മുട്ടിൽ മരം മുറി. സമഗ്ര അന്വേഷണം വേണം. ലീഗ്


Ad
കല്‍പ്പറ്റ: മുട്ടില്‍ വില്ലേജിലെ മരം മുറിയുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്നും, രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ട് പുറത്തു കൊണ്ടുവരണമെന്നും മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികളുടെയും, മണ്ഡലം പ്രസിഡണ്ട്, സെക്രട്ടറിമാരുടെയും യോഗം ആവശ്യപ്പെട്ടു. മരം കൊള്ളയില്‍ ഭരണകക്ഷി നേതാക്കളുള്‍പ്പടെയുള്ളവരുടെ പങ്കും, ഇതോടൊപ്പം മരം മാഫിയക്ക് അനുകൂലമായ ഉത്തരവ് വരാനുള്ള സാഹചര്യത്തെക്കുറിച്ചും അന്വേഷണം വേണം. പ്രശ്‌നവുമായി ബന്ധപ്പെട്ട് റവന്യൂ, പൊലീസ്, വനം, നിയമ വകുപ്പ് ഉള്‍പ്പെടെ നടത്തുന്ന ഒത്തുകളിയുടെ നിജസ്ഥിതി പുറത്തു വരണമെന്ന് യോഗം ആവശ്യപ്പെട്ടു. ആദിവാസികളെയും, ഭൂ ഉടമകളെയും പ്രതികളാക്കി മരം മുറിക്ക് കൂട്ടുനിന്നവരെ രക്ഷിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
രണ്ടാം പിണറായി സര്‍ക്കാറിന്റെ പ്രഥമ ബജറ്റില്‍ വയനാട്ടിലെ പൂര്‍ണ്ണമായും അവഗണിച്ചതായി യോഗം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രഖ്യാപിച്ച വയനാട് ഗവ.മെഡിക്കല്‍ കോളജ് പൂര്‍ണ്ണാര്‍ത്ഥത്തില്‍ യഥാര്‍ത്ഥ്യമാക്കാന്‍ ആവശ്യമായ പ്രഖ്യാപനങ്ങളൊന്നും ബജറ്റിലുണ്ടായില്ല. ജില്ലയിലെ കര്‍ഷകരുടെയും, തോട്ടം മേഖലയിലെയും, വന്യജീവി ശല്യവും പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ പ്രഖ്യാപനങ്ങളുമില്ല. തെരഞ്ഞെടുപ്പ് സമയത്ത് മന്ത്രിമാരും, എല്‍.ഡി.എഫ് നേതാക്കളും ജില്ലയില്‍ വലിയ പ്രഖ്യാപനങ്ങളാണ് നടത്തിയിരുന്നത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച 7000 കോടിയുടെ പാക്കേജ് പോലും ബജറ്റില്‍ പരാമര്‍ശിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയില്‍ എല്ലാ മേഖലയിലും ജനങ്ങള്‍ വന്‍ പ്രതിസന്ധിയിലാണ്. ഓട്ടോടാക്‌സി തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, ചുമട്ട് തൊഴിലാളികള്‍, ബാര്‍ബര്‍പീടിക തൊഴിലാളികള്‍ തുടങ്ങി വിവിധ മേഖലകളിലെ ആയിരകണക്കിന് ആളുകള്‍ കോവിഡ് മൂലം ദുരിതത്തിലാണ് ജീവിക്കുന്നത്. കോവിഡില്‍ പ്രതിസന്ധിയിലായ ജനവിഭാഗങ്ങളെ സഹായിക്കാനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് പി.പി.എ കരീം അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. എം.എ മുഹമ്മദ് ജമാല്‍, പി.കെ അബൂബക്കര്‍, കെ.സി മായന്‍ ഹാജി, എന്‍.കെ റഷീദ്, ടി മുഹമ്മദ്, സി മൊയ്തീന്‍കുട്ടി, പടയന്‍ മുഹമ്മദ്, യഹ്‌യഖാന്‍ തലക്കല്‍, കെ നൂറുദ്ദീന്‍, റസാഖ് കല്‍പ്പറ്റ, പി.പി അയ്യൂബ്, കെ അമ്മദ് മാസ്റ്റര്‍, ടി ഹംസ, എം.എ അസൈനാര്‍, പി.കെ അസ്മത്ത്, എം.പി നവാസ്, സി.കെ ഹാരിഫ് ചര്‍ച്ചയില്‍ പങ്കെടുത്തു. എം മുഹമ്മദ് ബഷീര്‍ നന്ദി പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *