടക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് മാധ്യമങ്ങള്‍ ടൗണ്‍ ഹാളിന്റെ ശോചനീയാവസ്ഥ അധികൃതര്‍ക്ക് മുന്നിലെത്തിച്ചിരുന്നു. ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്നറിയിച്ചെങ്കിലും കൊവിഡ് വിലങ്ങുതടിയായി. ടൗണ്‍ ഹാള്‍ നവീകരിക്കണമെന്ന ആവശ്യം ശക്തമായിട്ട് കാലങ്ങളായി. വിവാഹം പോലുള്ള പല ചടങ്ങുകള്‍ക്കും വലിയ തുക നല്‍കി സ്വകാര്യ ഓഡിറ്റോറിയങ്ങളാണ് ആളുകള്‍ ഉപയോഗിക്കുന്നത്. ചെറിയ നിരക്കില്‍ വാടക ഈടാക്കി മികച്ച സൗകര്യങ്ങളോടു കൂടി ടൗണ്‍ഹാള്‍ തുറന്നാല്‍ പൊതുജനങ്ങള്‍ക്കും നഗരസഭക്കും ഗുണകരമാകും. മുമ്പ് അത്യാധുനിക സൗകര്യങ്ങളോടു കൂടി ടൗണ്‍ഹാള്‍ നിര്‍മിക്കുമെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും കെട്ടിടം നിര്‍മിക്കാന്‍ കഴിഞ്ഞില്ല. നിലവില്‍ നഗരസഭ ഭരിക്കുന്ന യു ഡി എഫ് ഭരണാധികാരികളുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ടൗണ്‍ഹാള്‍ നിര്‍മിക്കുമെന്നത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *