പ്രണയാർദ്ര ഗാനങ്ങളുടെ ശിൽപി പൂവച്ചൽ ഖാദർ അന്തരിച്ചു


Ad
മലയാളം ഹൃദയത്തിലേറ്റിയ പ്രണയാര്‍ദ്ര ഗാനങ്ങളുടെ ശില്‍പി പൂവച്ചല്‍ ഖാദര്‍ (72) അന്തരിച്ചു. കോവിഡ് ബാധയെത്തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം രാത്രി 12.15ന് ആയിരുന്നു. സംസ്‌കാരം ഇന്നു പൂവച്ചല്‍ ജുമാ മസ്ജിദില്‍.
മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതി. ‘നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍…’ (ചാമരം), ‘ഏതോ ജന്മ കല്‍പനയില്‍…’ (പാളങ്ങള്‍), ‘അനുരാഗിണി ഇതായെന്‍…’ (ഒരു കുടക്കീഴില്‍), ‘ശരറാന്തല്‍ തിരിതാഴും…’ (കായലും കയറും) തുടങ്ങിയവയടക്കം ഖാദറിന്റെ ഗാനങ്ങളില്‍ പലതും എക്കാലത്തും മലയാളികള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നവയാണ്. ഖാദറിന്റെ നാടകഗാനങ്ങളും ലളിത ഗാനങ്ങളും മാപ്പിളപ്പാട്ടുകളും മലയാളിയുടെ സംഗീതജീവിതത്തിന്റെ കൂടി ഭാഗമാണ്. പൊതുമരാമത്തു വകുപ്പില്‍ എന്‍ജിനീയറായിരുന്നു. ആമിനയാണ് ഭാര്യ. മക്കള്‍: തുഷാര, പ്രസൂന.മരുമക്കള്‍: സലീം (സഹകരണ വകുപ്പ്), അഹമ്മദ് ഷെറിന്‍ (കേരള യൂണിവേഴ്‌സിറ്റി).
1948 ഡിസംബര്‍ 25 ന് തിരുവനന്തപുരം കാട്ടാക്കടയ്ക്കു സമീപം പൂവച്ചലിലാണ് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ എന്ന പൂവച്ചല്‍ ഖാദറിന്റെ ജനനം. പിതാവ് അബൂബക്കര്‍. മാതാവ് റാബിയത്തുല്‍ അദബിയ ബീവി. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തൃശൂരിലെ വലപ്പാട് പോളിടെക്‌നിക്കില്‍നിന്ന് എന്‍ജിനീയറിങ് ഡിപ്ലോമ നേടി. തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍നിന്ന് എഎംഐഇ പാസായി.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ കയ്യെഴുത്തുമാസികയില്‍ കവിതയെഴുതിയാണ് തുടക്കം. കോളജ് കാലത്ത് മലയാള രാജ്യത്തിലും കുങ്കുമത്തിലും മറ്റും കവിത അച്ചടിച്ചുവന്നു. കോഴിക്കോട്ട് ജോലി ചെയ്യുന്നതിനിടെ ‘കവിത’ എന്ന സിനിമയ്ക്കു പാട്ടെഴുതി 1972 ലാണ് ചലച്ചിത്രഗാനരചനയിലേക്കു കടന്നത്. മലയാള സിനിമയിലെ എക്കാലത്തെയും ശ്രദ്ധേയ ചിത്രങ്ങളിലടക്കം പാട്ടുകളെഴുതി. ചാമരം, ചൂള, തകര, പാളങ്ങള്‍, ബെല്‍റ്റ് മത്തായി, ശ്രീഅയ്യപ്പനും വാവരും, ആട്ടകലാശം, തമ്മില്‍ തമ്മില്‍, സന്ദര്‍ഭം, കായലും കയറും, താളവട്ടം, ദശരഥം തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. എഴുപതുകളുടെ രണ്ടാംപകുതിയിലും എണ്‍പതുകളിലും മലയാള സിനിമാഗാനരംഗത്തു നിറ!ഞ്ഞുനിന്ന ഖാദര്‍ കെ.ജി. ജോര്‍ജ്, പി.എന്‍. മേനോന്‍, ഐ.വി. ശശി. ഭരതന്‍, പത്മരാജന്‍ തുടങ്ങി മലയാളത്തിലെ പ്രമുഖ സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചു.
‘മൗനമേ നിറയും മൗനമേ…’ (തകര), ‘സിന്ദൂര സന്ധ്യയ്ക്ക് മൗനം…’ (ചൂള), ‘രാജീവം വിടരും നിന്‍ മിഴികള്‍…’ (ബെല്‍റ്റ് മത്തായി), ‘മഴവില്ലിന്‍ അജ്ഞാതവാസം കഴിഞ്ഞു…’ (കാറ്റുവിതച്ചവന്‍), ‘നാണമാവുന്നു മേനി നോവുന്നു…’ (ആട്ടക്കലാശം), ‘എന്റെ ജന്മം നീയെടുത്തു…'(ഇതാ ഒരു ധിക്കാരി), ‘ഇത്തിരി നാണം പെണ്ണിന് കവിളില്‍…’ (തമ്മില്‍ തമ്മില്‍), ‘ചിത്തിരത്തോണിയില്‍ അക്കരെപ്പോകാന്‍…’ (കായലും കയറും), ‘നീയെന്റെ പ്രാര്‍ഥനകേട്ടു…’ (കാറ്റു വിതച്ചവന്‍), ‘കിളിയേ കിളിയേ…’ (ആ രാത്രി), ‘പൂമാനമേ ഒരു രാഗമേഘം താ…’ (നിറക്കൂട്ട്), ‘കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ….’ (താളവട്ടം), ‘മന്ദാരച്ചെപ്പുണ്ടോ മണിക്യക്കല്ലുണ്ടോ….’ (ദശരഥം) തുടങ്ങിയവ പൂവച്ചലിന്റെ ഹിറ്റുകളില്‍ ചിലതുമാത്രമാണ്.
നാടകസമിതികള്‍ക്കു വേണ്ടി പൂവച്ചലൊരുക്കിയ പാട്ടുകള്‍ക്ക് ഈണമിട്ടത് ബാബുരാജ്, കണ്ണൂര്‍ രാജന്‍, രവീന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയവരാണ്. ‘പഞ്ചമി പോലൊരു സുന്ദരിപക്ഷി…’, ‘കര തേടി ഒഴുകുന്നു കളിയോടവും…’, ‘ദുഃഖങ്ങളേ നിങ്ങളുറങ്ങൂ…’ തുടങ്ങിയ നാടകഗാനങ്ങളെല്ലാം എന്നും സംഗീതാസ്വാദകരുടെ ഓര്‍മയിലുണ്ടാകും.
കോഴിക്കോട് ആകാശവാണിയില്‍ അദ്ദേഹം എഴുതിയ ലളിതഗാനങ്ങള്‍ക്കും ധാരാളം ആസ്വാദകരുണ്ടായി. ‘നിറകതിര്‍ താലം കൊണ്ട് നിലാവിറങ്ങി…’, ‘പാടാത്ത പാട്ടിന്‍ മധുരം എന്റെ മാനസമിന്നു നുകര്‍ന്നു…’, ‘രാമായണക്കിളി ശാരികപ്പൈങ്കിളി…’, ‘ജയദേവകവിയുടെ ഗീതികള്‍ കേട്ടെന്റെ…’, ‘പഥികന്‍ പാടുന്നു പഥികന്‍ പാടുന്നു…’ തുടങ്ങി ഇതിലെ ചില പാട്ടുകള്‍ മലയാളികള്‍ ഏറ്റുപാടിയവയാണ്. ‘തളിരിട്ട മരം ചാടി കതിരിട്ട മിഴിയുമായ്…’, ‘കസവിന്‍ തട്ടം ചൂടി കരിമിഴിമുനകള്‍ നീട്ടി…’ എന്നിവയടക്കം പ്രശസ്തങ്ങളായ നിരവധി മാപ്പിളപ്പാട്ടുകളും ഖാദറിന്റേതായുണ്ട്. കളിവീണ, പാടുവാന്‍ പഠിക്കുവാന്‍ (കവിതാ സമാഹാരം), ചിത്തിരത്തോണി (ചലച്ചിത്രഗാനസമാഹാരം) എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം എന്നിവ ലഭിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *