May 4, 2024

ഐ എന്‍ ടി യു സി ഐ ടി സെല്‍ ക്യാംപ് ശനിയാഴ്ച മുതല്‍ വയനാട്ടില്‍

0
കല്‍പ്പറ്റ: സംസ്ഥാനത്തെ ഐ എന്‍ ടി യു സി പ്രവര്‍ത്തകരെ വിവര സാങ്കേതിക വിനിമയരംഗത്ത് സജീവമാക്കുവാനായി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തിന്റെ മൂന്ന് ദിവസത്തെ ക്യാംപ് ഡോ. സ്വാമിനാഥന്‍ ഫൗണ്ടേഷനില്‍ നടക്കുമെന്ന് ജില്ലാപ്രസിഡന്റ് പി പി ആലി അറിയിച്ചു. ജൂണ്‍ 29ന് ഉച്ചക്ക് രണ്ട് മണിക്ക് ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ആരംഭിക്കുന്ന ക്യാംപ് ദേശീയ ഉപാധ്യക്ഷന്‍ ഡോ. എം രാഘവയ്യ ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാംപ് ജൂലൈ ഒന്നിന് സമാപിക്കും. വ്യവസായ വാണിജ്യ സാമ്പത്തിക തൊഴില്‍മേഖലകളില്‍ ദിനംപ്രതിയുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് തൊഴിലാളികളുടെ അവകാശ സംരക്ഷണവും വ്യവസായ നിലനില്‍പ്പും ഉറപ്പുവരുത്താന്‍ തൊഴിലാളികളെ സജ്ജരാക്കുകയാണ് ക്യാംപിന്റെ ലക്ഷ്യം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി കഠിനപ്രയത്‌നം നടത്തുകയും നവഭാരത സൃഷ്ടിക്കായി അടിത്തറയിട്ട മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി എന്നീ നേതാക്കളെ തമസ്‌ക്കരിക്കുന്നതിനും, രാജ്യത്ത് ഇന്ന് കാണുന്ന എല്ലാ നേട്ടങ്ങളും തങ്ങളുടേതാക്കി മാറ്റുവാന്‍ ശ്രമിക്കുന്ന നരേന്ദ്രമോദിയുടെയും, ബി ജെ പിയുടെയും ശ്രമങ്ങള്‍ക്കെതിരെ തൊഴിലാളികളുടെ പ്രതിരോധ നിര തീര്‍ക്കാനും ഈ ക്യാംപ് ലക്ഷ്യമിടുന്നു. ജനങ്ങളുടെ ജീവിതപ്രശ്‌നത്തേക്കാള്‍ ഉപരി ജാതി-മത-വര്‍ഗീയത മാത്രമാണ് രാജ്യത്തിന് ആവശ്യമെന്ന് വരുത്തിതീര്‍ക്കുന്ന ജനാധിപത്യ മതേതര വിരുദ്ധ നിലപാടുകള്‍ രാജ്യത്ത് സൃഷ്ടിക്കുന്ന അരാജകത്വം സമൂഹമാധ്യമങ്ങളിലൂടെ ബോധ്യപ്പെടുത്താനുള്ള നടപടികള്‍ ഈ ക്യാംപില്‍ രൂപം നല്‍കും. നിലവിലെ 44-ഓളം തൊഴില്‍നിയമങ്ങള്‍ നാല് ലേബര്‍ കോഡുകളാക്കി മാറ്റി തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും നിഷേധിക്കുന്നതോടൊപ്പം രാജ്യത്തെ എല്ലാ തൊഴില്‍നിയമങ്ങളുടെയും സൃഷ്ടാക്കള്‍ തങ്ങളാണെന്ന് വരുംകാല ചരിത്രത്തില്‍ രേഖപ്പെടുത്താനുള്ള ബോധപൂര്‍വമായ നടപടികളും നിലവിലെ ഭരണകൂടം സ്വീകരിക്കുമ്പോള്‍ ആധുനിക വിവര സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ അതിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഈ ക്യാംപ് വേദിയാകും. ജി. രാമാനുജം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലേബര്‍ സ്റ്റഡീസ് സംഘടിപ്പിക്കുന്ന ഈ ക്യാംപില്‍ വി കെ എന്‍ പണിക്കര്‍, കംപ്യൂട്ടര്‍ സോഷ്യല്‍ മീഡിയ വിദഗ്ധരായ എന്‍ വിനയകുമാര്‍ നായര്‍, വി ജെ ജോസഫ്, ഷാജി, രാജേഷ്, പ്രദീപ് എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ക്യാംപുകള്‍ നയിക്കും. വെബ്‌സൈറ്റ്, ജിമെയില്‍, ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്, എസ് എം എസ് തുടങ്ങിയ രംഗങ്ങളില്‍ ശാസ്ത്രീയ അറിവ് സൃഷ്ടിക്കുക എന്നതാണ് ക്യാംപിന്റെ ലക്ഷ്യം. 300-ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ ക്യാംപ് ദേശീയതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നായിരിക്കുമെന്നും പി പി ആലി വ്യക്തമാക്കി. 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *