April 27, 2024

നവ കേരള പുരസ്‌കാരം നേടി മീനങ്ങാടി ഗ്രാമപഞ്ചായത്ത്

0
Img 20210917 Wa0059.jpg
മീനങ്ങാടി: ഖരമാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ മാതൃകാ പരമായ പ്രവര്‍ത്തനം നടപ്പിലാക്കിയ മീനങ്ങാടി ഗ്രാമപഞ്ചായത്തിന് നവ കേരള പുരസ്‌കാരം ലഭിച്ചു. ഹരിത കേരളം മിഷനും ശുചിത്വമിഷനും ചേര്‍ന്ന് ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ഖരമാലിന്യ സംസ്‌കരണത്തില്‍ ഗ്രാമപഞ്ചായത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം.
ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വീടുകളില്‍ നിന്നും വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങള്‍ ശേഖരിച്ച് വരുന്നുണ്ട്. പഞ്ചായത്തിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റേഷനില്‍ ശേഖരിക്കുന്ന ഖരമാലിന്യം ഷ്രെഡ്ഡ് ചെയ്തതിന് ശേഷമാണ് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നത്. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്‌ക്കരിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും പൊതുവായി ശേഖരിക്കുന്നവ തുമ്പൂര്‍മുഴി പ്ലാന്റില്‍ നിക്ഷേപിച്ച് വളമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനവും നടത്തുന്നുണ്ട്. 
ദിവസേന 1056 കിലോ ഗ്രാം അജൈവ മാലിന്യവും 18.9 ടണ്‍ ജൈവമാലിന്യവുമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. സംഭരിക്കുന്ന മാലിന്യം വിപണനം നടത്തുന്നതിലൂടെ ഹരിത കര്‍മ്മസേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്ക് ജീവിത മാര്‍ഗമേകാന്‍ ഗ്രാമപഞ്ചായത്തിന് സാധിക്കുന്നുണ്ട്. 
ശുചിത്വമിഷന്‍ നേതൃത്വം നല്‍കിയ നാല് നാള്‍ നാല് പുറം നന്നാക്കല്‍ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ ശുചീകരണ യജ്ഞത്തില്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വീടുകളും വാണിജ്യ പൊതുയിടങ്ങളും മാലിന്യമുക്തമാക്കിയിട്ടുണ്ട്. 
 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാരില്‍ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. അവാര്‍ഡ് തുകയായ രണ്ട് ലക്ഷം രൂപയുടെ ചെക്ക് പഞ്ചായത്ത് ഉപ ഡയറക്ടര്‍ പി. ജയരാജനില്‍ നിന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.വി. ചിന്നമ്മ ഏറ്റുവാങ്ങി. 
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. അസൈനാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലതാ ശശി, ബീന വിജയന്‍, ബേബി വര്‍ഗ്ഗീസ്, പി.വാസുദേവന്‍, മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സി.പി. ജോസഫ്, ജില്ലാ ശുചിത്വമിഷന്‍ കോഓര്‍ഡിനേറ്റര്‍ വി.കെ. ശ്രീലത, കുടുംബശ്രീ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ പി. സാജിത, ശുചിത്വമിഷന്‍ അസി. കോഓര്‍ഡിനേറ്റര്‍ റഹീം ഫൈസല്‍, വി.ഇ.ഒ നിധീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *