March 19, 2024

കുറിച്യര്‍മല: തോട്ടം തൊഴിലാളികളുടെ സമരത്തില്‍ മന്ത്രി ഇടപെടണം ബിഎംഎസ്

0

കല്‍പ്പറ്റ: കുറിച്യര്‍മല: തോട്ടം തൊഴിലാളികളുടെ സമരത്തില്‍ മന്ത്രി ഇടപെടണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു. നിലവിലുള്ള തൊഴില്‍ നിയമങ്ങളെ വെല്ലുവിളിച്ചു കൊണ്ട് കുറിച്യര്‍മല പ്ലാന്റേഷന്‍ മാനേജ്‌മെന്റ് തൊഴിലാളികള്‍ക്ക് ജോലി നിഷേധിച്ചിരിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകള്‍ സംയുക്തമായി സമരരംഗത്താണ്. ജില്ലാ ലേബര്‍ ഓഫീസറുടെയും, ജോയിന്റ് ലേബര്‍ കമ്മീഷണറുടെയും സാന്നിധ്യത്തില്‍ പലതവണ ചര്‍ച്ചകള്‍ നടന്നെങ്കിലും മാനേജ്‌മെന്റിന്റെ പിടിവാശി മൂലം പരാജയപ്പെടുകയാണുണ്ടായത് അതുകൊണ്ട് തന്നെ തോട്ടം തൊഴിലാളികളുടെ കുടുംബങ്ങള്‍ ഇന്ന് മുഴു പട്ടിണിയിലാണ്. ജോലിയും കൂലിയും ഇല്ലാത്തതിനാല്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകുവാന്‍ സാധിക്കുന്നില്ല. സഹികെട്ട തൊഴിലാളികള്‍ തോട്ടം ഉടമയുടെ വീട്ടുപടിക്കല്‍ പോലും സമരം ചെയ്യേണ്ട ഗതികേട് ഉണ്ടായി. ഇപ്പോഴും തൊഴിലാളികള്‍ സത്യാഗ്രഹ സമരം തുടരുകയാണ് എന്നിട്ടും ഉടമയോ മാനേജ്‌മെന്റോ കണ്ണു തുറക്കാത്ത സാഹചര്യത്തില്‍  സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെട്ട് ചര്‍ച്ച ചെയ്ത് പരിഹാരം ഉണ്ടാക്കണമെന്ന് ഭാരതീയ മസ്ദൂര്‍ സംഘം (ബിഎംഎസ്) ജില്ലാ ഭാരവാഹി യോഗം ആവശ്യപ്പെട്ടു. മാസം കൃത്യമായ ശമ്പളമേ ഗ്രാറ്റിവിറ്റി ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളോ ചികിത്സയോ, കുടിവെള്ളമോ നല്‍കുവാന്‍ മാനേജ്‌മെന്റ് തയ്യാറാകുന്നില്ല. 
    മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥത മൂലം ഉണ്ടായിട്ടുള്ള പ്രതിസന്ധി തൊഴിലാളികളുടെ മേല്‍ കെട്ടി വെക്കുകയാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ജില്ലയിലെ മറ്റ് തോട്ടങ്ങള്‍ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് കുറിച്യര്‍മല എസ്റ്റേറ്റ് തൊഴിലാളികളോട് മാനേജ്‌മെന്റും, മുതലാളിയും യുദ്ധ പ്രഖ്യാപനം നടത്തുന്നത്. ദുരഭിമാനം വെടിഞ്ഞ് മാനേജ്‌മെന്റ് തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായ ജോലിയും നിഷേധിക്കപ്പെട്ട തൊഴില്‍ ദിനങ്ങളിലെ വേതനവും മറ്റാനുകൂല്യങ്ങളും നല്‍കുവാന്‍ തയ്യാറാകണം. ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്ത തൊഴിലാളികള്‍ക്ക് എതിരെ എടുത്തിട്ടുള്ള  എല്ലാ കള്ളക്കേസുകളും, ശിക്ഷണ നടപടികളും പിന്‍വലിക്കണമെന്നും  യോഗം ആവശ്യപ്പെട്ടു. ബിഎംഎസ് ജില്ലാ പ്രസിഡണ്ട് ഹരിദാസന്‍ കെ. തയ്യില്‍ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി പി.കെ മുരളീധരന്‍, പി.ആര്‍ സുരേഷ്, പി.കെ അച്യുതന്‍, സന്തോഷ് ജി, അഡ്വ: വവിത എസ് നായര്‍, പി.എച്ച് പ്രസന്ന, കെ.എന്‍ മുരളീധരന്‍, പി.എസ് ശശിധരന്‍, കെ.കെ പ്രകാശന്‍, സി.കെ സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *