April 27, 2024

വയനാട്ടിലെ വാഴ, മരച്ചീനി കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ നിയമസഭയില്‍ അവതരിപ്പിച്ച് ടി സിദ്ദിഖ് എം എല്‍ എ

0
വയനാട്ടിലെ വാഴ, മരച്ചീനി കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ നിയമസഭയില്‍ അവതരിപ്പിച്ച് ടി സിദ്ദിഖ് എം എല്‍ എ
കല്‍പ്പറ്റ: വയനാട്ടിലെ മരച്ചീനി, വാഴ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ നിയമസഭയില്‍ അവതരിപ്പിച്ച് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് എം എല്‍ എ ജില്ലയില്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ അക്കമിട്ടുനിരത്തിയത്. വയനാട് ജില്ലയിലെ വാഴ, മരച്ചീനി കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയും അവഗണനയുമാണ് നേരിടുന്നതെന്ന് എം എല്‍ എ പറഞ്ഞു. വയനാടന്‍ നേന്ത്രക്കായക്ക് മാര്‍ക്കറ്റ് വില കുറവാണെന്ന ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിറ്റിക്‌സ് വിഭാഗത്തിന്റെ തെറ്റായ തീരുമാനം തിരുത്തണം. വയനാടന്‍ നേന്ത്രക്കായക്ക് കുറഞ്ഞ സംഭരണവില പ്രഖ്യാപിച്ച് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം പിന്‍വലിക്കണം, വയനാടന്‍ കര്‍ഷകരോട് കാണിക്കുന്ന ഈ വിവേചനം അവസാനിപ്പിക്കുകയും വേണം. വയനാടന്‍ നേന്ത്രക്കായ സംഭരിക്കുന്നതില്‍ ഹോട്ടികോര്‍പ്പ്, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്‌സ് പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവ പരാജയപ്പെട്ടതിനാല്‍ നിശ്ചയിച്ച സംഭരണവിലയായ 24 രൂപ പോലും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. ഒരു വര്‍ഷം വയനാട്ടില്‍ പതിനായിരം ഹെക്ടറില്‍ 7500 ടണ്‍ നേന്ത്രക്കായ ഉല്പാദിപ്പിക്കുന്നുണ്ടെങ്കിലും ഈ വര്‍ഷം കേവലം 10 ടണ്‍ മാത്രമെ സംഭരിക്കാന്‍ സാധിച്ചിട്ടുള്ളു. സമാനപ്രശ്‌നമാണ് ആയിരക്കണക്കിന് മരച്ചീനി കര്‍ഷകരും അഭിമുഖീകരിക്കുന്നത്. മരച്ചീനിയുടെ സംഭരണവില 12 രൂപയായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഹോര്‍ട്ടികോര്‍പ്പ് മുഖേനയുള്ള മരച്ചീനിയുടെ സംഭരണം പരാജയപ്പെട്ടതിനാല്‍ കര്‍ഷകര്‍ക്ക് മരച്ചീനി കേവലം മൂന്ന് രൂപ നിരക്കില്‍ വില്‍ക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്. ഒരു വര്‍ഷം 800 ടണ്‍ മരച്ചീനി സംഭരിക്കാന് മാത്രമെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് സാധിച്ചിട്ടുള്ളു. മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നിനായി മരച്ചീനി കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങളിലേക്ക് കയറ്റിയയക്കുകയാണ്. മരച്ചീനിയില്‍ നിന്നും ഉല്പാദിപ്പിക്കുന്ന സ്റ്റാര്‍ച്ച്, ചൗവരി എന്നിവയുടെ നിര്‍മ്മാണത്തിനാവശ്യമായ ഫാക്ടറികള്‍ കേരളത്തിലും ആരംഭിക്കുകയാണെങ്കില്‍ കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പുവരുത്താനും, മരച്ചീനിക്ക് വിപണി കണ്ടെത്താനും സാധിക്കുമെന്നും എം എല്‍ എ പറഞ്ഞു. വയനാടന്‍നേന്ത്രക്കായയുടെ വില കിലോയ്ക്ക് വില കിലോയ്ക്ക് 24 രൂപയെന്ന സംഭരണവില, മറ്റ് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ 30 രൂപയായി ഉയര്‍ത്തണം. നേന്ത്രക്കായയും, മരച്ചീനിയും ഉള്‍പ്പെടെയുള്ള കാര്‍ഷികവിളകള്‍ സംഭരിക്കാനുള്ള നടപടി സ്വീകരിക്കണം. ഹോര്‍ട്ടികോര്‍പ്പ്, വി എഫ് പി സി എന്നീ ഏജന്‍സികളുടെ സംഭരണകേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യം എന്നിവ ഉയര്‍ത്തുന്നതിനും, സംഭരിച്ച കാര്‍ഷിക ഉല്പന്നങ്ങള്‍ മൂല്യവര്‍ധിത ഉല്പന്നങ്ങളാക്കി മാറ്റാനുള്ള പദ്ധതികളും നടപ്പിലാക്കണം. ഇതോടൊപ്പം കോവിഡ് ബാധിച്ച് മരിച്ച കര്‍ഷകര്‍ക്ക് അനുവദിച്ചിരുന്ന കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുക, കോവിഡ് ബാധിച്ച് മരിച്ച കര്‍ഷകരുടെ ആശ്രിതര്‍ക്ക് പ്രത്യേക സാമ്പത്തികസഹായം ലഭ്യമാക്കുക. കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ കാര്‍ഷികവായ്പകളുടെ തിരിച്ചടവ്, പലിശ എന്നിവ ഒഴിവാക്കുകയും, ജപ്തി നടപടികളും നിര്‍ത്തിവെക്കുക, കോവിഡ് കാലഘട്ടത്തെ അഗ്രികള്‍ച്ചര്‍ ലോണ്‍ ഹോളിഡേ ആക്കി പ്രഖ്യാപിക്കുക, അഗ്രികള്‍ച്ചറല്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് മാത്രമെ കാര്‍ഷിക ആനുകൂല്യങ്ങള്‍ അനുവദിക്കുകയുള്ളുവെന്ന മാനദണ്ഡം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും സിദ്ദിഖ് നിയമസഭയില്‍ ഉന്നയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *