May 15, 2024

കാർഷിക മേഖലയ്ക്ക് ഊർജം പകരാൻ വിയറ്റ്നാമുമായി സഹകരിക്കും;കൃഷിമന്ത്രി പി പ്രസാദ്

0
Img 20211109 080718.jpg
പ്രത്യേക ലേഖകൻ.
തിരുവനന്തപുരം-
കേരളവും വിയറ്റ്നാമും സംയുക്ത സഹകരണത്തോടെ നടപ്പിലാക്കുവാൻ കഴിയുന്ന പദ്ധതികൾ കാർഷിക – കൃഷി അനുബന്ധ മേഖലകളുടെ വികസനത്തിനും കാലാവസ്ഥാ അതിജീവനത്തിനും ഗുണപ്രദമായിരിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് സൂചിപ്പിച്ചു. വിയറ്റ്നാം അംബാസിഡർ ഫാം സാൻഹ് ചൗവിൻ്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘവുമായി തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ച് നടന്ന കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷികമേഖലയിൽ വിയറ്റ്നാം സർക്കാരുമായി സംയോജിച്ച് നടപ്പിലാക്കുവാൻ കഴിയുന്ന പദ്ധതികളെ സംബന്ധിച്ച ചർച്ചയാണ് വിയറ്റ്നാം അംബാസിഡറും മറ്റു പ്രതിനിധി സംഘവുമായി തിരുവനന്തപുരത്ത് നടന്നത്.
 കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുക എന്നത് സംസ്ഥാനം നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണെന്ന് മന്ത്രി പ്രസാദ് പറഞ്ഞു. കേരളത്തിന്റെ സമാന ഭൂപ്രകൃതിയും കാലാവസ്ഥയുമുള്ള വിയറ്റ്നാം ഇതേ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. ഇരു ദേശങ്ങളുടെയും സംയോജിപ്പിച്ചുള്ള ഗവേഷണങ്ങൾ സുസ്ഥിര കാർഷിക വികസനത്തിനും കാലാവസ്ഥ പ്രശ്നങ്ങൾ നേരിടുന്നതിനും ഉപകാരപ്രദമായിരിക്കും. 
 തൊഴിലാളി ക്ഷാമവും വർദ്ധിച്ച കൂലിച്ചെലവും കാർഷികമേഖലയിലെ യന്ത്രവൽക്കരണത്തിന് പ്രസക്തി വർധിപ്പിച്ചിട്ടുണ്ട്. നാളികേരം ഉൾപ്പെടെയുള്ള കാർഷിക ഉൽപന്നങ്ങളുടെ മൂല്യവർധനവിന് സംസ്ഥാനം പ്രാധാന്യം നൽകുന്നുണ്ട്. കർഷകന് സമൂഹത്തിൽ മാന്യമായ ജീവിതനിലവാരം ഉറപ്പു നൽകുന്നതിനായി കാർഷിക വരുമാനം 50 ശതമാനമെങ്കിലും വർധിപ്പിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി സൂചിപ്പിച്ചു. 
പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കുന്ന നെല്ലിനങ്ങളുടെ പരസ്പര കൈമാറ്റം, രണ്ടു പ്രദേശങ്ങളിലേയും സംയോജിത കൃഷിസമ്പ്രദായ വിദ്യകളുടെ കൈമാറ്റം, മൂല്യവർധന ശൃംഖലയിലെ സാങ്കേതികവിദ്യകളുടെ കൈമാറ്റം, (പൈനാപ്പിൾ, ചക്ക,കശുമാവ്, റബ്ബർ തുടങ്ങിയ വിളകളിൽ), കാലാവസ്ഥ അനുരൂപ കൃഷി വിദ്യകളുടെ കൈമാറ്റം, അത്യുൽപാദനശേഷിയുള്ള റബ്ബർ ഇനങ്ങളുടെ കൈമാറ്റം എന്നിവയാണ് വിയറ്റ്നാമുമായി സഹകരിച്ച് നടപ്പിലാക്കുന്നതിന് കഴിയുന്നത്. കുരുമുളക് കൃഷിയിൽ വിയറ്റ്നാം അനുവർത്തിക്കുന്ന അതി സാന്ദ്രത കൃഷി രീതി, സൂക്ഷ്മ ജലസേചനം, കാപ്പി കൃഷിയിൽ അനുവർത്തിക്കുന്ന യന്ത്രവത്കരണം, വിളവെടുപ്പാനന്തര പരിചരണ മുറകൾ , സൂക്ഷ്മ ജലസേചനം എന്നിവയും ചെറു കൃഷിഭൂമികൾക്കു അനുയോജ്യമായ യന്ത്രവൽകൃത മാതൃകകൾ എന്നിവയും വിയറ്റ്നാമിൽ നിന്നും സ്വീകരിക്കുവാൻ സംസ്ഥാനം ആഗ്രഹിക്കുന്നതായി മന്ത്രി അറിയിച്ചു.
 അതുപോലെതന്നെ കാർഷിക വിദ്യാഭ്യാസ മേഖലയിലും കാർഷിക ഗവേഷണ രംഗത്തും വിയറ്റ്നാമിന് സംഭാവന നൽകുവാനും കേരളത്തിന് സാധ്യമാകും. കാർഷിക വിജ്ഞാനവ്യാപനത്തിൻ്റെ കാര്യത്തിൽ ആഴത്തിലുള്ള ഒരു ശൃംഖലാ സംവിധാനം സംസ്ഥാനത്തുണ്ട്. ആസൂത്രണ പദ്ധതികൾ താഴെത്തട്ടിൽ നിന്നും ആണ് രൂപപ്പെടുന്നത്.ഈ മേഖലയിലെ സംസ്ഥാനത്തിൻ്റെ അറിവും പരിചയസമ്പത്തും കൈമാറുന്നതിന് കേരളം സന്നദ്ധമാണ്.
 അശാസ്ത്രീയമായ കാർഷിക മുറകൾ പലയിടങ്ങളിലും വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്. കാർഷിക ഉൽപ്പന്നങ്ങളിലെ രാസവസ്തുക്കളുടെ സാന്നിധ്യം ഉൽപ്പന്നങ്ങളുടെ കയറ്റുമതിയെ പോലും ബാധിക്കുന്ന കാര്യമാണ്. സംസ്ഥാനം ഇപ്പോൾ ശുദ്ധ ഭക്ഷ്യ ഉത്പാദനം ലക്ഷ്യമിട്ടുകൊണ്ടുള്ള ജൈവകൃഷി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ്. ഈ മേഖലയിലുള്ള സാങ്കേതികവിദ്യകളുടെയും അറിവിൻ്റെയും കൈമാറ്റം ലോകത്തിനുതന്നെ ഗുണപ്രദമായിരിക്കും. ഇത്തരത്തിൽ പല മേഖലകളിലായി ഒരു ദീർഘനാളത്തെ സഹകരണം വിയറ്റ്നാമും ആയി ശക്തിപ്പെടുത്തുന്നതിനാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി സൂചിപ്പിച്ചു. 
സാധ്യമായ മേഖലകളിൽ സാങ്കേതിക വിദ്യകളും അറിവും കൈമാറുന്നതിനുള്ള ധാരണയാണ് സന്ദർശന ലക്ഷ്യമെന്ന് വിയറ്റ്നാം അംബാസിഡർ ഫാംസാൻ ഹ് ചൗ അഭിപ്രായപ്പെട്ടു. വിയറ്റ്നാമിലെ പ്രധാന പ്രവിശ്യകളും കേരളവുമായി സഹോദരബന്ധം വികസിപ്പിക്കുവാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. കാർഷികോത്പന്നങ്ങളായ കുരുമുളക്, കാഷ്യൂ എന്നിവയുടെ കൃഷി സാങ്കേതിക വിദ്യയിലും , മത്സ്യ ബന്ധനം, ഉന്നത വിദ്യാഭ്യാസം, വിവര സാങ്കേതിക വിദ്യ എന്നീ മേഖലകളിലും സംയോജിച്ചുള്ള പ്രവർത്തനം സാധ്യമാണ്. 
ഇരു സർക്കാറുകൾ തമ്മിലും അവിടത്തെ കർഷക ,വ്യവസായ സംഘങ്ങൾ തമ്മിലും സഹകരണം സാധ്യമാണെന്നും വിയറ്റ്നാം അംബാസിഡർ അറിയിക്കുകയുണ്ടായി.
 
 സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ, സ്പെഷ്യൽ ഓഫീസർ (വിദേശ സഹകരണം ) ഡോ.വേണു രാജാമണി കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. ചന്ദ്രബാബു, കൃഷി വകുപ്പ് സെക്രട്ടറി സി.എ. ലത ഐ.എ. എസ് ,വിയറ്റ്നാം അംബാസിഡറുടെ പ്രൈവറ്റ് സെക്രട്ടറി സൺ ഹൊയാങ് മെയ്ഡങ്, പൊളിറ്റിക്കൽ കൗൺസിലർ ( വിയറ്റ്നാം ) നുയെൻ തൈനോക് ഡങ്, ട്രെഡ് കൗൺസിലർ ( വിയറ്റ്നാം ) ബിട്രങ് തു വാങ്, കൗൺസിലർ ( വിയറ്റ്നാം ) നോയൻ തൈതാൻഹ് ക്വാൻ , വോയ്സ് ഓഫ് വിയറ്റ്നാം ബ്യൂറോ ചീഫ് പ്രതിനിധി ഫാൻ താങ് ടങ് , കൃഷി ഡയറക്ടർ ടി.വി സുഭാഷ് ഐ എ എസ് ,ഡബ്ല്യു ടി ഒ സ്പെഷ്യൽ ഓഫീസർ ആരതി ഐ ഇ എസ്,പ്രൈസസ് ബോർഡ് ചെയർമാൻ ഡോ. രാജശേഖരൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *