April 26, 2024

തൊഴിൽ നിയമങ്ങൾ കൂട്ടി കുഴച്ച മോദി സര്‍ക്കാരിന്റെ നീക്കം ചരിത്രത്തോടുള്ള അവഹേളനമാണെന്ന് ആര്‍ ചന്ദ്രശേഖരന്‍

0
Img 20190701 Wa0269.jpg
കല്‍പ്പറ്റ:  പതിറ്റാണ്ടുകളായി  നിലവിലുണ്ടായിരുന്ന  44 തൊഴില്‍നിയമങ്ങളെല്ലാം കൂട്ടിക്കുഴച്ച് നാല് നിയമങ്ങളാക്കി നടപ്പിലാക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം ചരിത്രത്തോടുള്ള അവഹേളനമാണെന്ന് ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍.  കല്‍പ്പറ്റയില്‍ മൂന്ന് ദിവസമായി നടന്നുവന്ന ഐ എന്‍ ടി യു സി സംസ്ഥാന ഐ ടി സെല്‍ ക്യാംപിനോട് അനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിയില്‍ തൊഴില്‍നിയമം കൊണ്ടുവന്നത് മോദി സര്‍ക്കാരാണെന്ന് വരുത്തിതീര്‍ക്കാനുള്ള ഗൂഢശ്രമവും ബി ജെ പിയുടെ രാഷ്ട്രീയതന്ത്രവുമാണിത്. ഭരണഘടനയെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. സംഘടനകള്‍ രൂപീകരിക്കാനും പോരാടാനുമുള്ള തൊഴിലാളികളുടെ അവകാശങ്ങളെ ഇല്ലാതാക്കുകയാണ് ഇത്തരം നിയമങ്ങള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. ഇന്ദിരാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും കൊണ്ടുവന്ന തൊഴിലാളികള്‍ക്കനുകൂലമായ നിയമങ്ങളെ കാറ്റില്‍ പറത്താനാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ഭരണഘടനയുടെ 44ാം അനുഛേദത്തില്‍ പറയുന്നത് തൊഴിലാളികള്‍ക്ക് ജീവിക്കാനാവശ്യമായ വേതനം വേണമെന്നാണ്.  ഐ എന്‍ ടി യു സി ആവശ്യപ്പെടുന്നത് തൊഴിലാളികളുടെ ഒരു ദിവസത്തെ മിനിമം വേതനം 600 രൂപയാക്കി മാസം 18000 രൂപ ലഭിക്കണമെന്നതാണ്. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. ഇടതുസര്‍ക്കാര്‍ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നെങ്കിലും മുന്ന് വര്‍ഷം കഴിഞ്ഞിട്ടും നടപ്പില്‍ വരുത്താന്‍ തയ്യാറായിട്ടില്ല. തോട്ടം മേഖലയിലെ തൊഴിലാളികളുടെ ജീവിതം ദാരിദ്ര്യം നിറഞ്ഞതായി മാറിക്കഴിഞ്ഞു. തേയില നുള്ളുന്നവര്‍ക്ക് പണമില്ല. എന്നാല്‍ തേയിലയില്‍ നിന്നും മൂല്യവര്‍ധിത ഉല്പന്നങ്ങളുണ്ടാക്കി ഉടമകള്‍ കൊള്ളലാഭം കൊയ്യുകയാണ്. തൊഴിലാളിമേഖലയിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഭരണകൂടങ്ങള്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍വമേഖലയിലെ തൊഴിലാളികളും രാജ്യപുരോഗതിക്കായി ജോലി ചെയ്യുന്നവരാണ്. എന്നാല്‍ തൊഴിലാളികള്‍ക്ക് സംരക്ഷണം വേണ്ടന്ന തീരുമാനമാണ് മോദി കൈക്കൊള്ളുന്നത്. റെയില്‍വെയുടെ ഓരോ മേഖലയും സ്വകാര്യവത്ക്കരിച്ചുകൊണ്ടിരിക്കുകയാണ്. റെയില്‍വെയില്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കിയാല്‍ രാജ്യവ്യാപകപ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് ഐ എന്‍ ടി യു സി ദേശീയ വൈസ് പ്രസിഡന്റ് വയനാട്ടില്‍ വെച്ച് പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. എയര്‍ ഇന്ത്യ വില്‍ക്കാന്‍ പോകുകയാണ്. പ്രതിരോധമേഖലയിലെ ആയുധങ്ങളടക്കമുള്ള കാര്യങ്ങള്‍ക്ക് അന്തര്‍ദേശീയ സ്ഥാപനങ്ങളെ ഏല്‍പ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇതൊന്നും അംഗീകരിക്കാനാവില്ല. വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള കമ്പോളവത്ക്കരണ രാഷ്ട്രീയമാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത്. ഇന്ത്യയിലെയും ലോകത്തെയും ഏറ്റവും വലിയ സംഘടനയായ, 36.33 കോടി അംഗങ്ങളുള്ള ഐ എന്‍ ടി യു സി ഇത്തരം തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലാളി സംഘടനയെന്ന രീതിയില്‍ ഐ എന്‍ ടി യു സിയുടെ പ്രവര്‍ത്തകരെ മാറിവരുന്ന സാഹചര്യങ്ങളെ കുറിച്ച് ബോധവാന്മാരാക്കുന്നതിനാണ് വയനാട്ടില്‍ വെച്ച് മൂന്ന് ദിവസത്തെ സംസ്ഥാന ഐ ടി സെല്‍ ക്യാംപ് സംഘടിപ്പിച്ചതെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള വനിതകളടക്കമുള്ള 250 പേരെ തിരഞ്ഞെടുത്ത് സോഷ്യല്‍മീഡിയയുടെ ഉപയോഗമടക്കമുള്ള കാര്യങ്ങളില്‍ ബോധവത്ക്കരണം നല്‍കാനായിരുന്നു ക്യാംപ് കൊണ്ട് ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു. 2020-ല്‍ നടക്കാന്‍ പോകുന്ന ഐ എന്‍ ടി യു സിയുടെ മൂന്നാമത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സംസ്ഥാനകമ്മിറ്റിയും ഇതോടൊപ്പം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐ എന്‍ ടി യു സി ജില്ലാപ്രസിഡന്റ് പി പി ആലി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ അനില്‍കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *