April 30, 2024

തി്യതി തെറ്റാതെ ചെമ്പ്രമലയിൽ കാട്ടുതീ ഉണ്ടായതിൽ ദുരൂഹത: അന്വേഷണം വേണമെന്ന് നാട്ടുകാർ

0
Fb Img 1519190045029
കഴിഞ്ഞ വർഷത്തെ അതേ തിയ്യതിയിൽ ചെമ്പ്രയെ വീണ്ടും അഗ്‌നി കീഴടക്കിയതിൽ ദുരൂഹത       ദുരന്തദിനമായി വീണ്ടും ഫെബ്രുവരി 18  ഇത്തവണയും കടന്നുവന്നതിൽ സംശയമുണ്ടന്ന്  പരിസരവാസികൾ. . വനവിരോധത്തിന്റെ ഒടുവിലത്തെ ഇരകയാളയി രണ്ട് മലകളും നൂറുകണക്കിന് ഉരഗജീവികളും പക്ഷികളും മാറുന്ന ദയനീയ കാഴ്ചകളാണ്  കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ചെമ്പ്രയിൽ കണ്ടത്.
.പശ്ചിമ ഘട്ടത്തിലെ തീവ്ര ജൈവ വൈവിധ്യ മേഖലയിൽപ്പെടുന്ന 
ചെമ്പ്രമലനിരകളുടെ ജൈവ പ്രധാന്യത്തിന്റെ പ്രൗഡിയും ഹൃദയ തടാകത്തിന്റെ  മാസ്മരിക സൗന്ദര്യവും ഏറെ പ്രശസ്തമാണ്.   മൂന്ന് നിരകളിലായുള്ള ഈ ഭാഗങ്ങളെല്ലാം പരിസ്ഥിതി ശാസ്ത്രജ്ഞരുടെ കൗതുക കേന്ദ്രമാണ്. പുതിയ ചെടികളും വംശനാശ ഭീഷണിയില്‍ റെഡ്ഡാറ്റാബുക്കില്‍ സ്ഥാനം പിടിച്ച സസ്യ-ജന്തു ജനസ്സുകളും ഇവിടെയുണ്ട്.  ചെമ്പ്രയിലും കുറിച്യാര്‍മലയിലുമായുള്ള 130 സസ്യയിനങ്ങള്‍ വംശനാശ പട്ടികയിലുണ്ട്.
 ലോകത്തുനിന്നും അപ്രത്യക്ഷമായെന്ന് കരുതിയിരുന്ന 'യൂജീനിയ അര്‍ജന്‍ഷിയാ', ഹിഡിയോട്ടീസ് വയനാടന്‍ സിസ്' എന്നീ ചെറുമരങ്ങള്‍ ഇവിടെയുണ്ട്. സൈലന്റ്‌വാലിയില്‍ മാത്രം അവശേഷിക്കുന്നുവെന്ന് കരുതിയിരുന്ന 'ഇപ്‌സിയ മലബാറിക്ക'  എന്ന കാണാന്‍ ഏറെ ഭംഗിയുള്ള  ഓര്‍ക്കിഡിനെ ചെമ്പ്രമലയോട് ചേര്‍ന്ന പുല്‍മേടുകളില്‍ കണ്ടെത്തിയിരുന്നു. 
 ഗ്ലിപ്‌റ്റോപെറ്റോലം, ഗ്രാന്‍ഡിഫ്‌ലോറം, സയനോമിട്ര ട്രവന്‍കോറിക്ക, സയനോമിട്ര ബെഡോമി, സൈസിജീയം സ്‌റ്റോക്‌സി, അറ്റൂന ഇന്‍ഡിക്ക തുടങ്ങിയ അപൂര്‍വ ഇനം  മരങ്ങള്‍ ചെമ്പ്രയിൽ തണൽ  നല്‍കുന്നു.
അതിനെക്കാൾ പ്രാധാന്യമുള്ള മറ്റൊരു കാഴ്ചയുണ്ട് ഇവിടെ.  മലയില്‍ നിന്നും പൊക്കിള്‍ക്കൊടിപോലെ  സമീപത്തെ വീടുകളെ ബന്ധിപ്പിക്കുന്ന  നിരവധി കറുത്ത ചെറിയ പെപ്പുകള്‍.  ഏത് കനത്ത വേനലിലും ആ വീടുകളിലേക്ക് കുടിവെള്ളം  എത്തുന്നത് ഈ മലയില്‍ നിന്നാണ്.   അതിന്റെ മൂല്യമാണ് പരിസരവാസികളായ ജനങ്ങള്‍ക്ക് ഏറെ പ്രധാന്യം. ഈ പ്രദേശത്തിന്റെ  ജൈവികതക്ക് വിത്തും വളവും അതാണ്.  അവിടെ നിന്നും ഉത്ഭവിക്കുന്ന കൊച്ച് അരുവികളാണ് ജീവനുകള്‍.  നിലക്കാത്ത ജലപ്രവാഹത്തോടെ അരുവികളും പുഴകളുമായി 11 എണ്ണമാണ് ചെമ്പ്രയില്‍ നിന്നും ഉത്ഭവിക്കുന്നത്.  ഇതിലേറെയും വേനലില്‍ പോലും വറ്റാത്ത ജലധാരയായിരുന്നു.  തീ പടരുമ്പോള്‍ പൊടുന്നനെ വറ്റുകയാണ് ആ ഉറവകളും അരുവികളും. നോക്കുകുത്തികളാവുകയാണ്  പൈപ്പുകള്‍. 
നാല് വര്‍ഷത്തിന് ശേഷം 2017 ഫെബ്രുവരി  18നാണ് ചില വിനോദസഞ്ചാരികളുടെ ചെറിയ പിഴവില്‍ നിന്നും വലിയ അഗ്‌നി പടര്‍ന്ന് പിടിച്ചത്. നാല് വര്‍ഷമായി പരിസരവാസികളാകെ വനപാലകരായി സംരക്ഷിച്ചുപോന്ന മലയിലെ ഒരു ഭാഗം മണിക്കൂറുകള്‍ക്കകം കത്തിച്ചാമ്പലായി.  അഗ്‌നിയായി ഇഴഞ്ഞുനീങ്ങുന്ന പാമ്പുകളും പുല്‍ക്കൂട്ടങ്ങള്‍ക്കിടയിലെ കുഞ്ഞുങ്ങളെ രക്ഷിക്കാനാവാതെ മുകളില്‍ വട്ടമിട്ട് പറക്കുന്ന പക്ഷികളുമെല്ലാം നോവുന്ന കാഴ്ചകളായിരുന്നു. . തീയണക്കുന്ന ഗൈഡുമാരും വനപാലകരും നോക്കിനില്‍ക്കെയാണ് നിത്യവും നൂറ് കണക്കിന് സഞ്ചാരികള്‍ക്ക് പരിശുദ്ധമായ കുടിവെള്ളം നല്‍കിയിരുന്ന ഒരു ഉറവ പതുക്കെ പതുക്കെ നിന്നത്. 
ഇത്തവണ അതാവര്‍ത്തിക്കുമെന്ന ഭീതിയാണ് ജനങ്ങൾക്ക്.. അതുകൊണ്ടുതന്നെ  നേരത്തെ തന്നെ വിനോദ സഞ്ചാരികളുടെ പ്രവേശനം തടഞ്ഞു. ഗൈഡുമാരെ വാച്ചര്‍മാരാക്കി. ഫയര്‍ലൈനുകള്‍… എന്നിട്ടും രണ്ട് കാട്ടാനകളോടുള്ള  ദേഷ്യത്തിന് വടക്കുഭാഗത്ത്  ആരോ തീപ്പെട്ടിയുരച്ചു.  ഒരു ദിവസത്തെ ഉറക്ക നഷ്ടത്തിന്  ചെയ്തത് നൂറ് കണക്കിന് കുടുംബങ്ങളുിലേക്കുള്ള ആ പൊക്കിള്‍ക്കൊടി മുറിക്കുകയായിരുന്നു. ഒരാള്‍പ്പൊക്കത്തില്‍ ഉണങ്ങിയപുല്‍മേടുകളെ കീഴടക്കി പായുന്ന തീയെ നേരിടാന്‍ അറുപതോളം ജീവനക്കാര്‍ക്ക് ഒരു പരിധിവരെയെ സാധിച്ചുള്ളൂ.. അതും ശക്തമായ കാറ്റില്‍. അര്‍ധരാത്രിപോലും തീയണക്കാനും കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരാതിരിക്കാനും അവര്‍ കുറച്ചൊന്നുമല്ല സാഹസപ്പെട്ടത്.  പതിനായിരക്കണക്കിന് സസ്യങ്ങള്‍, അത്യപൂര്‍വമായ ഓര്‍ക്കിഡുകള്‍, ഓടിരക്ഷപ്പെടാനാവാത്ത മൃഗങ്ങള്‍, പുല്‍ച്ചെടികള്‍ക്കിടയിലെ കുഞ്ഞന്‍ കിളികള്‍… ഇവര്‍ക്കിടയിലൂടെ ഒഴുകി ജനങ്ങളിലേക്കെത്തിയ ജലധാര….. എല്ലാം തീര്‍ന്നത്  ഒരു തീപ്പെട്ടിനാളത്തില്‍…. 
 വനാതിര്‍ത്തികളില്‍ നിര്‍മാണ പ്രവൃത്തികള്‍ തകൃതിയായി മുന്നേറുന്നുണ്ട്.  റിസോർട്ടുകളായും മറ്റും. എൻ.ഒ.സി അനുവദിക്കുന്നതിലെ മാനദണ്ഡങ്ങൾ കർശനമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. വനം സംരക്ഷിക്കാൻ ഭാവനാപൂർണമായ നടപടികൾക്ക് പിന്തുണ തങ്ങൾ നൽകാമെന്ന് അവർ ഉറപ്പ് നൽകുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *