ജൻ ജാഗ്രത യാത്ര 30 മുതൽ വയനാട്ടിൽ

കൽപ്പറ്റ: വയനാട് ഡി.സി.സി.യുടെ നേതൃത്വത്തിൽ നടത്തുന്ന
ജൻ ജാഗ്രത യാത്ര നവംബർ 30 മുതൽ ഡിസംബർ 2 വരെ നടക്കുമെന്ന് ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ, കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ. അബ്രാഹം എന്നിവർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്യമൊട്ടാകെ നവംബർ 14 മുതൽ ജൻ ജാഗരൺ അഭിയാൻ (ജന ജാഗ്രത ക്യാമ്പയിൻ) നടത്തി വരികയാണ്. കേന്ദ്രം ഭരിക്കുന്ന മോദി സർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായുള്ള ബഹുജന സമ്പർക്ക പരിപാടിയാണിത്. പെട്രോൾ – ഡീസൽ – പാചക വാതക വില വർദ്ധനവിലൂടെ ഈ രാജ്യത്തെ ജനങ്ങൾ കൊള്ളയടിക്കപ്പെടുകയാണ്. അതിരൂക്ഷമായ പണപ്പെരുപ്പവും അസഹനീയമായ വിലക്കയറ്റവും കോടാനുകോടി ഭാരതീയരുടെ നിത്യ ജീവീതത്തെ ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജൻ ജാഗരൺ അഭിയാൻ എന്ന പ്രക്ഷോഭ പരിപാടി ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംഘടിപ്പിക്കുന്നത്. വമ്പിച്ച ജനരോഷം ഈ സർക്കാരിനെതിരെ ഉയർത്തികൊണ്ട് വരികയും അതിലൂടെ ജനവിരുദ്ധ നയങ്ങൾ പിൻവലിപ്പിക്കുവാൻ സർക്കാരിനെ നിർബന്ധിതമാക്കുകയും ചെയ്യുകയാണ് ഈ പ്രക്ഷോഭ പരിപാടി കൊണ്ട് പാർട്ടി ലക്ഷ്യമിടുന്നത്.
ജൻ ജാഗരൺ അഭിയാൻ്റെ ഭാഗമായി വയനാട് ജില്ലയിൽ നവംബർ 30 ന് തുടക്കം കുറിച്ച്, ഡിസംബർ 1,2 തിയ്യതികളിലായി മൂന്ന് നിയോജക മണ്ഡലങ്ങളിലും ജന ജാഗ്രത യാത്രകൾ സംഘടിപ്പിക്കുകയാണ്. ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ എക്സ്-എം.എൽ.എ. മാനന്തവാടിയിൽ നിന്നും കെ.പി.സി.സി. വർക്കിങ് പ്രസിഡണ്ട് ടി. സിദ്ധിഖ് എം.എൽ.എ. വടുവഞ്ചാലിൽ നിന്നും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ബത്തേരിയിൽ നിന്നും കൽപ്പറ്റയിലേക്ക് പദ യാത്രയായി ജാഥ നയിക്കും. ഡിസംബർ 2 -כ൦ തിയ്യതി വൈകിട്ട് മൂന്ന് പദയാത്രകളും എസ്.കെ.എം.ജെ. സ്കൂൾ പരിസരത്ത് സംഗമിച്ച് കൽപ്പറ്റയിലേക്ക് വലിയ ജാഥയായി എത്തിച്ചേരും. കാർഷിക മേഖലയായ വയനാട് നേരിടുന്ന പ്രശ്നങ്ങളും സംസ്ഥാന സർക്കാരിൻ്റെ ഭരണ വീഴ്ചകളും യാത്രയിൽ ചർച്ച ചെയ്യപ്പെടും. നവംബർ 30 ന് നടക്കുന്ന ഉദ്ഘാടന പരിപാടികളിൽ കേരളത്തിൻ്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ, കെ.പി.സി.സി. വൈസ് പ്രസിഡണ്ട് വി.ടി. ബൽറാം, എ.ഐ.സി.സി. സെക്രട്ടറി പി.വി. മോഹൻ എന്നിവർ സംബന്ധിക്കും. ഡിസംബർ 2 ന് വൈകുന്നേരം കൽപറ്റയിൽ നടക്കുന്ന സമാപന സമ്മേളനം കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരൻ എം.പി. ഉദ്ഘാടനം നിർവ്വഹിക്കും. ജാഥയുമായി ബന്ധപ്പെട്ട വിവിധ പൊതുയോഗങ്ങളിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ കെ.കെ. അബ്രഹാം, അഡ്വ: പി.എം. നിയാസ്, എ.പി. അനിൽകുമാർ എം.എൽ.എ., സണ്ണി ജോസഫ് എം.എൽ.എ., മലപ്പുറം ഡി.സി.സി. പ്രസിഡണ്ട് വി.എസ്. ജോയ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ, കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



Leave a Reply