April 30, 2024

പണവും സ്വാധീനവും ഉപയോഗിച്ച് ഫ്രാങ്കോ കേസ് അട്ടിമറിച്ചു; നീതി കിട്ടുന്നതുവരെ പോരാട്ടം തുടരുമെന്നും സിസ്റ്റര്‍ അനുപമ .

0
Img 20220114 160258.jpg
കോട്ടയം: ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ട വിധി വിശ്വസിക്കാനാവുന്നില്ലെന്ന് കുറുവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍ അനുപമ. 
പൊലീസും പ്രോസിക്യൂട്ടറും കാണിച്ച നീതി ജുഡീഷ്യറിയില്‍ നിന്നും ലഭിച്ചില്ലെന്നും നീതി കിട്ടുന്നതുവരെ പോരാട്ടം തുടരുമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.
 പണവും സ്വാധീനവും ഉപയോഗിച്ച് ബിഷപ്പ് ഫ്രാങ്കോ കേസ് അട്ടിമറിച്ചതാണെന്നും ഇവര്‍ പറഞ്ഞു.
‘മൊഴികളെല്ലാം ഞങ്ങള്‍ക്ക് അനുകൂലമായിട്ടാണ് വന്നത്. 
പിന്നീട് എന്ത് സംഭവിച്ചുവെന്ന് ഞങ്ങള്‍ക്ക് അറിയില്ല. തീര്‍ച്ചയായും അപ്പീല്‍ പോകും. ഞങ്ങളുടെ സിസ്റ്ററിന് നീതി കിട്ടുന്നതുവരെ പോരാടും.
പണവും സ്വാധീനവും ഉണ്ടെങ്കില്‍ എന്തും നേടാം. ആ ഒരു കാലമാണല്ലോ ഇപ്പോള്‍ നമ്മുടെ മുന്നിലുള്ളത്. 
അത് തന്നെയാണ് ഇവിടേയും സംഭവിച്ചതെന്നാണ് വിശ്വസിക്കുന്നത്. സാധാരണക്കാരായ ഞങ്ങളെപ്പോലുള്ള മനുഷ്യര്‍ എന്തുവന്നാലും മിണ്ടാതിരിക്കുകയോ കേസിന് പോകാതിരിക്കുകയോ വേണം എന്നാണ് ഈ വിധിയിലൂടെ ഞങ്ങള്‍ക്ക് തോന്നുന്നത്. ഇതാണ് ഈ വിധിയില്‍ നിന്നും ഞങ്ങള്‍ക്ക് മനസിലാകുന്നത്.
ഞങ്ങള്‍ പണ്ടും ഇപ്പോഴും സുരക്ഷിതരല്ല. 
പുറത്ത് ഞങ്ങള്‍ക്ക് പൊലീസിന്റെ സംരക്ഷണം കിട്ടുന്നുണ്ട്. എന്നാല്‍ കന്യാസ്ത്രീ മഠമാണ്, ഇതിനുള്ളില്‍ സംഭവിക്കുന്നതൊന്നും പുറത്തുപറയാന്‍ പോലും പറ്റില്ല. മരിക്കാന്‍ തയ്യാറായിട്ടാണ് ഞങ്ങള്‍ ഇവിടെ നില്‍ക്കുന്നത്.
കേസിന്റെ വാദം നടക്കുന്നതുവരെ ഒരു അട്ടിമറിയും നടന്നതായി ഞങ്ങള്‍ക്ക് തോന്നിയില്ല. അതിന് ശേഷം അട്ടിമറി നടന്നിട്ടുണ്ട്. ഞങ്ങളുടെ സിസ്റ്ററിന് നീതി കിട്ടുന്നതുവരെ ഞങ്ങള്‍ പോരാടും. കേസ് നടത്തിപ്പിനെ കുറിച്ചൊന്നും പറയാനില്ല. വിധി പകര്‍പ്പ് കിട്ടിയിട്ടില്ല.
പ്രോസിക്യൂട്ടര്‍ നല്ല രീതിയില്‍ കേസ് വാദിച്ചിട്ടുണ്ട്. അന്വേഷണ ഘട്ടത്തില്‍ വീഴ്ച വരുത്തിയെന്ന് തോന്നുന്നില്ല. 
അവരില്‍ ഞങ്ങള്‍ക്ക് വിശ്വാസമാണ്.
പണവും സ്വാധീനവും കൊണ്ട് കേസ് അട്ടിമറിച്ചതാണെന്നതില്‍ സംശയമില്ല. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ആവശ്യത്തിന് പണവും സ്വാധീനവും ഉണ്ട്. 
ഞങ്ങള്‍ ഇവിടെ നിന്നുകൊണ്ട് തന്നെ പോരാട്ടം തുടരും.
 ഞങ്ങളുടെ കൂടെ ഇത്രയും നാള്‍ നിന്ന നല്ലവരായ ഓരോരുത്തരോടും നന്ദി അറിയിക്കുകയാണ്.
 തുടര്‍ന്നുള്ള യാത്രയിലും ഒപ്പമുണ്ടാകുമന്ന് വിശ്വസിക്കുന്നു’, സിസ്റ്റര്‍ അനുപമ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *