May 7, 2024

ഹില്‍സ്റ്റേഷനുകളും സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളും കായലോര ടൂറിസം കേന്ദ്രങ്ങളും തുറക്കുന്നതിന് ഉത്തരവ്

0
Img 20201011 Wa0192.jpg
ഹില്‍സ്റ്റേഷനുകളും സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളും കായലോര ടൂറിസം കേന്ദ്രങ്ങളും തുറക്കുന്നതിന് ഉത്തരവ്.  കൊവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധം. ബീച്ചുകള്‍ തുറക്കുക അടുത്ത മാസം 1 മുതല്‍
 
സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കൊവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട്  രണ്ട് ഘട്ടമായി പ്രവേശനത്തിന് അനുമതി നല്‍കുന്നതിന് തീരുമാനിച്ചതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഹില്‍ സ്റ്റേഷനുകളിലും, സാഹസിക വിനോദകേന്ദ്രങ്ങളിലും, കായലോര ടൂറിസം കേന്ദ്രങ്ങളിലും സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികള്‍ക്ക് ഉപാധികളോടെ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി അറിയിച്ചു. ഹൗസ് ബോട്ടുകള്‍ക്കും മറ്റ് ടൂറിസ്റ്റ് ബോട്ടുകള്‍ക്കും സര്‍വീസ് നടത്താനും അനുമതി നല്‍കി. എന്നാല്‍, ബീച്ച് ടൂറിസം കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരത്തിന് അനുമതി നവംബര്‍ 1 മുതല്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. കഴിഞ്ഞ 6 മാസങ്ങളായി ടൂറിസം മേഖലയും അതിനെ ആശ്രയിച്ചു ജീവിക്കുന്നവരും വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. കൊവിഡ് 19 ഭീഷണിക്കിടെയും രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളും ടൂറിസം മേഖല നേരത്തെ തുറന്നുകൊടുത്തിരുന്നു. എന്നാല്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട ജനസാന്ദ്രതയേറിയ സംസ്ഥാനമെന്ന നിലയില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കുന്ന രീതിയാണ് കേരളത്തില്‍ അവലംബിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അണ്‍ലോക്ക് 4 ഉത്തരവില്‍ നിരോധിത കാറ്റഗറിയില്‍ ടൂറിസം ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായി മുന്‍കരുതലുകള്‍ പാലിച്ച് ടൂറിസം കേന്ദ്രങ്ങള്‍ തുറന്നുകൊടുക്കുന്നതില്‍ അപാകതയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ ടൂറിസം വ്യവസായത്തിന് ആശ്വാസം പകരുന്ന തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്.
 
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ബിസിനസ് ആവശ്യങ്ങള്‍ക്ക് 7 ദിവസം വരെ കേരളത്തില്‍ വന്ന് മടങ്ങുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമല്ലെന്ന് നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതേ മാതൃകയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്കും ഒരാഴ്ച്ച വരെയുള്ള ഹ്രസ്വസന്ദര്‍ശനത്തിന് ക്വാറന്റീന്‍ നിര്‍ബന്ധമില്ല. സംസ്ഥാനത്തിന് പുറത്ത് നിന്നുമെത്തുന്ന സഞ്ചാരികള്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. 7 ദിവസം കഴിഞ്ഞും മടങ്ങുന്നില്ലെങ്കില്‍, ടൂറിസ്റ്റുകള്‍ സ്വന്തം ചെലവില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. 7 ദിവസത്തില്‍ കൂടുതല്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊവി‍ഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റുമായി എത്തുകയോ, കേരളത്തില്‍ എത്തിയാല്‍ ഉടന്‍ കൊവിഡ് പരിശോധന നടത്തുകയോ ചെയ്യണം. അതല്ലെങ്കില്‍ ആ സഞ്ചാരികള്‍ 7 ദിവസം ക്വാറന്റൈനില്‍ പോകേണ്ടിവരും.
 
കൊവിഡ് രോഗലക്ഷണങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ടൂറിസ്റ്റുകള്‍ യാത്ര ചെയ്യാന്‍ പാടില്ലെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാസ്ക് നിര്‍ബന്ധമായും ധരിക്കുകയും, സാനിട്ടൈസര്‍ ഉപയോഗിക്കുകയും, രണ്ട് മീറ്റര്‍ സാമൂഹിക അകലം മറ്റുള്ളവരില്‍ നിന്നും പാലിക്കുകയും വേണം. വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശന വേളയില്‍ കൊവിഡ് രോഗബാധ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ദിശയില്‍ ബന്ധപ്പെട്ട് ആരോഗ്യപ്രവര്‍ത്തകരുടെ സേവനം തേടേണ്ടതാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഐസോലേഷനില്‍ പോകേണ്ടതുമാണ്.
 
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും പുലര്‍ത്തേണ്ട കൊവിഡ് മുന്‍കരുതലുകളും, നിയന്ത്രണങ്ങളും ഉത്തരവിലുണ്ട്. സഞ്ചാരികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും, കൈകള്‍ സോപ്പിട്ട് കഴുകുന്നതിനും, ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റ് എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നതിനുള്ള സംവിധാനം ടൂറിസ്റ്റ് കേന്ദ്രങ്ങളിലും, ഹോട്ടലുകളിലും ഉണ്ടാകണം. നടപ്പാതകളും, കൈവരികളും, ഇരിപ്പിടങ്ങളുമെല്ലാം സാനിട്ടൈസര്‍ സ്പ്രേ ഉപയോഗിച്ച് അണുവിമുക്തമാക്കണം. ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവരുടെ പേരും വിശദവിവരങ്ങളും രേഖപ്പെടുത്തണം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനുള്ള ചുമതല ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും, ഡിടിപിസി സെക്രട്ടറിമാര്‍ക്കുമായിരിക്കും. നിശ്ചിത ഇടവേളകളില്‍ ടൂറിസം കേന്ദ്രങ്ങള്‍ ശുചീകരിക്കുകയും, അണുവിമുക്തമാക്കുകയും ചെയ്യണം.
 
ഹോട്ടല്‍ ബുക്കിംഗും, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റെടുക്കുന്നതും  ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാകണമെന്ന നിര്‍ദ്ദേശവും ഉത്തരവിലുണ്ട്. ആയുര്‍വേദ കേന്ദ്രങ്ങളിലും സംസ്ഥാന സര്‍ക്കാരിന്‍റെ കൊവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. 
 
 
താരതമ്യേന കൊവിഡ് അതിജീവനത്തിലും, പ്രതിരോധത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിലേക്ക് രാജ്യത്തിനകത്ത് നിന്നുള്ള  വിനോദസഞ്ചാരികള്‍ക്ക് ധൈര്യത്തോടെ വരുന്നതിനും, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനും വൈമുഖ്യമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിനോദ സഞ്ചാരികളുടെയും, വിനോദസഞ്ചാര മേഖലയെ ആശ്രയിക്കുന്ന ലക്ഷക്കണക്കിനാളുകളുടെയും നിരന്തര ആവശ്യം കൂടി പരിഗണിച്ചാണ് കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *