April 26, 2024

മടാപ്പറമ്പ് വനഗ്രാമത്തിൽ വൈദ്യുത ശ്മശാനം;പുൽപ്പള്ളി പഞ്ചായത്തിന്റെ നീക്കത്തിൽ പ്രതിഷേധം ശക്തം

0
D608dfc4 B863 45ed 8dae 7d50c45d1e7b.jpg
പുൽപ്പള്ളി: മലാപ്പറമ്പ് വനഗ്രാമത്തിൽ വൈദ്യുത ശ്മശാനം സ്ഥാപിക്കാനുള്ള പുൽപ്പള്ളി പഞ്ചായത്തിന്റെ നീക്കത്തിൽ പ്രതിഷേധം ശക്തം. വൈദ്യുത ശ്മശാനത്തിനെതിരെ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു രംഗത്തുവരാനുള്ള ഒരുക്കത്തിലാണ് ഗ്രാമവാസികൾ. പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് വനത്താൽ ചുറ്റപ്പെട്ട മലാപ്പറമ്പ് ഗ്രാമം. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിലാണ് ഈ സ്ഥലം. പുൽപ്പള്ളിയിൽ നിന്നും നാലര കിലോമീറ്ററാണ് ദൂരം. പട്ടികവർഗത്തിലെ പണിയ, കാട്ടുനായക്ക വിഭാഗങ്ങളിൽപ്പെട്ട 50 ഓളവും പൊതു വിഭാഗത്തിൽപ്പെട്ട 12 ഉം കുടുംബങ്ങളാണ് ഗ്രാമത്തിൽ.വയലും കരയും അടക്കം 90 ഏക്കറോളം ഭൂമിയാണ് കുടുംബങ്ങളുടെ 
കൈവശം.പട്ടയഭൂമിയും വനം ലീസ് ഭൂമിയും ഇതിൽ ഉൾപ്പെടും. കൃഷിയും അനുബന്ധ തൊഴിലുകളുമാണ് ഗ്രാമീണരുടെ മുഖ്യ ഉപജീവനമാർഗം. മടാപ്പറമ്പിൽ 62 സെന്റ് സ്ഥലം കഴിഞ്ഞ മാർച്ചിൽ പഞ്ചായത്ത് വിലയ്ക്ക വാങ്ങിയിരുന്നു. പുൽപ്പള്ളിയിലേക്കു താമസം മാറ്റിയ പൊതുവിഭാഗത്തിൽപ്പെട്ട വ്യക്തിയാണ് പഞ്ചായത്തിനു സ്ഥലം വിറ്റത്. ഈ ഇടപാടും വൈദ്യുത ശ്മശാനം നിർമിക്കാനുള്ള പഞ്ചായത്ത് തിരുമാനവും ഗ്രാമവാസികൾ അറിഞ്ഞിരുന്നില്ല. ചുറ്റുമതിൽ നിർമിക്കുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തിയപ്പോഴാണ് ഗ്രാമീണർ കഥയറിഞ്ഞത്. ആദിവാസി വീടുകളോടും കാവിനോടും ചേർന്നുകിടക്കുന്നതാണ് പഞ്ചായത്ത് വാങ്ങിയ ഭൂമി. സംസ്ഥാനാവിഷ്കൃത സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രദേശമാണ് മലാപ്പറമ്പ്. കുടുംബങ്ങളെ വനത്തിനു പുറത്തേക്കു മാറ്റുന്നതിനു നടപടികൾ പുരോഗതിയിലാണ്. പൊതുവിഭാഗത്തിൽപ്പെട്ടതിൽ ഒരേക്കറിൽ താഴെ ഭൂമിയുള്ള കുടുംബങ്ങൾ വനത്തിൽനിന്നു മാറുന്നതിനു സമ്മതപത്രം വനം വകുപ്പിനു നൽകിയിട്ടുണ്ട്. 
കൈവശഭൂമിയുടെ അളവിനനുസരിച്ചു തുക ലഭിച്ചാലേ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയുമായി സഹകരിക്കൂ എന്ന നിലപാടിലാണ് കൂടുതൽ ഭൂമിയുള്ള കുടുംബങ്ങൾ. സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ പട്ടികവർഗ കുടുംബങ്ങളെ ഉൾപ്പെടുത്താനാണ് വനം വകുപ്പിന്റെ പദ്ധതി. മടാപ്പറമ്പിൽ ശ്മശാനത്തിനായി പഞ്ചായത്ത് ഭൂമി വാങ്ങിയതിൽ അനൗചിത്യമുണ്ടെന്നു ഗ്രാമവാസികൾ പറയുന്നു. നിലവിൽ വേലിയമ്പത്തിനടുത്ത് ചുള്ളിക്കാടിൽ പഞ്ചായത്തിനു പൊതുശ്മശാനമുണ്ട്. ഇവിടെ വൈദ്യുത ശ്മശാന നിർമാണത്തിനു സ്ഥലസൗകര്യമുണ്ട്. എന്നിരിക്കെ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി പ്രാവർത്തികമാകുന്ന മുറയ്ക്ക് വനം വകുപ്പിന്റെ അധീനതയിലാകുന്ന ഭൂമിയിൽ വൈദ്യുത ശ്മശാനം നിർമിക്കാനുള്ള നീക്കത്തിൽ നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്ന സംശയത്തിലാണ് ഗ്രാമീണർ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *