April 26, 2024

സമൂഹ മാധ്യമങ്ങളിൽ വൈറലായി തൊടുപുഴയിൽ മരിച്ച ഏഴു വയസ്സുകാരന്റെ ” സ്വർഗ്ഗത്തിലെക്കുറിപ്പ്

0
സമൂഹ മാധ്യമങ്ങളിൽ വൈറലായി തൊടുപുഴയിൽ മരിച്ച ഏഴു വയസ്സുകാരന്റെ " സ്വർഗ്ഗത്തിലെക്കുറിപ്പ്. " ഞായറാഴ്ച സോഷ്യൽ മീഡിയയിൽ ആരോ പോസ്റ്റ് ചെയ്ത്  കുറിപ്പ് മണിക്കൂറുകൾക്കുള്ളിൽ  പല ഗ്രൂപ്പുകളിലും പേജുകളിലും റീപോസ്റ്റായി.  

*എന്റെ പ്രിയപ്പെട്ട അമ്മേ;ഞാൻ തൊടുപുഴയിൽ മർദ്ദനത്തിനിരയായ ഏഴ് വയസുകാരൻ മകൻ.*
അമ്മയുടെ സുഹൃത്തിന്‍റെ ക്രൂരമർദ്ദനത്തിന് ഇരയായ ഞാൻ എനിക്ക് മുന്നേപോയ അച്ഛന്റെ മരണമില്ലാത്ത സ്വർഗീയ ലോകത്തേക്ക് പോവുകയാണ്. ഇന്ന് രാവിലെ 11.30 ന് കോലഞ്ചേരിയിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നായിരുന്നു എന്റെ യാത്ര. കുറച്ചുദിവസമായി തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു അമ്മേ ഞാൻ. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് എന്റെ ജീവൻ നിലനിർത്തിയിരുന്നത്. പിന്നെ അമ്മേ 
*ഈ തലയോട്ടി പൊട്ടി തലച്ചോറ് പുറത്തു വരുമ്പോൾ വല്ലാത്ത വേദനയ അമ്മെ..* സഹിക്കാൻ പറ്റാത്ത വേദനയും മരവിപ്പുമാണ് അമ്മേ…
അമ്മേ എന്റെ *അനിയനെ അങ്ങനെ കൊല്ലരുത്* എന്ന് 'അമ്മ അമ്മയുടെ സ്നേഹിതരോട് പറയണം. അത്ര അസഹ്യമായ വേദനയാണ് അമ്മെ. അതവന് സഹിക്കാൻ സാധിക്കില്ല. പിന്നെ ഉറക്കത്തിൽ ചിവിട്ടിയും കൊല്ലരുത്. അവൻ ഉണരുന്നത് വരെ കാത്തിരിക്കണം. കാരണം ഉറക്കത്തിൽ ചവിട്ടുമ്പോൾ ഞാൻ പേടിച്ചു വിറച്ചതു പോലെ അവനും പേടിച്ചു പോകും. 'അമ്മ സ്നേഹിതരോടൊപ്പം പാതിരാത്രിയിൽ കറങ്ങുമ്പോൾ അവനെ തനിച്ചാക്കി പോകരുത്. അവനിപ്പോൾ രാത്രിയിൽ പേടിച്ചു കെട്ടിപിടിച്ചു കരയാൻ ഞാനില്ല അവനരികിൽ. അവൻ ഒറ്റയ്ക്കാണ്. അമ്മയ്ക്ക് അമ്മയുടെ ചൂട് പറ്റുന്നവർ കുറേ കൂടെയുണ്ട്. എനിക്കാണെങ്കിൽ ഇപ്പോൾ അച്ഛനും, ആസിഫയും, രോഹിത് അങ്കിളും അങ്ങനെ ഒത്തിരിപേരുണ്ട് കൂട്ട്. പക്ഷെ അവനോ ആരാണ് ഉള്ളത്…
അമ്മേ; അമ്മയൊഴിച്ചു നമ്മുടെ നാട്ടിലെ എല്ലാവരും സങ്കടത്തിലും വലിയ വേദന നിറഞ്ഞ പ്രതിഷേധത്തിലുമാണെന്ന് ഇവിടെ മാലാഖമാര്‍ പറയുന്നത് കേട്ടു. ചിലപ്പോഴൊക്കെ അവര്‍ സ്വര്‍ഗ്ഗത്തിന്‍റെ ജാലകവാതിലിലൂടെ ഇതെല്ലാം കാണിച്ചുതന്നു. പക്ഷേ സത്യം പറയട്ടെ, ഞാനിവിടെ സന്തോഷത്തിലാണ് അമ്മേ. 
ഞാന്‍ മാത്രമല്ല ഞങ്ങള്‍ എല്ലാവരും. ഇനിമുതൽ ഞാൻ എല്ലാ ദിവസവും *ഐലാന്‍ കുര്‍ദ്ദിക്കൊപ്പം* കളിച്ചുരസിച്ചു നടക്കും. അവന്‍ ഭയങ്കര കുസൃതിയും, സുന്ദരനുമാണ്. ഓര്‍മ്മയില്ലേ അമ്മേ അവനെ.? കുറച്ചുനാൾ മുമ്പ് നമ്മള്‍ പത്രങ്ങളില്‍ കണ്ടിരുന്ന അവന്‍റെ നിര്‍വികാരനായ കമിഴ്ന്നുള്ള കടൽ കരയിലെ ചുവപ്പ് ഉടുപ്പിട്ട കിടപ്പ്…
വൈകുന്നേരങ്ങളില്‍ *രോഹിത് വെമുലയുടെ* സംസാരം കേള്‍ക്കാന്‍ കാത്തിരിക്കും. ഇരുട്ടിന് തീവ്രതകൂടുന്നത് വരെ ഞങ്ങള്‍ അത് കേട്ടിരിക്കും. അമ്ല മഴപോലുള്ള, അഗ്നി പോലുള്ള വാക്കുകള്‍. നമ്മുടെ ജന്മം തന്നെയും, നമ്മുടെ ജാതിയും വര്‍ഗ്ഗവും, മതവും എല്ലാം തന്നെയും വലിയ പിഴവുകള്‍ ആകുന്ന ഭൂമിയിലെ കെട്ട നീതിയെക്കുറിച്ച്‌ സംസാരിക്കും. അപ്പോള്‍ മാത്രമാണ് എനിക്കല്‍പ്പം സങ്കടം തോന്നാറുള്ളത്. രോഹിത് വെമുല വലിയ പണ്ഡിതനും, വാഗ്മിയും, ഭാഷാജീനിയസ്സുമാണ് അമ്മേ…
പിന്നെ കുറെ പുസ്തകങ്ങള്‍ വായിക്കും. പിന്നീട് രാത്രിയില്‍ *കല്‍ബുര്‍ഗ്ഗിയുടെയും, ധബോല്‍ക്കറിന്‍റെയും* കഥപറച്ചില്‍ കേള്‍ക്കാന്‍ കാത്തിരിക്കും. മനോഹരമായ ഹൃദയസ്പര്‍ശിയായ വാക്കുകളില്‍ അവര്‍ രണ്ടുപേരും അനവധി കഥകള്‍ പറയും. ഞാന്‍ *ഗൌരി ലങ്കേഷിന്റെ* മടിയില്‍ക്കിടന്ന് ഉറക്കം വരുവോളം കഥകള്‍ കേള്‍ക്കും…
പ്രഭാതത്തില്‍ *ജിഷയുടെയും, സൌമ്യയുടെയും* കൂടെ തമാശകള്‍ പറഞ്ഞു കളിച്ചുല്ലസിക്കും. പിന്നെ എപ്പോഴോ വിശക്കുമ്പോള്‍ *മധുവിന്‍റെ* കൂടെയിരിക്കും. എന്താണ് എന്നറിയില്ല മധുവിന്‍റെ കണ്ണുകളില്‍ നോക്കുമ്പോള്‍ ഇപ്പോഴും സങ്കടമാണ്. വിശപ്പ്‌ വേദനയോടെ തിളങ്ങുന്നത് പോലെ തോന്നും. ഇന്നലെ ഐലാന്‍ കുര്‍ദ്ദിയും എന്നോട് പറഞ്ഞു, *യുദ്ധത്തേക്കാളും ഭീകരമാണ് വിശപ്പെന്ന്.* അത് പറഞ്ഞു കുര്‍ദ്ദി എന്നെ പുണര്‍ന്നു കരഞ്ഞു. എനിക്കും അപ്പോള്‍ അമ്മയുടെ അടുത്തുള്ള എന്റെ അനിയനെ ഓർത്ത് വല്ലാത്ത ഭയവും കരച്ചിലും വന്നു..!
സത്യമായിട്ടും അമ്മേ ഞാനിവിടെ വലിയ
സന്തോഷത്തിലാണ്. ഇവിടെ എന്റെ ചങ്ക് അച്ഛനുണ്ടല്ലോ. അമ്മേ നമ്മുടെ ഈ അച്ഛനെയും അമ്മ സ്നേഹിതന്  ഒപ്പം കൂടി കൊന്നതാണോ. അച്ഛനൊന്നും പറയുന്നില്ല. പക്ഷെ അച്ഛന് നമ്മൾ എന്ന് പറഞ്ഞാൽ എന്ത് ഇഷ്ട്ടമാണെന്നറിയോ.? അച്ഛനാണ് ഇവിടെയുള്ള എല്ലാവരെയും എനിക്ക് പരിചയപ്പെടുത്തി തന്നത്. അച്ഛനെ കാണുമ്പോഴാണ് മനുഷ്യൻ എന്ന പദം എന്തൊരു മനോഹരമാണ് എന്ന് തോന്നുക. പക്ഷെ അമ്മയെ കാണുമ്പോൾ നേരെ തിരിച്ചും. 
ആ പിന്നെ അമ്മേ ഇവിടെ മതവും ജാതിയും, കാമവും, ചതിയും, വഞ്ചനയും, കൊലയും അസ്പ്രുശ്യതകളും ഇല്ല, അതിരുകള്‍ ഇല്ല, യുദ്ധങ്ങള്‍ ഇല്ല, ആയുധപ്പുരകള്‍ ഇല്ല, അധികാര ജ്വരം ബാധിച്ച ഏകാധിപതികള്‍ ഇല്ല, വോട്ടുബാങ്ക് ദാഹികളായ രാഷ്ട്രീയക്കാര്‍ ഇല്ല. ഞങ്ങളും പൂക്കളും പൂമ്പാറ്റകളും മാത്രം…!!
പിന്നെ അമ്മേ നാട്ടുകാരോട് എല്ലാവരോടും പറയണം. തൊടുപുഴ സംഭവത്തിലെ ഏറ്റവും വലിയ ആ ട്രാജഡിയിലെ ദുഃഖ കഥാപാത്രം എന്റെ അനിയനാണ് എന്ന് മറക്കാതെ പറയണം. കാരണം അവൻ കിടക്കയിൽ മൂത്രമൊഴിച്ചതിനു വേണ്ടിയുള്ള ശിക്ഷയായിരുന്നല്ലോ അമ്മയും കൂട്ടുകാരനും എന്നിൽ നടപ്പിലാക്കിയത്. ഞങ്ങളുടെ അച്ഛന്റെ സ്ഥാനത്തേക്ക് അമ്മ അവരോധിച്ചയാൾ ഏഴു വയസ്സുള്ള ചേട്ടനായ എന്നെ അതിക്രൂരമായി മർദ്ദിക്കുന്നത് കണ്ട് ഭയന്നു നിന്ന എന്റെ ആ നാല് വയസ്സുകാരൻ അനിയനെ കുറിച്ച് ആരും ഓർക്കാത്തതെന്തേ അമ്മേ.? 
അമ്മയെ പോലും വിശ്വസിക്കാനാവാത്ത മാനസിക നിലയിൽ ഭീതിയോടെ കഴിയുന്ന അവനെ സംരക്ഷിക്കാൻ നമ്മുടെ സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ ഉണ്ടാകുമോ അമ്മേ. ആ രാത്രിയിലെ ഭീകര രംഗങ്ങൾ എത്ര കാലം ആ ഇളം മനസ്സിനെ വേട്ടയാടും. ? ആ കുഞ്ഞു മനസ്സിന്റെ മുറിവുകൾ ഉണങ്ങാൻ എന്ത് ചെയ്യുമെന്ന് ആരും പറയാത്തത് എന്താ.? പൊതു സമൂഹത്തിന്റെയും സാമൂഹിക സുരക്ഷാ സംവിധാനങ്ങളുടെയും ശ്രദ്ധ വെന്റിലേറ്ററിൽ കിടന്നിരുന്ന പിന്നീട് മരിച്ചുപോയ എന്നിലും, അമ്മയുടെ കൂട്ടുകാരൻ പീഡകനിലും, ഭർത്താവ് മരിച്ചപ്പോൾ കൂടെ മറ്റൊരാളെ പൊറുപ്പിച്ച സ്ത്രീയായ അമ്മയിലുമാണ്. ഒരു രാത്രി കൊണ്ട് സംരക്ഷകരില്ലാതെ അനാഥത്വത്തിലേക്ക് വീണു പോയ ആ നാല് വയസ്സുകാരനായ എന്റെ അനിയന്റെ തേങ്ങലുകൾ കേൾക്കാൻ ആരെങ്കിലും ഉണ്ടാകുമോ അമ്മേ.? 
അമ്മേ ഞാന്‍ വീണ്ടും എഴുതാം … ഇപ്പൊൾ അച്ഛനോട് ഒത്തിരികാര്യങ്ങൾ പറയാനുണ്ട്. അച്ഛൻ വിശേഷങ്ങൾ ചോദിച്ചു പിന്നാലെ നടക്കുവാ… അമ്മയ്ക്ക് മുകളിലെ വിശാല വിഹായസ്സുകള്‍ നിറയെ സ്നേഹത്തോടെ,
*അമ്മയും, കൂട്ടുകാരനും കൊന്ന അമ്മയുടെ സ്വന്തം മകൻ…* 
             
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *